മഴ,ജാഗ്രത, ഇതെല്ലാം ജനങ്ങള്‍ അറിയാന്‍ തുടങ്ങിയിട്ട് 150 വര്‍ഷം; ആഘോഷിക്കാന്‍ ഒരുങ്ങി ഐ.എം.ഡി

മഴ,ജാഗ്രത, ഇതെല്ലാം ജനങ്ങള്‍ അറിയാന്‍ തുടങ്ങിയിട്ട് 150 വര്‍ഷം; ആഘോഷിക്കാന്‍ ഒരുങ്ങി ഐ.എം.ഡി

കനത്ത മഴ, വിവിധ അലര്‍ട്ടുകള്‍ കാലാവസ്ഥാവ്യതിയാനം തുടങ്ങി കാലാവസ്ഥ സംബന്ധമായ എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിച്ചു തുടങ്ങിയ ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന് (ഐ.എം.ഡി) 150ാം പിറന്നാള്‍. ജനുവരി 15ന് 150ാം പിറന്നാള്‍ ആഘോഷിക്കുന്ന ഐ.എം.ഡി ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ആഗോള കാലാവസ്ഥാ ഏജന്‍സികളുടെ കൂട്ടത്തിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന് നിര്‍ണായക സ്ഥാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ശാസ്ത്ര വകുപ്പും കാലാവസ്ഥാ വകുപ്പാണ്. 1875 ജനുവരി 15 ന് കൊല്‍ക്കത്ത ആസ്ഥാനമായാണ് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം തുടക്കം കുറിച്ചത്. 2025 ജനുവരി 15 ന് 150 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായ ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് ജനുവരി 15 ന് തുടക്കമാകുന്നത്.

കേരളത്തില്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ തുടക്കം ഇങ്ങനെ

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ 1836 ലാണ് തിരുവനന്തപുരം നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. 1837 ല്‍ അന്നത്തെ തിരുവിതാംകൂര്‍ വ്യാപാര പ്രതിനിധിയായിരുന്ന ജോണ്‍ കാല്‍ഡെകോട്ട് സ്ഥാപക മേധാവിയായി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. ബഹിരാകാശ/ അന്തരീക്ഷ വിജ്ഞാനീയ നിരീക്ഷണങ്ങള്‍ക്ക് അനുയുക്തമായ രീതിയിലാണ് ഈ സ്ഥാപനം രൂപകല്‍പ്പന ചെയ്തിരുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നിരീക്ഷണാലയം തിരുവനന്തപുരത്തേതാണ്. 1852 മുതല്‍ 1865 വരെ നിരീക്ഷണാലയത്തിന്റെ മേധാവിയായിരുന്ന സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ അലന്‍ ബ്രൗണ്‍, എഫ്.ആര്‍.എസ്, ഭൗമ കാന്തികതയെ പറ്റി പഠിക്കുന്നതിനായി നിരീക്ഷണങ്ങള്‍ ആരംഭിച്ചു.

ഈ സ്ഥാപനത്തില്‍ നിന്നാണ് 1853 ല്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രൂപപ്പെട്ടത്. പിന്നീട് 1927 ല്‍ ഈ നിരീക്ഷണാലയം, കാലാവസ്ഥാ/അന്തരീക്ഷ വൈജ്ഞാനിക വിഭാഗം, ബഹിരാകാശ പഠന വിഭാഗം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയുണ്ടായി. ഇതേ വര്‍ഷം തന്നെ, സര്‍ക്കാര്‍ കാലാവസ്ഥാ പഠന വിഭാഗത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായി അംഗീകരിച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം നിരീക്ഷണാലയത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍, പൂനെ കേന്ദ്രത്തിലേക്ക് കാലാവസ്ഥാ പ്രവചനത്തിനായി അയച്ചു കൊടുക്കുവാന്‍ തുടങ്ങി.

1928 മുതല്‍ കാറ്റിന്റെ വേഗതയും ദിശയും അളക്കുന്നതിനായി പൈലറ്റ് ബലൂണുകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. 1951 ല്‍ കാലാവസ്ഥാ പഠന വിഭാഗത്തെ ഭാരത സര്‍ക്കാര്‍ ഏറ്റെടുത്തു. 1956 മുതലാണ് റേഡിയോ തരംഗ ദൈര്‍ഘ്യമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരിശോധനായന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്. അവയുപയോഗിച്ച് കാലാവസ്ഥാ പ്രവചനം ആരംഭിച്ചത് 1963 ലാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം എന്ന പദവിയിലേക്ക് നിരീക്ഷണാലയത്തെ 1973 ലാണ് ഉയര്‍ത്തിയത്.

ഇന്ത്യന്‍ കാലാവസ്ഥാ ശാസ്ത്രത്തിന്റെ തുടക്കം

ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രത്തിന്റെ തുടക്കം പുരാതന കാലത്താണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഉള്ളത് ഇന്ത്യയുടെ ഭാഗ്യമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അത്തരം നിരവധി സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഉദാഹരണത്തിന് 1785ല്‍ കല്‍ക്കട്ടയിലും 1796ല്‍ മദ്രാസിലും (ഇപ്പോള്‍ ചെന്നൈ). ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ 1784ല്‍ കല്‍ക്കട്ടയിലും 1804ല്‍ ബോംബെയിലും (ഇപ്പോള്‍ മുംബൈ) സ്ഥാപിതമായി ഇന്ത്യയില്‍ കാലാവസ്ഥാ ശാസ്ത്രത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ പ്രോത്സാഹിപ്പിച്ചു.

ചുഴലിക്കാറ്റ് വന്ന കഥ

കല്‍ക്കട്ടയിലെ ക്യാപ്റ്റന്‍ ഹാരി പിഡിംഗ്ടണ്‍ 1835- 1855 കാലഘട്ടത്തില്‍ ഏഷ്യാറ്റിക് സൊസൈറ്റി ജേണലില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് 40 പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും പാമ്പിന്റെ ചുരുള്‍ എന്നര്‍ഥമുള്ള ‘സൈക്ലോണ്‍’ എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തു. 1875ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇന്ത്യ കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ചു. രാജ്യത്തെ എല്ലാ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളും ഒരു കേന്ദ്ര അതോറിറ്റിയുടെ കീഴിലാക്കി. മിസ്റ്റര്‍ എച്ച്.എഫ് ബ്ലാന്‍ഫോര്‍ഡിനെ ഇന്ത്യാ ഗവണ്‍മെന്റിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടറായി നിയമിച്ചു.

1889 മെയ് മാസത്തില്‍ കൊല്‍ക്കത്ത ആസ്ഥാനത്ത് നിയമിതനായ സര്‍ ജോണ്‍ എലിയറ്റാണ് ഒബ്‌സര്‍വേറ്ററികളുടെ ആദ്യ ഡയരക്ടര്‍ ജനറല്‍. ഐ.എം.ഡിയുടെ ആസ്ഥാനം പിന്നീട് ഷിംലയിലേക്കും പിന്നീട് പൂനയിലേക്കും (ഇപ്പോള്‍ പൂനെ) ഒടുവില്‍ ന്യൂഡല്‍ഹിയിലേക്കും മാറ്റി. 1875ലെ ഒരു മിതമായ തുടക്കം മുതല്‍ കാലാവസ്ഥാ നിരീക്ഷണങ്ങള്‍, ആശയവിനിമയങ്ങള്‍, പ്രവചനങ്ങള്‍, കാലാവസ്ഥാ സേവനങ്ങള്‍ എന്നിവയ്ക്കായി IMD അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമാനുഗതമായി വിപുലീകരിക്കുകയും സമാന്തരമായ ഒരു ശാസ്ത്രീയ വളര്‍ച്ച കൈവരിക്കുകയും ചെയ്തു.

ടെലഗ്രാഫ് യുഗത്തിലെ കാലാവസ്ഥ പ്രവചനം

ഐഎംഡി എല്ലായ്‌പ്പോഴും സമകാലിക സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ടെലിഗ്രാഫ് യുഗത്തില്‍, നിരീക്ഷണ വിവരങ്ങള്‍ ശേഖരിക്കുന്നതിനും മുന്നറിയിപ്പുകള്‍ അയയ്ക്കുന്നതിനും കാലാവസ്ഥാ ടെലിഗ്രാമുകള്‍ അത് വിപുലമായി ഉപയോഗിച്ചു. പിന്നീട് ഐ.എം.ഡി അതിന്റെ ആഗോള ഡാറ്റാ എക്‌സ്‌ചേഞ്ചിനെ പിന്തുണയ്ക്കുന്നതിനായി ഒരു സ്വിച്ചിംഗ് കമ്പ്യൂട്ടര്‍ ഉള്ള ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമായി മാറി. രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച ഏതാനും ഇലക്ട്രോണിക് കമ്പ്യൂട്ടറുകളിലൊന്ന് കാലാവസ്ഥാ ശാസ്ത്രത്തിലെ ശാസ്ത്രീയ പ്രയോഗങ്ങള്‍ക്കായി ഐ.എം.ഡിക്ക് നല്‍കി. ലോകത്തിന്റെ ഈ ഭാഗത്തെ തുടര്‍ച്ചയായ കാലാവസ്ഥാ നിരീക്ഷണത്തിനും പ്രത്യേകിച്ച് ചുഴലിക്കാറ്റ് മുന്നറിയിപ്പിനുമായി സ്വന്തമായി ഭൂസ്ഥിര ഉപഗ്രഹമായ ഇന്‍സാറ്റ് ഉള്ള ലോകത്തിലെ ആദ്യത്തെ വികസ്വര രാജ്യമാണ് ഇന്ത്യ.

IMD തുടര്‍ച്ചയായി ആപ്ലിക്കേഷന്റെയും സേവനത്തിന്റെയും പുതിയ മേഖലകളിലേക്ക് ചുവടുവയ്ക്കുകയും ഇത് ഒരേസമയം ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രത്തിന്റെയും അന്തരീക്ഷ ശാസ്ത്രത്തിന്റെയും വളര്‍ച്ചയെ പരിപോഷിപ്പിച്ചു. ആധുനിക കാലത്ത് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ ഏജന്‍സികളുടെ ഡാറ്റയെ അടിസ്ഥാനമാക്കി അതിവേഗം കാലാവസ്ഥാ വിവരങ്ങള്‍ ജനങ്ങളിലെത്തിത്തുടങ്ങി. കാലാവസ്ഥാ ശാസ്ത്രം ഔദ്യോഗിക തലത്തില്‍ മാത്രം ഒതുങ്ങാതെ ശാസ്ത്രജ്ഞരും ശാസ്ത്ര കുതുകികള്‍ക്കും പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമുകള്‍ കേരളത്തിലുള്‍പ്പെടെ രംഗത്തുവന്നു. ഇതോടെ കാലാവസ്ഥാ ജനകീയമായി.

അതിസങ്കീര്‍ണമായ ശാസ്ത്രശാഖയാണ് അന്തരീക്ഷശാസ്ത്രം. കേരളത്തിലെ പതിവ് കാലാവസ്ഥയില്‍ മാറ്റംവന്നു പ്രളയവും ചൂടും അടിക്കടി വര്‍ധിച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് അവരുടെ ഭാഷയില്‍ കാലാവസ്ഥ ലളിതമായി വിശദീകരിച്ചു നല്‍കി Metbeat Weather ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും metbeatnews.com ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളും ഇന്ന് സ്വകാര്യ മേഖലയില്‍ രംഗത്തുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment