കാലവർഷം കാസർകോട്ടെത്തിയെന്ന് സ്ഥിരീകരണം, ഇപ്പോൾ കർണാടകയിൽ

കേരളത്തിൽ പൂർണമായും തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വ്യാപിച്ചെന്ന് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) സ്ഥിരീകരിച്ചു. ജൂൺ എട്ടിന് കണ്ണൂർ ജില്ലയിൽ വരെയാണ് കാലവർഷം എത്തിയിരുന്നത്. കേരളത്തിനൊപ്പം ജൂൺ എട്ടിന് തെക്കൻ തമിഴ്‌നാട്, ശ്രീലങ്ക, കന്യാകുമാരി കടൽ, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് കാലവർഷം വ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് രാത്രിയോടെ കാസർകോട്ടും കാലവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. കർണാടകയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ഇന്ന് കാലവർഷം എത്തിയതായി സ്ഥിരീകരിച്ചത്.

കാലവർഷം പുരോഗമിച്ചത് കാർവാർ വരെ
കാർവാർ, മെർകാറ, കൊടൈക്കനാൽ, അടിരാംപട്ടിനം എന്നിവിടങ്ങളിലൂടെയാണ് മൺസൂൺ പുരോഗമന രേഖ (Northern Limit Of Monsoon) കടന്നുപോകുന്നത്. മധ്യ അറബിക്കടലിന്റെയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിലും ഇന്ന് കാലവർഷം എത്തിയതായി സ്ഥിരീകരണം വന്നു. മധ്യ അറബിക്കടലിന്റെ കൂടുതൽ മേഖല, കർണാടകയുടെ കൂടുതൽ പ്രദേശങ്ങൾ, ഗോവ, മഹാരാഷ്ട്രയുടെ ഭാഗങ്ങൾ, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറ് മധ്യ മേഖലകൾ, ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ മേഖലകളിലും കാലവർഷം അടുത്ത ദിവസങ്ങളിൽ കാലവർഷം പുരോഗമിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബംഗാളിലേക്ക് അടുത്ത രണ്ടു ദിവസത്തിനകം കാലവർഷം എത്തും.

അതിനിടെ, അറബിക്കടലിന്റെ മധ്യകിഴക്കൻ ഭാഗത്ത് അതീതീവ്ര ചുഴലിക്കാറ്റായ ബിപർജോയ് തുടരുന്നു. മുംബൈക്ക് പടിഞ്ഞാറ് തെക്കുപടിഞ്ഞാറ് 560 കി.മി അകലെയാണ് ഈ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് വെൽമാർക്ഡ് ലോ പ്രഷറായി ശക്തപ്പെട്ട ശേഷം വീണ്ടും ശക്തികുറഞ്ഞ് ന്യൂനമർദമായി. കേരളത്തിൽ ബുധനാഴ്ചവരെ തീരദേശത്തും ഇടനാട്ടിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ നിഗമനം.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment