Menu

Health & Weather

മഴക്കാലത്ത് വേണം കോളറ പ്രതിരോധം

കാലവർഷക്കാലത്തെ പ്രധാന പകർച്ചവ്യാധികളിൽ ഒന്നാണ് കോളറ. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. തമിഴ് നാട്ടിൽ കോളറ കേസുകൾ വർദ്ധിയ്ക്കുന്നതിനാൽ കേരളത്തിലെ ആരോഗ്യവകുപ്പും ഇതേക്കുറിച്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് കോളറ പിടിപെടുന്നത്. വിബ്രിയോ കോളെറേ എന്ന ബാക്ടീരിയ പരത്തുന്ന ഈ രോഗം വൃത്തിഹീനമായ ഭക്ഷണ, വെള്ളത്തിലൂടെയാണ് പടരുന്നത്. ശരീരത്തിൽ കയറുന്ന ഈ ബാക്ടീരിയ കോളറാ ടോക്‌സിൻ എന്ന വിഷാംശം ഉൽപാദിപ്പിയ്ക്കും. ഇത് വയറിളക്കത്തിന് കാരണമാകുകയും ചെയ്യുന്നു. ആഹാര വസ്തുക്കളിൽ വന്നിരിയിക്കുന്ന ഈച്ചകളിലൂടെയും പടരാറുണ്ട്. ഈച്ചകൾ ആഹാര സാധനങ്ങളിൽ വന്നിരുന്ന് ഈ ബാക്ടീരിയ ആഹാരത്തിലൂടെ മനുഷ്യ ശരീരത്തിൽ എത്തുന്നു.

കോളറയുടെ പ്രധാന ലക്ഷണങ്ങൾ
വയറിളക്കം, ഛർദി എന്നിവയാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ. പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് തന്നെ പടരാനുള്ള കഴിവും കോളറാ രോഗത്തിന്റെ സൂചനകളാണ്. ശരീരത്തിൽ നിന്നും ധാരാളം വെള്ളം നഷ്ടപ്പെടുന്നു. ഇതു മൂലം രോഗി വല്ലാതെ ക്ഷീണിയ്ക്കുന്നു. ബിപി കുറയുന്നതും തലകറക്കം വരുന്നതും ബോധക്കേടും കണ്ണുകൾ മറഞ്ഞ് പോകുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. വെള്ളം കുറയുന്നതിനാൽ തന്നെ മൂത്രത്തിന്റെ അളവ് കുറയുകയും ഇത് വൃക്കയുടെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു. വയറിളക്കത്തിനൊപ്പം ഛർദ്ദി കൂടിയുണ്ടാകുന്നത് കൂടുതൽ ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നു.
എപിഡമിക് അഥവാ പകർച്ചവ്യാധി ഗണത്തിൽ പെടുത്തിയിരിയ്ക്കുന്ന ഈ രോഗത്തിന്റെ നിർണയത്തിന് സ്‌ക്രീനിംഗ് ടെസ്റ്റുകളും ഉറപ്പിയ്ക്കാനുള്ള മറ്റു ടെസ്റ്റുകളുമെല്ലാമുണ്ട്. സിങ്ക് ഗുളികകളും ഒആർഎസ് ലായനിയുമെല്ലാം ഇതിനുള്ള പെട്ടെന്നുള്ള പരിഹാര വഴികളാണ്.


കോളറ വരുന്നത് തടയാൻ നമുക്ക് ചെയ്യാവുന്ന ചില മുൻകരുതലുകൾ

* ഉപയോഗിയ്ക്കുന്ന വെള്ളം ശുദ്ധമായിരിയ്ക്കണം. കുടിയ്ക്കാനുളള വെള്ളം മാത്രമല്ല, പാചകത്തിന് ഉപയോഗിയ്ക്കുന്ന വെള്ളവും വായിൽ നാം ഒഴിച്ചു കഴുകുന്ന വെള്ളവുമെല്ലാം നല്ലതാകണം.

* ഭക്ഷണം കഴിയ്ക്കുന്നതിന് മുൻപ് കൈകൾ നല്ലതുപോലെ കഴുകുക. ഭക്ഷണ വസ്തുക്കൾ അടച്ച് സൂക്ഷിയ്ക്കുക. ഈച്ചകൾ വന്നിരിയ്ക്കാനുള്ള സാധ്യത തടയണം. പഴകിയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷണം കഴിവതും ചൂടോടെ ഉപയോഗിയ്ക്കുക.

* കോളറയുള്ള ആൾ ഉപയോഗിയ്ക്കുന്ന ടോയ്‌ലറ്റടക്കം അണുനശീകരണം നടത്തിയ ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിയ്ക്കുക. ഇവർ ഉപയോഗിച്ച വസ്തുക്കൾ അണുനശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്.

* കോളറ പടരാൻ സാധ്യതയുള്ള രോഗമായതുകൊണ്ട് രോഗബാധയുണ്ടെന്ന് സംശയം തോന്നിയാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ പെട്ടെന്ന് തന്നെ ചികിത്സ തേടുക.

മഴ : ഡെങ്കിപ്പനി ജാഗ്രത പാലിക്കാം

കേരളത്തിൽ മഴ തുടരുന്നതിനാൽ ഡെങ്കിപ്പനി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ‘ഡ്രൈ ഡേ’ ആചരണത്തില്‍ ശ്രദ്ധ ചെലുത്തണം. ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗം വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഇല്ലാതാക്കുകയാണ്. ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാർ അഭ്യര്‍ത്ഥിച്ചു.
വീട്ടിനകത്ത് ശ്രദ്ധിക്കേണ്ടവ:
*ഫ്രിഡ്ജിന്റെ പുറകിലെ ട്രെ
*ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍
*വെള്ളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടി പാത്രങ്ങള്‍
*ഉപയോഗിക്കാത്ത ക്ലോസറ്റ്
*മുഷിഞ്ഞ വസ്ത്രങ്ങള്

വീടിന് വെളിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
*ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയര്‍, ആട്ടുകല്ല്, ഉരല്‍, ക്ലോസറ്റുകള്‍ വാഷ്‌ബേസിനുകള്‍ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തില്‍ സൂക്ഷിക്കുക.
*ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക.
*വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും മൂടി സൂക്ഷിക്കുക

പൊതുയിടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
*പാഴ്‌വസ്തുക്കള്‍ വലിച്ചെറിയരുത്.
*ഈഡിസ് കൊതുകുകള്‍ വളരാനുള്ള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കുക.

കാലവർഷം:ഡെങ്കിപ്പനി, എലിപ്പനി ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇനിയുള്ള നാല് മാസങ്ങൾ വളരെ ശ്രദ്ധിക്കണം. പകർച്ച വ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണ്. ആശുപത്രികളിലെ പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്തും. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകൾ ലഭ്യമാക്കാൻ ഡോക്‌സി കോർണറുകൾ സ്ഥാപിക്കും. പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്താൻ കൂടിയ ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഓഫിസർമാർ ഫീൽഡ്തല അവലോകനം നടത്തി കൊതുകിന്റെ വ്യാപനം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തും. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും തുടരും. ഞായറാഴ്ച 321 കേസുകളും ശനിയാഴ്ച 428 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരും. പരാതികൾ ചിത്രങ്ങൾ സഹിതം അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെയുള്ള ചികിത്സയാണ് ഡങ്കിപ്പനിക്കും എലിപ്പനിക്കും ആവശ്യം. മസിൽ വേദന, മുതുക് വേദന എന്നിവയുണ്ടെങ്കിൽ പോലും ചിലപ്പോൾ ഈ രോഗങ്ങളാകാൻ സാധ്യതയുണ്ട്. അതിനാൽ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. കഴിഞ്ഞ വർഷങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകൾക്ക് ഉള്ളിലും കൊതുവിന്റെ ഉറവിടങ്ങളുണ്ടായിരുന്നു. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ എന്നിവയിൽ കൊതുക് വളരാതെ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തണം.

വിമാനം ആകാശ ചുഴയിൽ വീണ് 12 പേർക്ക് പരുക്ക്

മുംബൈയില്‍ നിന്ന് ബംഗാളിലെ ദുര്‍ഗാപൂരിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 12 യാത്രക്കാര്‍ക്ക് പരുക്ക് . പിന്നീട് വിമാനം ദുര്‍ഗാപൂരില്‍ സുരക്ഷിതമായി ഇറക്കി. വിമാനത്തിലെ യാത്രക്കാരുടെ ദേഹത്തേക്ക് ലഗേജുകളും മറ്റും വീഴുന്നതും യാത്രക്കാര്‍ പരിഭ്രാന്തരാകുന്നതിന്റെയും വിഡിയോ വൈറലായി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അന്വേഷണത്തിന് ഉത്തരവിട്ടു. പരുക്കേറ്റവരെ ദുര്‍ഗാപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ചികിത്സാ ചെലവ് വഹിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു. എസ്ജി – 945 നമ്പര്‍ ബോയിങ് 737 വിമാനമാണ് രൂക്ഷമായ ആകാശച്ചുഴിയില്‍പ്പെട്ടത്. ചില യാത്രക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. വിമാനം ദുര്‍ഗാപൂരില്‍ യാത്ര അവസാനിപ്പിച്ചു. മോശം കാലാവസ്ഥാ സാഹചര്യം മൂലം ദുര്‍ഗാപൂരിലെ സര്‍വിസുകള്‍ തടസപെട്ടേക്കുമെന്ന് വിമാനക്കമ്പനി പറഞ്ഞു.

എന്താണ് ആകാശ ചുഴി

അന്തരീക്ഷത്തിൽ മർദം കുറഞ്ഞ പോക്കറ്റുകളാണ് ഇത്. ഇവിടെ വിമാനം എത്തുമ്പോൾ വാഹനം കുഴിയിൽ വീണ അനുഭവം ഉണ്ടാകും.

ചൂട് 47 ഡിഗ്രി, വൈദ്യുതിയില്ല, ഉത്തരേന്ത്യ നരക തുല്യം

ഉത്തരേന്ത്യ വേനൽച്ചൂടിൽ ഉരുകുകയാണ്. 45 ഡിഗ്രിക്ക് മുകളിലാണ് പലയിടത്തും താപനില. ഉഷ്ണതരംഗം ഉത്തർപ്രദേശിൽ തീവ്ര ഉഷ്ണ തരംഗമായി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പകൽ ചൂട് 47 ഡിഗ്രി സെൽഷ്യസിലെത്തി. 20 വർഷത്തെ ഏപ്രിലിൽ നഗരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ചൂടാണിത്. നേരത്തെ 1999 ഏപ്രിൽ 30 നായിരുന്നു റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. 46.3 ഡിഗ്രിയായിരുന്നു ഇത്. കഴിഞ്ഞ വർഷം 44.3 ഡിഗ്രിയും 2020 ൽ 43.7 ഡിഗ്രിയുമാണ് നഗരത്തിൽ രേഖപ്പെടുത്തിയിരുന്നത്. അടുത്ത ഒരാഴ്ചത്തെ കാലാവസ്ഥാ പ്രവചനത്തിൽ 40 ഡിഗ്രിക്ക് മുകളിൽ ചൂട് തുടരാനാണ് സാധ്യത. നാളെ മുതൽ ചൂടിന് നേരിയ ആശ്വാസം ഉണ്ടാകും. 45 ഡിഗ്രിക്ക് മുകളിൽ താപനില പോകുമ്പോഴാണ് സാധാരണ ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്. 47 ഡിഗ്രി കടക്കുമ്പോൾ തീവ്ര ഉഷ്ണ തരംഗമായി കണക്കാക്കും. ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും വെള്ളിയാഴ്ച കടുത്ത ചൂട് രേഖപ്പെടുത്തി. രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മെയ് 2 നും നാലിനും ഇടയിൽ ഇടിയോടു കൂടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും താപനില 36 നും 39 നും ഇടയിൽ തുടരുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

ഡൽഹിയിൽ 12 വർഷത്തെ കൂടിയ ചൂട്
ഡൽഹിയിൽ 72 വർഷത്തിനിടെ ഏറ്റവും ചൂട് രേഖപ്പെടുത്തിയ രണ്ടാമത്തെ ഏപ്രിലാണ് ഇത്തവണത്തേത്. ഇന്ന് രേഖപ്പെടുത്തിയത് 43.4 ഡിഗ്രി സെൽഷ്യസ്. ഏപ്രിൽ 28 ന് 43.5 ഡിഗ്രിയായിരുന്നു താപനില. ഡൽഹിയിൽ കഴിഞ്ഞ 12 വർഷത്തിനിടെയുള്ള ഏറ്റവും വലിയ താപനിലയാണിത്. കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.

കൽക്കരിക്ഷാമം വൈദ്യുതിയില്ല

കൽക്കരി പ്രതിസന്ധിയെ തുടർന്ന് ഉത്തരേന്ത്യയിൽ വൈദ്യുതി മുടക്കം പതിവായി. താപ വൈദ്യുതി നിലയമാണ് കൂടുതലായും പ്രവർത്തിക്കുന്നത്. വൈദ്യുതി മുടങ്ങിയതോടെ കുടിവെള്ള പമ്പിങ്ങും തടസ്സപ്പെട്ടു. വരൾച്ചയും രൂക്ഷമാണ്. അടുത്ത ഒരാഴ്ചയും ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഉഷ്ണ തരംഗം മരിച്ചത് 6,500 പേർ
2010 മുതൽ ഇന്ത്യയിൽ ഇതുവരെ 6,500 പേർ ഉഷ്ണ തരംഗത്തിൽ മരിച്ചിട്ടുണ്ട്. ദക്ഷിണേഷ്യിൽ കാലാവസ്ഥാ വ്യതിയാനം ഭാവിയിൽ രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ആരോഗ്യ പ്രശ്‌നങ്ങൾ
കൊവിഡിനു പിന്നാലെ ഉഷ്ണ തരംഗ ആരോഗ്യ പ്രശ്‌നങ്ങളും സജീവമാകുന്നു. നിരവധി പേരാണ് ചികിത്സ തേടുന്നത്. സൂര്യാഘാതവും പതിവാണ്. ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിരവധി പേർ ചികിത്സ തേടിയെത്തുന്നുവെന്ന് അഹമ്മദാബാദ് മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് മോന ദേശായ് പറഞ്ഞു. നേരിട്ട് വെയിൽ കൊള്ളരുതെന്നും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നും ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ പാടില്ലെന്നും പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. തൊപ്പി, കുട എന്നിവ ചൂടുന്നതും തല മറയ്ക്കുന്നതും ഉഷ്ണ തരംഗത്തിൽ നിന്ന് രക്ഷനേടാൻ സഹായകമാകും.

മഴക്കാലജന്യ രോഗത്തെ സൂക്ഷിക്കുക

ഡോ. ഷിജി ഇ ജോബ്
മൺസൂൺ അടുത്തെത്തിയിരിക്കുന്നു കോവിഡിനൊപ്പം തന്നെ നമ്മൾ മഴക്കാലരോഗങ്ങളും കരുതിയിരിക്കണം.

മഴക്കാല രോഗങ്ങളെ മൂന്നായി തിരിക്കാം രോഗങ്ങൾ:

1. വായു ജന്യരോഗങ്ങൾ
2. ജലജന്യരോഗങ്ങൾ
3. കൊതുക്ജന്യ രോഗങ്ങൾ

1.വായുജന്യ രോഗങ്ങൾ

വൈറൽ പനിയാണ് ഇതിൽ മുഖ്യ വില്ലൻ. ഈ സമയത്ത് ഒരു പനിയും നമ്മൾ നിസാരമായി കാണരുത്. പനി ഒരു രോഗലക്ഷണം മാത്രമാണ്.

H1N1എന്ന് അറിയപ്പെടുന്ന ഫ്ലൂ ആണ് മറ്റൊരു വില്ലൻ.

മുൻകരുതലുകൾ:

– പൊതുപരിപാടികളും ചടങ്ങുകളും കഴിവതും ഒഴിവാക്കുക
– വീടിനുള്ളിൽ പോലും ആവശ്യം അനുസരിച്ചു മാസ്ക് ശീലമാക്കണം
– ലക്ഷണങ്ങൾ തുടങ്ങുമ്പോൾ തന്നെ റൂം ഐസൊലേഷൻ ലേക്ക് മാറാൻ ശ്രദ്ധിക്കണം.
– രണ്ടു ദിവസത്തിൽ കൂടുതൽ പനി നീണ്ടുനിന്നാൽ വിദഗ്ധ ചികിത്സ തേടണം.
– കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം ഇവ ധാരാളമായി കുടിക്കുക.
– വ്യക്തിശുചിത്വം പാലിക്കുക.
– തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തുക.

2. ജലജന്യരോഗങ്ങൾ

എലിപ്പനി ആണ് ഇതിൽ പ്രധാനി. എലി മൂത്രം കലർന്ന വെള്ളത്തിലൂടെ ആണിത് പകരുന്നത്.

മുൻകരുതലുകൾ

– വീടും പരിസരവും വൃത്തിയാക്കുമ്പോൾ കയ്യുറകളും ഗം ബൂട്സ് ഉപയോഗിക്കണം
– അഴുക്കു വെള്ളത്തിൽ ജോലി ചെയ്യുന്നവർ ആവശ്യമായ മുൻകരുതൽ എടുക്കുക.

കെനിയയിൽ ജലക്ഷാമം രൂക്ഷം, വെള്ളത്തിന് ശരീരം വിറ്റ് യുവതികൾ

കാലപ്പഴക്കം ചെന്ന വിതരണ സംവിധാനങ്ങളും കാലാവസ്ഥ മാറ്റങ്ങളും മൂലം ജലക്ഷാമം നേരിട്ട് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി. കിബ്ര പോലുള്ള ജനവിഭാഗങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളത്തിനായി സ്വകാര്യ കച്ചവടക്കാര്‍ക്ക് പണം നല്‍കുന്നു. ജലത്തിന്റെ ലഭ്യതയും വിതരണവും ഇവര്‍ നിയന്ത്രിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പണമായി മാത്രമല്ല സ്ത്രീകളും പെണ്‍കുട്ടികളും വെള്ളത്തിന്റെ വില നല്‍കുന്നത്.

‘രാത്രികാലങ്ങളില്‍ വെള്ളം വില്‍ക്കുന്നവരില്‍ മിക്കവരും പുരുഷന്‍മാരാണ്. ആ സമയത്ത് അവര്‍ ലൈംഗികമായി അതിനെ പ്രയോജനപ്പെടുത്തുന്നു. നിരസിച്ചാല്‍ വെള്ളം കിട്ടില്ല’- ഒരു സ്ത്രീ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പറഞ്ഞു. എട്ട് കാന്‍ വെള്ളമാണ് മേരി എന്ന സ്ത്രീ ഓരോ ദിവസവും കൊണ്ടുപോകുന്നത്. ശമ്പളത്തിന്റെ നാലിലൊന്നായ 18 ഡോളറാണ് ഒരു മാസം വെള്ളത്തിനായി ഇവര്‍ മുടക്കുന്നത്. കിബ്രയില്‍ ധാരാളം പേര്‍ നിര്‍ധനരാണ്.

അതിനാല്‍തന്നെ വെള്ളത്തിനായി മുടക്കാന്‍ ഇവരുടെ കയ്യില്‍ പണമില്ല. ഒരു രാത്രിയില്‍ വെള്ളമെടുക്കുന്നതിനിടെ കച്ചവടക്കാരന്‍ മേരിയെ ആക്രമിച്ചു. അവര്‍ പറയുന്നതിങ്ങനെ: ‘അവര്‍ രണ്ടുപേരുണ്ടായിരുന്നു. എന്റെ വസ്ത്രം ഏതാണ്ട് വലിച്ചുകീറിയിരുന്നു. എന്റെ കരച്ചില്‍ കേട്ട് മറ്റ് സ്ത്രീകള്‍ എത്തുന്നതിന് മുന്‍പുതന്നെ അവര്‍ എന്നെ പീഡിപ്പിച്ചുകഴിഞ്ഞിരുന്നു’.

അപമാനം ഭയന്നും പേടിച്ചുമാണ് സ്ത്രീകള്‍ പൊലീസിനെ സമീപിക്കാത്തത്. സ്ത്രീകള്‍ പരാതിപ്പെടാത്തതിനാല്‍ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പ്രയാസമാണെന്ന് പൊലീസ് പറയുന്നു. പൊതുജല ഇടങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ അളവില്‍ കൊടുക്കാന്‍ അത് പര്യാപ്തമല്ല. 2005 മുതല്‍ നെയ്‌റോബി ജലദൗര്‍ലഭ്യം നേരിടുന്നു. സ്വകാര്യ ജലവിതരണക്കാരാണ് കിബ്ര പോലുള്ള സ്ഥലങ്ങളില്‍ ഈ വിടവ് നികത്തുന്നത്.

വെള്ളത്തിന് കാശ് നല്‍കേണ്ടിവരുന്നത് മറ്റ് ബുദ്ധിമുട്ടേറിയ പല വഴികളും തിരഞ്ഞെടുക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നുണ്ട്. ‘ഞാന്‍ വെള്ളം കടമായി വാങ്ങാറുണ്ടായിരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ എങ്ങനെ വീട്ടുമെന്ന് വില്‍പ്പനക്കാരന്‍ ചോദിച്ചു. കോവിഡ് സാഹചര്യമായതിനാല്‍ കയ്യില്‍ ഒന്നുമില്ലെന്ന് പറഞ്ഞു. പണത്തിന് പകരമായി എന്റെ ശരീരം നല്‍കണമെന്ന് അയാള്‍ എന്നോട് പറഞ്ഞു’.-മറ്റൊരു സ്ത്രീ പറയുന്നു.