Menu

metbeat weather

നേപ്പാളിൽ ഭൂചലനത്തിൽ 6 മരണം: ഡൽഹിയിലും കുലുങ്ങി (Video)

നേപ്പാളിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 6 മരണം. ഇന്ന് പുലർച്ചെ 2 മണിയോടെ ഉത്തരാഖണ്ഡിന് സമീപമാണ് ഭൂചലന പ്രഭവ കേന്ദ്രം. തുടർന്ന് ഡൽഹിയിലും സമീപ നഗരങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, പലരും അർദ്ധരാത്രിയോടെ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.

ഏകദേശം 10 സെക്കൻഡ് നീണ്ടുനിന്ന ശക്തമായ ഭൂചലനം നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 10 കിലോമീർ താഴ്ചയിലാണ്.

ന്യൂനമർദ്ദം ശക്തിപ്പെടും; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാതചുഴി ഇന്ന് ദുർബലപ്പെട്ടെങ്കിലും അറബിക്കടലിൽ ശക്തമായ മേഘ രൂപീകരണം നടക്കുകയാണ്. ഇന്ന് രാവിലെ മുതൽ അറബിക്കടലിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. എന്നാൽ കാറ്റിന്റെ ദിശ അനുകൂലമല്ലാത്തതിനാൽ ഇവ കേരളതീരത്തേക്ക് എത്തിയിരുന്നില്ല. രാത്രിയോ പുലർച്ചെയോ ഇവ കേരളതീരത്തേക്ക് എത്താനും തീരപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനും കാരണമാകുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.

അതേസമയം, ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാത ചുഴി ശക്തിപ്പെടുകയാണ്. വ്യാഴാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി മാറും. തുടർന്ന് ഈ മാസം 22ന് തീവ്ര ന്യൂനമർദ്ദം അഥവാ ഡിപ്രഷൻ ആയി മാറും. വീണ്ടും ഈ സിസ്റ്റം ശക്തിപ്പെടാനും അതിതീവ്ര ന്യൂനമർദ്ദം (Deep Depression) ആകാനും സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ബംഗാൾ ഉൾക്കടലിൽ അൻഡമാൻ ദ്വീപ് മേഖലയിൽ ആയി രൂപപ്പെടുന്ന ന്യൂനമർദ്ദം വടക്ക് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ആന്ധ്രപ്രദേശിന്റെ വടക്കുഭാഗത്തേക്ക് ഒഡിഷ്യയിലേക്കോ ആണ് നീങ്ങാൻ സാധ്യത. ഈ ന്യൂനമർദ്ദം തമിഴ്നാട്ടിലേക്ക് തുലാവർഷത്തെ എത്തിക്കും.

അതേസമയം, മഹാരാഷ്ട്രയിൽ എത്തിനിൽക്കുന്ന കാലവർഷത്തിന്റെ വിടവാങ്ങൽ ഇന്ന് കൂടുതൽ പ്രദേശത്തേക്ക് പുരോഗമിച്ചില്ല. നാളെയോടെ മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലേക്ക് പുരോഗമിക്കാൻ സാധ്യതയുണ്ട്. കാലവർഷം പൂർണമായി വിടവാങ്ങിയ ശേഷമേ തുലാവർഷം എത്തിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. കേരളത്തിൽ കിഴക്കൻ മേഖലയിൽ ഇടിയോടുകൂടിയുള്ള ശക്തമായ മഴയും പടിഞ്ഞാറ് മേഖലയിൽ ഇന്ന് അറബിക്കടലിലെ മേഘരൂപീകരണത്തെ തുടർന്നുള്ള മഴയും ലഭിക്കും. കിഴക്കൻ മേഖലയിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പോകുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾ അപ്ഡേറ്റ് ചെയ്യണം.

ഉത്തരേന്ത്യയിൽ നിന്ന് കാലവർഷം വേഗത്തിൽ വിടവാങ്ങുന്നു

കാലവർഷം ഉത്തരേന്ത്യയിൽ നിന്ന് വേഗത്തിൽ വിടവാങ്ങുന്നു. ഇന്ന് ബിഹാർ,സിക്കിം, മേഘാലയ മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും കാലവർഷം പൂർണമായി വിടവാങ്ങി. അസം, ത്രിപുര,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ നിന്നും കാലവർഷം ഇന്ന് ഇവിടെ വാങ്ങി. വിദർഭ , ചത്തീസ്ഗഡ് , മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് കാലവർഷം വിടവാങ്ങൽ ഇനി പുരോഗമിക്കാൻ ഉള്ളത്. അടുത്ത രണ്ടു ദിവസത്തിനകം ഇവിടെ നിന്നും കാലവർഷം വിടവാങ്ങും.
അതേസമയം, കഴിഞ്ഞ രണ്ടുദിവസമായി സൂചിപ്പിച്ചതുപോലെ ബംഗാൾ ഉൾക്കടലിൽ ഈ മാസം 18 ന് ന്യൂനമർദ്ദം രൂപപ്പെടും. ന്യൂനമർദ്ദം ദക്ഷിണേന്ത്യയിൽ മഴക്ക് കാരണമാകും. കർണാടകയിലും തമിഴ്നാട്ടിലും കേരളത്തിലുമാണ് കൂടുതൽ മഴക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലെ അവലോകനങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ന്യൂനമർദ്ദം രൂപപ്പെടുന്ന കാര്യം ഇപ്പോൾ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടെയുള്ള ശക്തമായ മഴ ഇന്നും തുടരുകയാണ്. അടുത്ത നാല് ദിവസം കൂടി ഈ രീതിയിലുള്ള കാലാവസ്ഥ തുടരുമെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. വിശദാംശങ്ങൾക്ക് മെറ്റ്ബീറ്റ് വെതറിന്റെ ഫേസ്ബുക്ക് പേജ് പിന്തുടരുക.

തുലാവർഷത്തെ നേരിടാൻ ചെന്നൈ ഒരുങ്ങി

തുലാവർഷത്തെ നേരിടാൻ ചെന്നൈയിൽ ഒരുക്കങ്ങൾ സജ്ജം. ഇത്തവണ മഴ കൂടുമെന്ന പ്രവചനത്തെ തുടർന്ന് ഗ്രേറ്റർ ചെന്നൈ കോർപറേഷനിൽ ഒരുക്കങ്ങൾ അധികൃതർ വിലയിരുത്തി. ചീഫ് എൻജിനീയർ എസ്. രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 1356 കി.മി നീളം വരുന്ന ഓടകളിൽ 1193 കി.മി ഭാഗവും മണ്ണും ചെളിയും നീക്കി ശുചീകരിച്ചു. 71.25 കോടി രൂപയാണ് മൺസൂൺ പൂർവ ശുചീകരണത്തിന് വകയിരുത്തിയത്. മാൻഹോളുകളും വൃത്തിയാക്കി.
ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. 20,546 മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചുമാറ്റി ഭാരം കുറച്ചു. 169 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയാറാക്കി. 101 മൊബൈൽ, സ്‌റ്റേഷനറി മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചു. ഈമാസം 20 നകം പ്രവൃത്തികൾ പൂർത്തിയാക്കണമെന്നാണ് മേയർ പ്രിയ രാജൻ നിർദേശം നൽകിയത്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു: കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്തായി ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ ന്യൂനമർദ്ദം അടുത്ത 73 മണിക്കൂറിൽ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമർദ്ദത്തിൽ നിന്ന് ബംഗ്ലാദേശിന്റെ ഭാഗത്തേക്ക് മറ്റൊരു ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു. മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണത്തിൽ ന്യൂനമർദ്ദം കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരാൻ കാരണമാകും. ഈ മാസം 9 വരെ ഒറ്റപ്പെട്ട മഴയാണ് കേരളത്തിൽ പ്രതീക്ഷിക്കേണ്ടത്. അതിനുശേഷം കേരളത്തിൽ ഇടിയോടുകൂടിയുള്ള കിഴക്കൻ മഴ ശക്തിപ്പെടും. തുലാവർഷം എത്തുന്നതിന്റെ മുന്നോടിയായി ആണിത് .

കേരളത്തോടൊപ്പം തമിഴ്നാട്ടിലും കർണാടകയിലും മഴ ലഭിക്കാനാണ് സാധ്യത. കാലവർഷം പിൻവാങ്ങിയ ശേഷമേ കേരളത്തിൽ തുലാവർഷം എത്തുകയുള്ളൂ. കാലവർഷത്തിന്റെ പിൻവാങ്ങൽ എന്ന കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ജമ്മു കാശ്മീർ ,രാജസ്ഥാൻ ഗുജറാത്ത് , ഉത്തർപ്രദേശ്, മധ്യപ്രദേശ് ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ കാലവർഷം ഭാഗികമായി പൂർണമായോ വിടവാങ്ങിയിട്ടുണ്ട്. കേരളത്തിൽ ആണ് കാലവർഷം അവസാനമായി വിടവാങ്ങുക. ഇതിന് രണ്ടാഴ്ചയെങ്കിലും സമയം എടുക്കും എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. കാലവർഷം വിടവാങ്ങിയിട്ടില്ലെങ്കിലും ഇപ്പോൾ പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ഔദ്യോഗികമായി രേഖപ്പെടുത്തുക.

കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണത്തിന് സമീപമായി രൂപംകൊണ്ട ചക്രവാതചുഴി ശക്തി പ്രാപിക്കുന്നതിനാൽ ദക്ഷിണേന്ത്യയിൽ അടുത്ത നാല് ദിവസം മഴ ശക്തിപ്പെടാൻ സാധ്യത. കേരളത്തിലും തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടത്തരം മഴയോ വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കാം. കഴിഞ്ഞ ആഴ്ച ഫിലിപ്പൈൻസ് , വിയറ്റ്നാം മേഖലകളിൽ വീശിയടിച്ച നൊരു ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ചക്രവാതചുഴിയായി ഇന്നലെ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചിരുന്നു. നോരുവിന്റെ അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ വച്ച് വീണ്ടും ശക്തി ആർജിക്കാൻ സാധ്യതയുണ്ട്. ഇത് നിലവിലുള്ള ചക്രവാത ചുഴിയുമായി ചേർന്ന് ശക്തിപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. ബംഗാൾ ഉൾക്കടലിൽ സമുദ്ര ഉപരിതല താപനില കൂടി നിൽക്കുന്നതിനാലാണിത്. കേരളം ഉൾപ്പെടെയുള്ള പശ്ചിമ തീരങ്ങളിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടാനും സാധ്യത കാണുന്നു കൂടുതൽ ഈർപ്പ പ്രവാഹം കിഴക്കൻ മേഖലയിൽ നിന്നും പടിഞ്ഞാറൻ മേഖലയിൽ നിന്നും എത്തുന്ന സാഹചര്യമാണ് ദക്ഷിണ ഇന്ത്യയിൽ ഉള്ളത്. ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ലഭിച്ചതുപോലെയുള്ള മഴ തുടരും . ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. കൂടുതൽ അപ്ഡേഷനുകൾക്ക് Metbeat Weather ഫേസ്ബുക്ക് പേജ് ലൈക് ചെയ്തു പിന്തുടരുക.

ദക്ഷിണേന്ത്യയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. വടക്കൻ തമിഴ്നാട് , ആന്ധ്രപ്രദേശ് തീരം കർണാടക എന്നിവിടങ്ങളിൽ ഇന്നുമുതൽ ഏതാനും ദിവസം ശക്തമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും തെക്കൻ കേരളത്തിലെ പത്തനംതിട്ട , കോട്ടയം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ കാലവർഷം വിടവാങ്ങുന്നത് പുരോഗമിക്കുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യൻ തീരത്ത് പ്രത്യേകിച്ച് ആന്ധ്ര തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാത ചുഴിയാണ് ദക്ഷിണേന്ത്യയിൽ മഴക്ക് കാരണമാകുന്നത്. കർണാടകക്ക് മുകളിലൂടെ കിഴക്ക് – പടിഞ്ഞാറായി ഒരു ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു. വടക്കൻ തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നുമുതൽ മഴക്ക് സാധ്യതയുണ്ട്. ആന്ധ്രയുടെ തീരദേശത്തും ശക്തമായ മഴ ലഭിക്കാം. ബംഗളൂരു ഉൾപ്പെടെയുള്ള കർണാടകയുടെ ഭാഗങ്ങളിലും ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്ന് കൂടുതൽ ഈർപ്പം കയറുന്നതാണ് മഴക്ക് കാരണമാകുന്നത്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. വൈകുന്നേരങ്ങളിലോ രാത്രിയോ ആയിരിക്കും കേരളത്തിലെ മഴക്ക് സാധ്യത. ഇടിയോട് കൂടെയുള്ള മഴക്കും കിഴക്കൻ മേഖലകളിൽ സാധ്യതയുണ്ട്. എന്നാൽ ഇത് തുലാവർഷത്തിന്റെ ഭാഗമായുള്ള മഴയല്ല. ഇന്ന് കാലവർഷത്തിന്റെ ഭാഗമായുള്ള മഴയുടെ കണക്കെടുപ്പ് അവസാനിക്കുകയും നാളെ മുതൽ പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിലും ആണ് ഔദ്യോഗികമായി ഉൾപ്പെടുത്തുക. എന്നാൽ തുലാവർഷം കേരളത്തിലെത്താൻ ഇനിയും രണ്ടാഴ്ചയെങ്കിലും കഴിയുമെന്നാണ് ഞങ്ങളുടെ വിദഗ്ധരുടെ നിരീക്ഷണം.

കാലവർഷം വിടവാങ്ങൽ പുരോഗമിക്കുന്നു; കേരളത്തിൽ വൈകും

രാജ്യത്ത് കാലവർഷം വിടവാങ്ങൽ പൂർത്തിയാകാൻ വൈകും. സെപ്റ്റംബർ 20 നാണ് വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കാലവർഷം വിടവാങ്ങൽ തുടങ്ങിയത്. മധ്യ ഇന്ത്യയിലെ ന്യൂനമർദത്തെ തുടർന്ന് കാലവർഷ വിടവാങ്ങൽ പുരോഗമിക്കുന്നതിന് തടസം നേരിട്ടു. 114 ദിവസം നീണ്ടു നിന്ന മൺസൂൺ 26 സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കിയാണ് വിടവാങ്ങുന്നത്. 2000 ത്തോളം പേരാണ് ഇത്തവണ മരിച്ചത്. സാധാരണ സെപ്റ്റംബർ 17 നാണ് കാലവർഷം വിടവാങ്ങൽ തുടങ്ങേണ്ട തിയതി. മൂന്നു ദിവസം വൈകിയാണ് ഇത്തവണ വിടവാങ്ങൽ തുടങ്ങിയത്. രാജസ്ഥാനിൽ ഒതുങ്ങിയ വിടവാങ്ങൽ ഒരാഴ്ചയോളം കാര്യമായ പുരോഗതി ഉണ്ടായില്ല.

എന്നാൽ ഇന്ന് ഡൽഹി ഉൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വിടവാങ്ങൽ വ്യാപിച്ചു. ജമ്മു കശ്മീർ , ഹിമാചൽ പ്രദേശ്, പടിഞ്ഞാറൻ യു.പി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വിടവാങ്ങൽ എത്തിയത്. ഇതിൽ ഡൽഹിയിൽ പൂർണമായും വിടവാങ്ങി. കേരളത്തിൽ വിടവാങ്ങൽ പൂർത്തിയാകാൻ ഇനിയും മൂന്നാഴ്ചയെങ്കിലും സമയമെടുക്കും. കേരളത്തിൽ നിന്നാണ് മൺസൂൺ അവസാനമായി വിടവാങ്ങുന്നത്. ആദ്യം മൺസൂൺ എത്തുന്നതും കേരളത്തിൽ നിന്നാണ്.

ട്രിപ്പിൾ ലാനിന കാരണം
1950 ന് ശേഷം രണ്ടു തവണയാണ് ട്രിപ്പിൾ ലാനിന റിപ്പോർട്ട് ചെയ്തത്. ഈ വർഷവും ട്രിപ്പിൾ ലാനിനയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഒക്ടോബറിലും ലാനിന തുടർന്നിരുന്നു. ലാനിന തുടരുന്നത് കാലവർഷത്തിന്റെ വിടവാങ്ങൽ വൈകാനിടയാക്കും. കാലവർഷം വിടവാങ്ങിയ ശേഷമേ വടക്കു കിഴക്കൻ കാലവർഷം ( തുലാവർഷം) എത്തുകയുള്ളൂ.

ന്യൂനമർദം: യുപിയിൽ കനത്ത മഴ; മതിലിടിഞ്ഞ് 12 മരണം

ഉത്തർപ്രദേശിൽ മതിലിടിഞ്ഞ് രണ്ടിടങ്ങളിലായി 12 മരണം. ലഖ്‌നൗവിൽ ഒമ്പതു പേരും ഉന്നാവോയിൽ മൂന്നു പേരുമാണ് മരിച്ചത്.
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ ന്യൂനമർദ്ദം വെൽ മാർക്ഡ് ലോ പ്രഷറായി (WML) ഉത്തർപ്രദേശിനു മുകളിൽ തുടരുകയാണ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ നിന്നുള്ള ന്യൂനമർദ്ദ പാത്തി (Trough) ന്യൂനമർദ്ദത്തിലേക്ക് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഈ മേഖലയിൽ മഴ ശക്തമായി പെയ്യുകയാണ്. ഉത്തർപ്രദേശിലെ ഖോര്പൂർ വഴി കാലവർഷ പാത്തി (Monsoon Trough) സഞ്ചരിക്കുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ കൂടുതൽ മഴ ഉത്തർപ്രദേശിൽ ഡൽഹിയിലും ലഭിക്കുമെന്നാണ് നിരീക്ഷണം.
ലഖ്‌നൗവിലെ ദിൽകുഷയിലാണ് മതിലിടിഞ്ഞത്. ഇവിടെ ഒമ്പതുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ കുട്ടികളും സത്രീകളും ഉൾപെടുന്നു.
ഉന്നാവോയിൽ വീടിന്റെ മേൽക്കൂര തകർന്നു ചുമരും ഇടിഞ്ഞു വീണു. ഇവിടെ രണ്ടു കുട്ടികൾ ഉൾപെടെ മൂന്നു പേരാണ് മരിച്ചത്. ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവങ്ങളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ മഴ കുറയും

ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറ് മേഖലയിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് പുലർച്ചെ അഞ്ചരയോടെ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം അഥവാ ഡിപ്രഷൻ ആയി മാറി. വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ തീരദേശ ഒഡീഷക്കും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ദത്തിന്റെ സ്ഥാനം. ഇത് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഒഡീഷക്കും തെക്കൻ ഛത്തീസ്ഗഡിനും ഇടയിൽ കരകയറാനാണ് സാധ്യത. അടുത്ത 24 മണിക്കൂറിനകം ന്യൂനമർദ്ദം ദുർബലമാവുകയും ചെയ്യും.

കേരളത്തിൽ ഒറ്റപ്പെട്ട മഴ

കഴിഞ്ഞ അവലോകനങ്ങളിൽ സൂചിപ്പിച്ചിരുന്നത് പോലെ കേരളത്തിൽ ഒറ്റപ്പെട്ട മഴക്കെ ന്യൂനമർദ്ദം കാരണമാവുകയുള്ളൂ. ന്യൂനമർദ്ദത്തിന്റെ നേരിട്ടുള്ള സ്വാധീനം കേരളത്തിൽ കുറവാണ്. മധ്യ വടക്കൻ ജില്ലകളിൽ ഇന്നുകൂടി ഒറ്റപ്പെട്ട മഴയുണ്ടാകും. രാത്രിയും വൈകിട്ടും കിഴക്കൻ പ്രദേശങ്ങളിലും ഇടനാട് പ്രദേശങ്ങളിലുമാണ് മഴ സാധ്യത. നാളെ മുതൽ കേരളത്തിൽ മഴ കുറഞ്ഞു തുടങ്ങും എന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളത്തിന്റെ കടൽ ശാന്തമാകും. തെക്കൻ ജില്ലകളിൽ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് വെയിൽ പ്രതീക്ഷിക്കാം. ഏറെനേരം നീണ്ടുനിൽക്കാത്ത ഒറ്റപ്പെട്ട മഴയാണ് കേരളത്തിൽ ഉടനീളം ഇനി സാധ്യത ഉള്ളത്.