കാനഡയിലെ പുക ഭൂഖണ്ഡങ്ങൾ താണ്ടി കിഴക്കോട്ട്; നോർവേയിലെത്തി, ഇനി യൂറോപ്പിൽ പടരും

കാനഡയിലെ കാട്ടുതീയെ തുടർന്നുള്ള പുക നോർവേയിലും എത്തിയെന്ന് ശാസ്ത്രജ്ഞർ. നൂറുകണക്കിന് കാടുകളിലാണ് കാനഡയിൽ തീപിടിത്തമുണ്ടായത്. കാനഡയിലെ കാടുകത്തിയ പുക കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ഉൾപ്പെടെ മൂടിയിരുന്നു. 7.5 കോടി പേരെയാണ് പുകമൂടിയ അന്തരീക്ഷം പ്രതികൂലമായി ബാധിച്ചത്.

കാനഡയിൽ നിന്ന് ഗ്രീൻലാന്റും ഐസ് ലാന്റും കടന്ന് പുക നോർവേയിലെത്തിയെന്നാണ് ഒടുവിൽ കണ്ടെത്തിയത്. നോർവേയിലെ ക്ലൈമറ്റ് ആന്റ് എൻവിയോൺമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻ.ഐ.എൽ.യു) ശാസ്ത്രജ്ഞരാണ് പുക ഇത്രയും കിലോമീറ്റർ വ്യാപിച്ചെന്ന് കണ്ടെത്തിയത്. പ്രവചന മാതൃക ഉപയോഗിച്ചും സെൻസറുകൾ ഉപയോഗിച്ചും പുക ഇനിയും വ്യാപിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

പുകയുടെ മണം നോർവേയിലെ ജനങ്ങൾക്ക് അനുഭവിക്കാനാകുന്നുണ്ടെന്ന് എൻ.ഐ.എൽ.യുവിലെ മുതിർന്ന ശാസ്ത്രജ്ഞൻ നികോളാവോസ് എവൻഗെലിയു പറഞ്ഞു. യു.എസിലെ പോലെ പുകയിൽ മലിനീകരണം കുറവാണ്. നോർവേയിലെ ജനങ്ങൾക്ക് പുകമൂലം ശാരീരിക അസ്വാസ്ഥ്യങ്ങൾക്കും സാധ്യത കുറവാണെന്ന് ഇവർ പറയുന്നു.

യൂറോപ്പിലും പുക വ്യാപിക്കും

അടുത്ത ദിവസങ്ങളിൽ പുക യൂറോപ്പിലും വ്യാപിക്കും. കാനഡയിൽ നിന്ന് കിഴക്കോട്ടാണ് പുക പടരുന്നത്. എം.ജെ.ഒ ഉൾപ്പെടെയുള്ള ആഗോള കാറ്റിന്റെ പ്രവാഹങ്ങളും കിഴക്കോട്ടാണ് നീങ്ങാറുള്ളത്.
അന്തരീക്ഷത്തിലെ ഉയർന്ന പാളികളിൽ പുകയെത്തിയതാണ് ഭൂഖണ്ഡങ്ങൾ താണ്ടി പുക പടരാൻ കാരണം. ഉയർന്ന അന്തരീക്ഷ പാളികളിൽ പുകയെത്തിയാൽ ഏറെ ദൂരം വരെ പുകയ്ക്ക് വ്യാപിക്കാൻ കഴിയും. 2020 ലും കാലിഫോർണിയയിലെ കാട്ടുതീയുടെ പുക നോർവേയിലെ സ്വാൾബാർഡിൽ എത്തിയതാണ് ഇതുവരെയുള്ള റെക്കോർഡ്. ഈ റെക്കോർഡാണ് ഇപ്പോൾ മറികടന്നത്.

Leave a Comment