Menu

Author Archives: Metbeat News Desk

മഞ്ഞുകാലത്തെ ചർമ സംരക്ഷണം അറിയാം

ഡോ.ശാലിനി

1.തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക.

2. ഷവറില്‍ കുളിക്കരുത്.

3. 10 മിനിറ്റിനകം കുളിച്ചിറങ്ങുക.

4. സോപ്പിനു പകരം ക്ലെൻസിങ് ലോഷൻ ഉപയോഗിക്കുക.

5. കുളി കഴിഞ്ഞാല്‍ നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് മോയ്സ്ചറൈസിങ് ലോഷൻ പുരട്ടുക. നിറവും മണവും ഇല്ലാത്ത മോയ്സ്ചറൈസിങ് ലോഷൻ ആണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയില്‍ അടങ്ങിയ ക്രീം ആണ് നല്ലത്. അല്ലെങ്കില്‍ Glycolic acid, Lactic acid എന്നിവ അടങ്ങിയ ക്രീം നല്ലതാണ്.

6. വിയര്‍പ്പ് തങ്ങി നില്‍ക്കുന്ന ഭാഗങ്ങളില്‍ കാറ്റു കൊള്ളിക്കുക. മടക്കുകളില്‍ അധികം മണമില്ലാത്ത പൗഡര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

7. കമ്പിളി വസ്ത്രങ്ങള്‍, പുതപ്പ് എന്നിവ പലര്‍ക്കും അലര്‍ജി ഉണ്ടാക്കാം. അവയ്ക്ക് കോട്ടണ്‍ തുണി കൊണ്ട് ഒരു ആവരണം തയ്ച്ച ശേഷം ഉപയോഗിക്കാം.

8. ഗ്ലൗസ്, സോക്‌സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.

9. മുടി – താരന്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ താരനു വേണ്ടിയുള്ള ഷാംപൂ ഓരോ ദിവസം ഇടവിട്ട് തലയില്‍ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളര്‍ന്നു വരാം, അതിനാല്‍ കൃത്യമായി ട്രിം ചെയ്യുക. മുടിയില്‍ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ പൊടിയും മണ്ണും അടിക്കരുത്. തലയോട്ടി വൃത്തിയായി കഴുകി സൂക്ഷിക്കുക.

10. നഖം പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ വൃത്തിയായി വെട്ടി സൂക്ഷിക്കുക. ക്രീം പുരട്ടുക.

11. ഭക്ഷണത്തില്‍ ശ്രദ്ധിക്കുക – വെള്ളം ധാരാളം കുടിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീന്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ കഴിക്കുക.

തണുപ്പ് കാലത്തെ രോഗങ്ങൾ
Psoriasis – മോയ്സ്ചറൈസർ ഉപയോഗിക്കുക. ശല്‍കങ്ങള്‍ പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക. ശീതകാലത്ത് ഉണ്ടാകുന്ന Upper respiratory tract infection സോറിയായസിസിനെ പ്രതികൂലമായി ബാധിക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സിക്കുക.

• Atopic dermatitis
– കരപ്പന്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന Aggravating factors കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ കഴിക്കുക.

• Asteatotic eczema
– വയസ്സായവരില്‍ കാണുന്ന വരണ്ട ചര്‍മം / എക്സിമ. സോപ്പ് ഒഴിവാക്കുക, മോയ്സ്ചറൈസിങ് ലോഷൻ ഇടുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

• Hand eczema
– പാത്രം കഴുകുക, തുണി നനയ്ക്കുക, മീന്‍ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗ്ലൗസ് ധരിക്കുക.

• Forefoot eczema
– കാലുകളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടിയൊലിച്ച അല്ലെങ്കില്‍ മൊരിച്ചിലോടു കൂടിയ പാടുകള്‍. സോപ്പ്, പാദരക്ഷകൾ എന്നിവ മൂലം അധികരിക്കാം. ചൊറിച്ചിലിനുള്ള മരുന്നുകള്‍, മോയ്സ്ചറൈസിങ് ലോഷൻ, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ലേപനങ്ങള്‍ എന്നിവ സമയാസമയങ്ങളില്‍ ഉപയോഗിക്കുക. കാലുകളെ സംരക്ഷിക്കുക.

• Seborrheic dermatitis
– താരന്‍ പോലെയുള്ള രോഗം തലയില്‍ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകള്‍ എന്നീ ഭാഗത്തും പ്രത്യക്ഷപ്പെടാം. കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്.

• Cold urticaria – പുഴു ആട്ടിയ പോലുള്ള ചൊറിച്ചിലോടു കൂടിയ ചുമന്ന പാടുകള്‍. അലര്‍ജിക്ക് കൊടുക്കുന്ന മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാം.

• Polymorphous Light Eruption PMLE
– വെയിലിന്റെ അലര്‍ജി, സൂര്യതാപം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോടു കൂടി വരുന്ന തിണര്‍പ്പ് മാറിയാലും വെളുത്ത നിറമുള്ള അടയാളങ്ങള്‍ മായാതെ കിടക്കാം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധച്ച് കൃത്യ സമയത്ത് ചികിത്സ തേടുകയാണെങ്കില്‍ ശീതകാല ചര്‍മരോഗങ്ങളില്‍ നിന്നും പൂര്‍ണമുക്തി നേടാവുന്നതാണ്.

ഭൗമോദയം കണ്ടിട്ടുണ്ടോ? വിശദമായി വായിക്കാം ദ്യശ്യം കാണാം

ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ഭൗമോദയക്കാഴ്ച പകർത്തി ഓറിയോൺ ബഹിരാകാശ പേടകം.
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനായി നടക്കുന്ന ആർട്ടമിസ് ദൗത്യത്തിന്റെ ഭാഗമായി അയച്ച ഓറിയോൺ സ്പേസ്ക്രാഫ്റ്റാണ് ചാന്ദ്ര ഭ്രമണപഥത്തിൽ നിന്നും മനോഹരമായ ഈ ഭൗമോദയക്കാഴ്ച പകർത്തിയത്. നാസ പുറത്തുവിട്ട വിഡിയോയിൽ ചന്ദ്രന്റെ നിഴൽ വീണ പ്രതലത്തിന്റെ പിന്നിൽ നിന്നും ഭൂമി ഉദിച്ചുയരുന്ന കാഴ്ച കാണാം. ഓറിയോൺ പേടകത്തിന്റെ സോളാർ അറേകളിലൊന്നിന്റെയറ്റത്ത് ശാസത്രജ്ഞർ ഘടിപ്പിച്ച ക്യാമറയിലൂടെയാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

എന്താണ് എർത്ത്റൈസ് (ഭൗമോദയം)?
ചന്ദ്രനിൽ നിന്നോ ചന്ദ്രന്റെ പശ്ചാത്തലത്തിൽ നിന്നോ പകർത്തുന്ന ഭൂമിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് പൊതുവേ എർത്ത്റൈസ് എന്ന് അറിയപ്പെടുന്നത്. ഭൂമി ചന്ദ്രന്റെ പശ്ചാത്തലത്തിൽ കാണുന്നുവെന്നതാണ് പ്രത്യേകത. ഇത് ചന്ദ്രന്റെ പശ്ചാത്തലത്തിൽ പകർത്തിയ ആദ്യ എർത്ത്റൈസ് ചിത്രമല്ല.

ഭൗമോദയങ്ങളുടെ ചരിത്രം
1966 ൽ ആണ് ലോകം ആദ്യത്തെ ഭൗമോദയക്കാഴ്ച കാണുന്നത്. ലൂണാർ ഓർബിറ്റർ വൺ തിരിച്ചയച്ച ബ്ലാക്ക് & വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അത്. ഒരു മങ്ങിയ ചിത്രമായിരുന്നെങ്കിലും ലൂണാർ ഓർബിറ്റർ 1 കണ്ട ഭൗമോദയം മനുഷ്യരാശിയുടെ അത് വരെയുള്ള ഏറ്റവും വലിയ ശാസ്ത്രനേട്ടങ്ങളിലൊന്നായി മാറി.

എർത്ത്റൈസിന്റെ ചിത്രം പകർത്തണമെന്നത് ഒരിക്കലും ദൗത്യത്തിന്റെ ഭാഗമായിരുന്നില്ലെന്നതാണ് ഏറ്റവും രസകരം. മറ്റൊരു ദൗത്യത്തിലായിരുന്ന സ്പേസ് പ്രോബ് അവിചാരിതമായാണ് ഈ ചിത്രം പകർത്തിയത്. ചന്ദ്രന് ചുറ്റുമുള്ള 16ാമത്തെ ഭ്രമണത്തിലാണ് ലൂണാർ ഓർബിറ്റർ 1 ഈ ചിത്രമെടുക്കുന്നതും. ചിത്രം പകർത്തിയ ശേഷം സ്പെയിനിലെ നാസ ട്രാക്കിങ് സ്റ്റേഷനിലേക്ക് ചിത്രം അയച്ച് നൽകുകയും ചെയ്തു. 2008 ഏപ്രിൽ 5 ന് ജപ്പാനീസ് പേടകം ക്യാകുകയും ഭൗമോദയത്തിന്റെ എച്ച്.ഡി വിഡിയോ പകർത്തിയിരുന്നു. ഈ ദൃശ്യവും ഇതോടൊപ്പമുള്ള വിഡിയോയിൽ കാണാം.

ആർട്ടമിസ് ദൗത്യം
അൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനാണ് ആർട്ടമിസ് ദൗത്യത്തിലൂടെ നാസ ലക്ഷ്യമിടുന്നത്. ഇതിനുള്ള ആദ്യ പടിയെന്ന നിലയിലാണ് ആർട്ടമിസ് 1 ദൗത്യവും ഓറിയോൺ പേടകവും ബഹിരാകാശത്ത് എത്തിച്ചത്. നവംബർ 16നാണ് ഓറിയോൺ ഭൂമിയിൽ നിന്ന് യാത്ര തിരിച്ചത്. ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്ത് ഫ്ലൈബൈ എക്സർസൈസും ഓറിയോൺ പൂർത്തിയാക്കിയിരുന്നു. ഈ യാത്രയിൽ ചാന്ദ്രോപരിതലത്തിന് 80 മൈൽ അടുത്ത് വരെ ഓറിയോൺ എത്തിയിരുന്നു.

അപ്പോളോ ദൗത്യങ്ങളും ചാന്ദ്ര യാത്രയുമൊക്കെ തട്ടിപ്പും കെട്ടുകഥകളുമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. സോവിയറ്റ് യൂണിയനെ സാമ്പത്തികമായി തകർക്കാൻ വേണ്ടിയാണ് അമേരിക്ക ഈ കഥ പടച്ചുവിട്ടതെന്നും ചിത്രങ്ങൾ സഹിതം തട്ടിപ്പാണെന്നുമാണ് ഇവർ ആരോപിക്കുന്നത്. ഈ കഥകളുടെയും ആരോപണങ്ങളുടെയും നടുവിൽ കൂടിയാണ് അമേരിക്ക വീണ്ടും ചന്ദ്രനിൽ മനുഷ്യനെയെത്തിക്കാൻ ശ്രമിക്കുന്നത്.

സൗദിയിൽ കനത്ത മഴ പ്രളയം: 2 മരണം

സൗദിയിൽ ഇന്നുണ്ടായ ശക്തമായ മഴയിൽ രണ്ടു മരണം. വ്യാഴാഴ്ച രാവിലെയോടെ തുടങ്ങിയ ഇടിയോടൂകൂടെയുള്ള മഴ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കി. താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും കനത്ത മഴ വെള്ളത്തിനടിയിലാക്കി. കാറുകൾ ഒലിച്ചുപോയി, ഗോഡൗണുകളിൽ നിന്ന് ഫ്രിഡ്ജും മറ്റും ഒലിച്ചു പോകുന്ന വിഡിയോയും വൈറലായി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. ഇതോടെ ജനജീവിതം സ്തംഭിച്ചു. 2500 ലധികം പേരെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. കാറ്റും ആലിപ്പഴ വർഷവും മിന്നലും റിപ്പോർട്ട് ചെയ്തു. മദീനയിലും മഴ പെയ്തു. പ്രവാചക പള്ളിയായ മസ്ജിദുന്നബവിയിൽ പ്രഭാത നിസ്‌കാരത്തിനിടെ മഴ ലഭിച്ചു. യാമ്പൂ, തബൂക്ക്, റാബിഗ് എന്നിവിടങ്ങളിലും മഴയുണ്ടായി. ജിദ്ദയിലും റാബിഗിലും ഖുലൈസിലും മുഴുവൻ സ്‌കൂളുകൾക്ക് അവധി നൽകി. കനത്ത മഴ കാരണം മക്ക – ജിദ്ദ അതിവേഗ പാത അടച്ചു. പാതയുടെ പല ഭാഗത്തും വെള്ളം കെട്ടിനിൽക്കുകയാണ്. പുണ്യ നഗരികളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഹറമൈൻ ഹൈവേയും നിരവധി ടണലുകളും നേരത്തെ തന്നെ അടച്ചിരുന്നു. ഇവിടങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ട് ആണ് അനുഭവപ്പെടുന്നത്. കനത്ത മഴ വിമാനസർവിസുകളെയും ബാധിച്ചു. ജിദ്ദയിലെ പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുന്നുണ്ട്. യാത്രക്കാർ പുതിയ സമയക്രമമറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതുവരെ രണ്ട് പേർ മരിച്ചതായി മക്ക മേഖലയിലെ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഖർനി അറിയിച്ചു. മരണ സംഖ്യ വർധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റോഡിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ചെറിയ ബോട്ടുകളുമായി സിവിൽഡിഫൻസ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. കാലാവസ്ഥ വകുപ്പ്, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും വൈദ്യുതി തൂണുകൾക്കടുത്ത് നിന്ന് വിട്ട് നിൽക്കണമെന്നും വെള്ളക്കെട്ടിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും ആളുകൾക്ക് അധികൃതർ നിർദേശം നൽകി.
2009 ലും മഴയെ തുടർന്ന് ജിദ്ദയിൽ വെള്ളക്കെട്ടുണ്ടായിരുന്നു.
റിയാദിന് തെക്കു മുതൽ ഇറാഖ്, സിറിയ, തുർക്കി വരെയുള്ള മേഘസാന്നിധ്യമാണ് മഴ നൽകിയത്. കഴിഞ്ഞ ദിവസം യു.എ.ഇയിലും ഒമാനിലും മഴ ലഭിച്ചിരുന്നു. ഖത്തറിലും നാളെ ഒറ്റപ്പെട്ട മഴസാധ്യതയുണ്ട്. ലോകകപ്പിനെ ബാധിച്ചേക്കില്ല.

മെക്സിക്കോയിലും ശക്തിയേറിയ ഭൂചലനം; സുനാമി മുന്നറിയിപ്പ് ഇല്ല

യു.എസിലെ മെക്‌സിക്കോയിലും ശക്തിയേറിയ ഭൂചലനം. ബുധനാഴ്ച രാവിലെ 8.40 ഓടെയാണ് പസഫിക് തീരത്തെ ബാജാ കാലിഫോർണിയ ഉപദ്വീപിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. സുനാമി മുന്നറിയിപ്പില്ലെന്ന് മെക്‌സികോ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. വിൻസെന്റ് ഗ്വേറേറോ ഗ്രാമത്തിന്റെ തീരത്താണ് ഭൂചലന പ്രഭവ കേന്ദ്രം. ആർക്കും പരുക്കേറ്റതായോ കാര്യമായ നാശനഷ്ടമുണ്ടായതായോ റിപ്പോർട്ടില്ലെന്ന് ബാജാ കാലിഫോർണിയ ഗവർണർ മാരീന ഡെൽ പിലാർ അവില പറഞ്ഞു.

തുർക്കിയിൽ ഭൂചലനം : 50 പേർക്ക് പരുക്ക്

തുർക്കിയിൽ ശക്തിയേറിയ ഭൂചലനത്തിൽ 50 പേർക്ക് പരുക്ക്. ആർക്കും ജീവഹാനിയില്ലെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്‌ലു ട്വീറ്റ് ചെയ്തു. വടക്കൻ തുർക്കിയിലെ ബുധനാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. ഇസ്താംബൂളിന്റെ കിഴക്ക് 170 കി.മി അകലെയാണ് ഭൂചലനം.
യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് തീവ്രത 6.1 ആണെങ്കിലും ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ ഇത് 5.9 ആണ്. ഡ്യുസെസ് പ്രവിശ്യയിലെ ഗൊലിയാക ജില്ലയിലാണ് പ്രഭവകേന്ദ്രം. 8000 ത്തോളം കെട്ടിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. കെട്ടിടങ്ങൾക്ക് കാര്യമായ പരുക്കുകളില്ല. ഈ മേഖലയിൽ 101 തുടർ ചലനങ്ങളുണ്ടായതാണ് റിപ്പോർട്ട്. ലോകത്തെ പ്രധാന ഭൂചലന കേന്ദ്രങ്ങളിലൊന്നാണ് തുർക്കി. ഇപ്പോൾ ഭൂചലനമുണ്ടായ ഡ്യുസെസ് പ്രവിശ്യയിൽ 1999 ൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 17,000 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 1000 പേർ മരിച്ചത് ഇസ്താംബൂളിലാണ്.
2020 ജനുവരിയിൽ തുർക്കിയിലുണ്ടായ 6.8 തീവ്രതയുള്ള ഭൂചലനത്തിൽ 40 പേരും, ഒക്ടോബറിലുണ്ടായ 7 തീവ്രതയുള്ള ഭൂചലനത്തിൽ 114 പേരും കൊല്ലപ്പെട്ടിരുന്നു.

യു.എ. ഇ യിലും ഒമാനിലും മഴ

ദുബൈ: കാലാവസ്ഥയുടെ മാറ്റം സൂചിപ്പിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും മഴ ലഭിച്ചു.ഖോര്‍ഫുഖാന്‍ പോലുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്തെ കാലാവസ്ഥാ വിഭാഗം മഴയുമായി ബന്ധപ്പെട്ട് മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു.

ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നീ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലുമാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.
ദുബൈ വേൾഡ് ട്രേഡ് സെന്റർ മുതൽ ജുമൈറ, കരാമ, മുഹൈസിന, വർസാൻ എന്നിവിടങ്ങളിലേയ്ക്കും ഷാർജ, അജ്മാൻ, അബൂദബി, ഉമ്മുൽ ഖുവൈൻ എന്നീ അയൽ എമിറേറ്റുകളിലും മഴ പെയ്തതു. വർസാനിൽ ശക്തമായ മഴയാണ് പെയ്ത്.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നവംബർ 11നു രാജ്യത്തെ എല്ലാ പള്ളികളിലും മഴ പ്രാർഥന നടത്താൻ നിർദ്ദേശിച്ചിരുന്നു. ദുബൈ, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ ചെറിയ രീതിയിൽ കനത്ത മഴയും അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയും രേഖപ്പെടുത്തി.ചില ഭാഗങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പെട്ട മഴ രേഖപ്പെടുത്തി.

ന്യൂനമർദം കരകയറും മുൻപ് ദുർബലം, കേരളത്തിലെ മഴ സാധ്യത മങ്ങി

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിന്റെ തീരത്ത് രൂപം കൊണ്ട തീവ്ര ന്യൂനമർദം ഇന്ന് ദുർബലമായി. നിലവിൽ ന്യൂനമർദം വെൽ മാർക്ഡ് ലോ പ്രഷറായി മാറിയിട്ടുണ്ട്. നാളെ രാവിലെയോടെ ന്യൂനമർദമായി വീണ്ടും ശക്തികുറയും.
പ്രതീക്ഷിച്ച ശക്തമായ മഴ തെക്കൻ ആന്ധ്രപ്രദേശ്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ നൽകാതെയാണ് ന്യൂനമർദം ദുർബലമായത്. നാളെ മുതൽ വടക്കൻ കേരളത്തിൽ പെയ്യുമെന്ന് കരുതിയ മഴ സാധ്യതയും മങ്ങി. എങ്കിലും ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്രാപ്രദേശിലും കർണാടകയിലും നാളെയും മഴ സാധാരണ തോതിൽ തുടരും. എവിടെയും പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരില്ല. കേരളത്തിൽ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴയുണ്ടാകും. തെക്കൻ കേരളവും മധ്യ കേരളവും വരണ്ട കാലാവസ്ഥയിൽ തുടരും. ഈ ന്യൂനമർദവും ദുർബലമായി ഇന്ത്യയുടെ കരഭാഗം കടന്ന് അറബിക്കടലിലെത്തും. ഈ മാസം 24 ന് മറ്റൊരു ചക്രവാതച്ചുഴിയും ആൻഡമാൻ കടലിൽ രൂപം കൊള്ളും. ഈ സിസ്റ്റവും ശക്തിപ്പെട്ട് ന്യൂനമർദമാകാൻ സാധ്യതയുണ്ട്. വിശദമായ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ഇവിടെ അറിയാനാകും.
Photo : Ajay Sivan

സോളമൻ ദ്വീപിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പസഫിക്ക് സമുദ്രത്തിലെ സോളമൻ ദ്വീപിനോട് ചേർന്ന് ഇന്ത്യൻ സമയം ഇന്ന് രാവിലെ 8 മണിയോടെ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. യു.എസ് ജിയോളജിക്കൽ സർവേ മേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സോളമൻ ദ്വീപിലെ മലങ്കോയിൽ ആണ് ഭൂചലന പ്രഭകേന്ദ്രം. 7, 6 തീവ്രത രേഖപ്പെടുത്തിയ തുടർച്ചലനങ്ങളും ഇവിടെയുണ്ടായി. ഭൗമോപരിതത്തിൽ നിന്ന് 10 കിലോമീറ്റർ ആഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് യു.എസ് ജിയോളജിക്കൽ സർവേ പറയുന്നത്.

സമീപ രാജ്യമായ ആസ്ട്രേലിയയിലും 6.9 തീവ്രതയുള്ള ഉള്ള ഭൂചലനം ഉണ്ടായതായി ആസ്ട്രേലിയൻ ജിയോ സയൻസ് റിപ്പോർട്ട് ചെയ്തു. 4 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ആസ്ട്രേലിയയിലും തുടർചലനങ്ങൾ ഉണ്ടായി. ഭൂചലന പ്രഭകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ പരിധിയിൽ സുനാമി തിരമാലകൾ ഉണ്ടാകാമെന്നാണ് യു.എസ് നൽകിയ മുന്നറിയിപ്പ്.
അതിനാൽ ഇന്ത്യയിൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭീഷണിയില്ല. ജനങ്ങളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറി താമസിക്കാൻ നിർദ്ദേശം നൽകിയെന്ന് സോളമൻ ദ്വീപ് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നലെ ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂചലനത്തിൽ 162 പേർ മരിച്ചിരുന്നു.

ഇന്തോനേഷ്യയിലെ ഭൂചലനം : മരണം 162 ആയി

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. ജാവ ഗവർണർ റിള്‌വാൻ കാമിൽ ആണ് ഇക്കാര്യം അറിയിച്ചത്. 600 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. . ജാവ ദ്വീപിലാണ് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പടിഞ്ഞാറൻ ജാവയിലെ സിയാൻചർ ടൗണിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴെയാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ദുർബലമായ വീടുകളാണ് ഇവിടെയുള്ളത്. ഇതാണ് മരണസംഖ്യ വർധിപ്പിച്ചത്. 25 തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്തു. 2,200 വീടുകൾ തകർന്നതായി ഇന്തോനേഷ്യൻ നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി (ബി.എൻ.പി.ബി) അറിയിച്ചു. 13,000 പേരെ മാറ്റിപാർപ്പിച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21 ആണ് ഭൂചലനമുണ്ടായത്. സ്‌കൂളുകൾ തകർന്നു നിരവധി കുട്ടികൾക്ക് പരുക്കേറ്റു. ജക്കാർത്തയിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ ഓഫിസുകളും സ്‌കൂളുകളും ഒഴിപ്പിച്ചു.
പരുക്കേറ്റവരെ ആശുപത്രിയിലും റോഡരികിലും ചികിത്സിക്കുകയാണ്. വൈദ്യുതി നിലച്ചതിനാൽ ചികിത്സയെയും രക്ഷാപ്രവർത്തനത്തെയും വാർത്താവിനിമയത്തെയും ബാധിച്ചു. പലരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പരിശീലനം നേടിയ സ്‌നിഫർ നായകളുടെ സഹായത്തോടെയാണ് തെരച്ചിൽ നടക്കുന്നത്.
തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പരുക്കേറ്റവരെ പുറത്തെടുക്കുകയാണെന്നും മരണ സംഖ്യ കൂടാൻ ഇടയുണ്ടെന്നും ഇന്തോനേഷ്യൻ പൊലിസ് പറഞ്ഞു. നിരവധി കെട്ടിടങ്ങൾ തകർന്നുവെന്ന് നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വാർത്താ കുറിപ്പിൽ അറിയിച്ചു. തലസ്ഥാവനമായ ജക്കാർത്തയിൽ നിന്ന് 97 കിലോമീറ്റർ അകലെയാണ് ഭൂചലന പ്രഭവകേന്ദ്രം.

ഭൂചലന സാധ്യത കൂടിയ പ്രദേശം
പസഫിക്, യൂറേഷ്യൻ, ഇന്തോ ആസ്‌ത്രേലിയൻ ടെക്ടോണിക് പ്ലേറ്റുകളും സംഗമ മേഖലയിലാണ് ഇന്തോനേഷ്യ. പസഫിക് റിംഗ് ഓഫ് ഫയർ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഇവ തമ്മിലുള്ള ഉരസലാണ് ഇന്തോനേഷ്യയെ ഭൂചലന മേഖലയാക്കുന്നത്. 2004 ൽ സുമാത്രയിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ 2.26 ലക്ഷം പേർ 14 രാജ്യങ്ങളിൽ മരിച്ചിരുന്നു.

ഇന്തോനേഷ്യയിൽ ഭൂചലനം: 56 മരണം, 700 പേർക്ക് പരുക്ക്

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 56 മരണം. ജാവ ദ്വീപിലാണ് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 700 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 300 വീടുകൾ തകർന്നു.

പടിഞ്ഞാറൻ ജാവയിലെ സിയാൻചർ ടൗണിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴെയാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തുടർ ചലനത്തിന് സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യൻ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. 25 തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശം മണ്ണിടിച്ചിലിനു സാധ്യതയുള്ള മേഖലയാണ്. ദുർബലമായ വീടുകളാണ് ഇവിടെയുള്ളത്. ഇതാണ് മരണസംഖ്യ വർധിപ്പിച്ചത്. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പരുക്കേറ്റവരെ പുറത്തെടുക്കുകയാണെന്നും മരണ സംഖ്യ കൂടാൻ ഇടയുണ്ടെന്നും ഇന്തോനേഷ്യൻ പൊലിസ് പറഞ്ഞു. നിരവധി കെട്ടിടങ്ങൾ തകർന്നുവെന്ന് നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വാർത്താ കുറിപ്പിൽ അറിയിച്ചു.

ഭൂചലന സാധ്യത കൂടിയ പ്രദേശം
പസഫിക്, യൂറേഷ്യൻ, ഇന്തോ ആസ്‌ത്രേലിയൻ ടെക്ടോണിക് പ്ലേറ്റുകളും സംഗമ മേഖലയിലാണ് ഇന്തോനേഷ്യ. പസഫിക് റിംഗ് ഓഫ് ഫയർ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഇവ തമ്മിലുള്ള ഉരസലാണ് ഇന്തോനേഷ്യയെ ഭൂചലന മേഖലയാക്കുന്നത്. 2004 ൽ സുമാത്രയിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ 2.26 ലക്ഷം പേർ 14 രാജ്യങ്ങളിൽ മരിച്ചിരുന്നു