Menu

metbeat news

മഞ്ഞുകാലത്തെ ചർമ സംരക്ഷണം അറിയാം

ഡോ.ശാലിനി

1.തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക.

2. ഷവറില്‍ കുളിക്കരുത്.

3. 10 മിനിറ്റിനകം കുളിച്ചിറങ്ങുക.

4. സോപ്പിനു പകരം ക്ലെൻസിങ് ലോഷൻ ഉപയോഗിക്കുക.

5. കുളി കഴിഞ്ഞാല്‍ നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് മോയ്സ്ചറൈസിങ് ലോഷൻ പുരട്ടുക. നിറവും മണവും ഇല്ലാത്ത മോയ്സ്ചറൈസിങ് ലോഷൻ ആണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയില്‍ അടങ്ങിയ ക്രീം ആണ് നല്ലത്. അല്ലെങ്കില്‍ Glycolic acid, Lactic acid എന്നിവ അടങ്ങിയ ക്രീം നല്ലതാണ്.

6. വിയര്‍പ്പ് തങ്ങി നില്‍ക്കുന്ന ഭാഗങ്ങളില്‍ കാറ്റു കൊള്ളിക്കുക. മടക്കുകളില്‍ അധികം മണമില്ലാത്ത പൗഡര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

7. കമ്പിളി വസ്ത്രങ്ങള്‍, പുതപ്പ് എന്നിവ പലര്‍ക്കും അലര്‍ജി ഉണ്ടാക്കാം. അവയ്ക്ക് കോട്ടണ്‍ തുണി കൊണ്ട് ഒരു ആവരണം തയ്ച്ച ശേഷം ഉപയോഗിക്കാം.

8. ഗ്ലൗസ്, സോക്‌സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.

9. മുടി – താരന്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ താരനു വേണ്ടിയുള്ള ഷാംപൂ ഓരോ ദിവസം ഇടവിട്ട് തലയില്‍ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളര്‍ന്നു വരാം, അതിനാല്‍ കൃത്യമായി ട്രിം ചെയ്യുക. മുടിയില്‍ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ പൊടിയും മണ്ണും അടിക്കരുത്. തലയോട്ടി വൃത്തിയായി കഴുകി സൂക്ഷിക്കുക.

10. നഖം പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ വൃത്തിയായി വെട്ടി സൂക്ഷിക്കുക. ക്രീം പുരട്ടുക.

11. ഭക്ഷണത്തില്‍ ശ്രദ്ധിക്കുക – വെള്ളം ധാരാളം കുടിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീന്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ കഴിക്കുക.

തണുപ്പ് കാലത്തെ രോഗങ്ങൾ
Psoriasis – മോയ്സ്ചറൈസർ ഉപയോഗിക്കുക. ശല്‍കങ്ങള്‍ പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക. ശീതകാലത്ത് ഉണ്ടാകുന്ന Upper respiratory tract infection സോറിയായസിസിനെ പ്രതികൂലമായി ബാധിക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സിക്കുക.

• Atopic dermatitis
– കരപ്പന്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന Aggravating factors കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ കഴിക്കുക.

• Asteatotic eczema
– വയസ്സായവരില്‍ കാണുന്ന വരണ്ട ചര്‍മം / എക്സിമ. സോപ്പ് ഒഴിവാക്കുക, മോയ്സ്ചറൈസിങ് ലോഷൻ ഇടുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

• Hand eczema
– പാത്രം കഴുകുക, തുണി നനയ്ക്കുക, മീന്‍ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗ്ലൗസ് ധരിക്കുക.

• Forefoot eczema
– കാലുകളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടിയൊലിച്ച അല്ലെങ്കില്‍ മൊരിച്ചിലോടു കൂടിയ പാടുകള്‍. സോപ്പ്, പാദരക്ഷകൾ എന്നിവ മൂലം അധികരിക്കാം. ചൊറിച്ചിലിനുള്ള മരുന്നുകള്‍, മോയ്സ്ചറൈസിങ് ലോഷൻ, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ലേപനങ്ങള്‍ എന്നിവ സമയാസമയങ്ങളില്‍ ഉപയോഗിക്കുക. കാലുകളെ സംരക്ഷിക്കുക.

• Seborrheic dermatitis
– താരന്‍ പോലെയുള്ള രോഗം തലയില്‍ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകള്‍ എന്നീ ഭാഗത്തും പ്രത്യക്ഷപ്പെടാം. കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്.

• Cold urticaria – പുഴു ആട്ടിയ പോലുള്ള ചൊറിച്ചിലോടു കൂടിയ ചുമന്ന പാടുകള്‍. അലര്‍ജിക്ക് കൊടുക്കുന്ന മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാം.

• Polymorphous Light Eruption PMLE
– വെയിലിന്റെ അലര്‍ജി, സൂര്യതാപം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോടു കൂടി വരുന്ന തിണര്‍പ്പ് മാറിയാലും വെളുത്ത നിറമുള്ള അടയാളങ്ങള്‍ മായാതെ കിടക്കാം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധച്ച് കൃത്യ സമയത്ത് ചികിത്സ തേടുകയാണെങ്കില്‍ ശീതകാല ചര്‍മരോഗങ്ങളില്‍ നിന്നും പൂര്‍ണമുക്തി നേടാവുന്നതാണ്.

സൗദിയിൽ കനത്ത മഴ പ്രളയം: 2 മരണം

സൗദിയിൽ ഇന്നുണ്ടായ ശക്തമായ മഴയിൽ രണ്ടു മരണം. വ്യാഴാഴ്ച രാവിലെയോടെ തുടങ്ങിയ ഇടിയോടൂകൂടെയുള്ള മഴ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കി. താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും കനത്ത മഴ വെള്ളത്തിനടിയിലാക്കി. കാറുകൾ ഒലിച്ചുപോയി, ഗോഡൗണുകളിൽ നിന്ന് ഫ്രിഡ്ജും മറ്റും ഒലിച്ചു പോകുന്ന വിഡിയോയും വൈറലായി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. ഇതോടെ ജനജീവിതം സ്തംഭിച്ചു. 2500 ലധികം പേരെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. കാറ്റും ആലിപ്പഴ വർഷവും മിന്നലും റിപ്പോർട്ട് ചെയ്തു. മദീനയിലും മഴ പെയ്തു. പ്രവാചക പള്ളിയായ മസ്ജിദുന്നബവിയിൽ പ്രഭാത നിസ്‌കാരത്തിനിടെ മഴ ലഭിച്ചു. യാമ്പൂ, തബൂക്ക്, റാബിഗ് എന്നിവിടങ്ങളിലും മഴയുണ്ടായി. ജിദ്ദയിലും റാബിഗിലും ഖുലൈസിലും മുഴുവൻ സ്‌കൂളുകൾക്ക് അവധി നൽകി. കനത്ത മഴ കാരണം മക്ക – ജിദ്ദ അതിവേഗ പാത അടച്ചു. പാതയുടെ പല ഭാഗത്തും വെള്ളം കെട്ടിനിൽക്കുകയാണ്. പുണ്യ നഗരികളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഹറമൈൻ ഹൈവേയും നിരവധി ടണലുകളും നേരത്തെ തന്നെ അടച്ചിരുന്നു. ഇവിടങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ട് ആണ് അനുഭവപ്പെടുന്നത്. കനത്ത മഴ വിമാനസർവിസുകളെയും ബാധിച്ചു. ജിദ്ദയിലെ പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുന്നുണ്ട്. യാത്രക്കാർ പുതിയ സമയക്രമമറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതുവരെ രണ്ട് പേർ മരിച്ചതായി മക്ക മേഖലയിലെ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഖർനി അറിയിച്ചു. മരണ സംഖ്യ വർധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റോഡിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ചെറിയ ബോട്ടുകളുമായി സിവിൽഡിഫൻസ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. കാലാവസ്ഥ വകുപ്പ്, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും വൈദ്യുതി തൂണുകൾക്കടുത്ത് നിന്ന് വിട്ട് നിൽക്കണമെന്നും വെള്ളക്കെട്ടിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും ആളുകൾക്ക് അധികൃതർ നിർദേശം നൽകി.
2009 ലും മഴയെ തുടർന്ന് ജിദ്ദയിൽ വെള്ളക്കെട്ടുണ്ടായിരുന്നു.
റിയാദിന് തെക്കു മുതൽ ഇറാഖ്, സിറിയ, തുർക്കി വരെയുള്ള മേഘസാന്നിധ്യമാണ് മഴ നൽകിയത്. കഴിഞ്ഞ ദിവസം യു.എ.ഇയിലും ഒമാനിലും മഴ ലഭിച്ചിരുന്നു. ഖത്തറിലും നാളെ ഒറ്റപ്പെട്ട മഴസാധ്യതയുണ്ട്. ലോകകപ്പിനെ ബാധിച്ചേക്കില്ല.

യു.എ. ഇ യിലും ഒമാനിലും മഴ

ദുബൈ: കാലാവസ്ഥയുടെ മാറ്റം സൂചിപ്പിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും മഴ ലഭിച്ചു.ഖോര്‍ഫുഖാന്‍ പോലുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്തെ കാലാവസ്ഥാ വിഭാഗം മഴയുമായി ബന്ധപ്പെട്ട് മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു.

ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നീ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലുമാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.
ദുബൈ വേൾഡ് ട്രേഡ് സെന്റർ മുതൽ ജുമൈറ, കരാമ, മുഹൈസിന, വർസാൻ എന്നിവിടങ്ങളിലേയ്ക്കും ഷാർജ, അജ്മാൻ, അബൂദബി, ഉമ്മുൽ ഖുവൈൻ എന്നീ അയൽ എമിറേറ്റുകളിലും മഴ പെയ്തതു. വർസാനിൽ ശക്തമായ മഴയാണ് പെയ്ത്.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നവംബർ 11നു രാജ്യത്തെ എല്ലാ പള്ളികളിലും മഴ പ്രാർഥന നടത്താൻ നിർദ്ദേശിച്ചിരുന്നു. ദുബൈ, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ ചെറിയ രീതിയിൽ കനത്ത മഴയും അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയും രേഖപ്പെടുത്തി.ചില ഭാഗങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പെട്ട മഴ രേഖപ്പെടുത്തി.

ന്യൂനമർദം കരകയറും മുൻപ് ദുർബലം, കേരളത്തിലെ മഴ സാധ്യത മങ്ങി

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിന്റെ തീരത്ത് രൂപം കൊണ്ട തീവ്ര ന്യൂനമർദം ഇന്ന് ദുർബലമായി. നിലവിൽ ന്യൂനമർദം വെൽ മാർക്ഡ് ലോ പ്രഷറായി മാറിയിട്ടുണ്ട്. നാളെ രാവിലെയോടെ ന്യൂനമർദമായി വീണ്ടും ശക്തികുറയും.
പ്രതീക്ഷിച്ച ശക്തമായ മഴ തെക്കൻ ആന്ധ്രപ്രദേശ്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ നൽകാതെയാണ് ന്യൂനമർദം ദുർബലമായത്. നാളെ മുതൽ വടക്കൻ കേരളത്തിൽ പെയ്യുമെന്ന് കരുതിയ മഴ സാധ്യതയും മങ്ങി. എങ്കിലും ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്രാപ്രദേശിലും കർണാടകയിലും നാളെയും മഴ സാധാരണ തോതിൽ തുടരും. എവിടെയും പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരില്ല. കേരളത്തിൽ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴയുണ്ടാകും. തെക്കൻ കേരളവും മധ്യ കേരളവും വരണ്ട കാലാവസ്ഥയിൽ തുടരും. ഈ ന്യൂനമർദവും ദുർബലമായി ഇന്ത്യയുടെ കരഭാഗം കടന്ന് അറബിക്കടലിലെത്തും. ഈ മാസം 24 ന് മറ്റൊരു ചക്രവാതച്ചുഴിയും ആൻഡമാൻ കടലിൽ രൂപം കൊള്ളും. ഈ സിസ്റ്റവും ശക്തിപ്പെട്ട് ന്യൂനമർദമാകാൻ സാധ്യതയുണ്ട്. വിശദമായ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ഇവിടെ അറിയാനാകും.
Photo : Ajay Sivan

മണ്ടൂസ് ചുഴലിയാകില്ല, ന്യൂനമർദം നാളെ തീവ്രമായി തീരത്തേക്ക്

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദം നാളെ തീവ്രന്യൂമർദമാകും. ന്യൂനമർദം മണ്ടൂസ് ചുഴലിക്കാറ്റാകാനുള്ള സാധ്യത കുറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട കാറ്റ് ബംഗാൾ ഉൾക്കടലിലേക്കും വ്യാപിക്കുന്നതാണ് കാരണം. തീവ്രന്യൂനമർദമായ ശേഷം വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്ര തീരം ലക്ഷ്യമാക്കി ന്യൂനമർദം നീങ്ങുമെന്നാണ് ഞങ്ങളുടെ നിരീക്ഷികർ കരുതുന്നത്.
തെക്കൻ ആന്ധ്രപ്രദേശ്, പുതുച്ചേരി, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് ന്യൂനമർദം കാരണമാകും. കേരളത്തിലും ഒറ്റപ്പെട്ട മഴ ഉണ്ടാകും. തെക്കൻ ആന്ധ്ര, വടക്കൻ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ഹിമാലയൻ മേഖലയിൽ ഭൂചലനം തുടർക്കഥ, ഹിമാചലിൽ 4.1 രേഖപ്പെടുത്തിയ ചലനം

ഹിമാചൽ പ്രദേശിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി 9 32 നാണ് ഭൂചലനം ഉണ്ടായത്. ടെംപ്ലോറിലാണ് പ്രഭവ കേന്ദ്രം. ഹിൽ സ്റ്റേഷൻ ആയ മണ്ടിയിക്ക് വടക്കു പടിഞ്ഞാറൻ മേഖലയിൽ 27 കി.മി. അകലെയാണ് ഭൂചലനം ഉണ്ടായ പ്രദേശം. ഏതാനും ദിവസമായി ഹിമാലയൻ മേഖലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നേപ്പാളിലും ഭൂചലനം ഉണ്ടായിരുന്നു. നവംബർ 8 നും 16 നും ഇടയിൽ 10 ഭൂചലനങ്ങളുണ്ടായി.

കാലാവസ്ഥ പ്രതിസന്ധി: ആഗോള പ്രതിഷേധത്തിൽ അണിചേരണമെന്ന്

ഈജിപ്തിലെ ഷാം- അൽ-ഷൈഖിൽ നവംബർ 6 മുതൽ 18 വരെ നടക്കുന്ന COP27 യുഎൻ കാലാവസ്ഥാ ചർച്ചയുടെ പശ്ചാത്തലത്തിൽ ഹരിതഗൃഹ വാതക പുറന്തള്ളൽ വെട്ടിക്കുറയ്ക്കാനും കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനും സർക്കാരുകളെ പ്രേരിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള സിവിൽ സൊസൈറ്റി സംഘടനകൾ നവമ്പർ 12 ന് കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള ‘ഗ്ലോബൽ ആക്ഷൻ ഡേ’ ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്.

നവംബർ 12ന് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഈ പ്രതിഷേധത്തിൽ പങ്കുചേരാൻ കേരളത്തിലെ മുഴുവൻ സംഘടനകളോടും സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് ദേശീയ സമ്മേളനം സംഘാടക സമിതി അഭ്യർത്ഥിച്ചു.
വിദ്യാർത്ഥി സമൂഹം, പരിസ്ഥിതി -ജനകീയ ശാസ്ത്ര സംഘടനകൾ, സമര പ്രസ്ഥാനങ്ങൾ തുടങ്ങി എല്ലാ സിവിൽ സൊസൈറ്റി സംഘടനകളും അവരവരുടെ പ്രദേശങ്ങളിൽ,’ ക്ലൈമറ്റ് വാക്ക്’, ‘ക്ലൈമറ്റ് കഫേ’, ‘പ്രതിഷേധ റാലി’, ‘പൊതുയോഗം’, ‘സർഗാത്മക പ്രതിഷേധ പരിപാടികൾ’ എന്നിവ സംഘടിപ്പിച്ച് ഈ ആഗോള പ്രതിഷേധത്തിൽ അണിചേരണമെന്നാണ് സംഘടനയുടെ അഭ്യർഥന.

ഫോസിൽ ഇന്ധന പദ്ധതികളുടെ വിപുലീകരണം അവസാനിപ്പിക്കാനും കാലാവസ്ഥാ പ്രതിസന്ധി ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിക്കാൻ സാധ്യതയുള്ള സമൂഹങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായങ്ങൾ നൽകാനും വേണ്ടി ശബ്ദമുയർത്തേണ്ടതുണ്ട്. കാലാവസ്ഥാ ധനസഹായം വായ്പകളെന്ന നിലയില്ലാതെ ഗ്രാൻ്റുകളായി അനുവദിക്കണം.
ഉത്പാദന – ഉപഭോഗ നിരക്കും കാർബൺ പുറന്തള്ളൽ നിരക്കും താരതമ്യേന കുറഞ്ഞ ആഫ്രിക്കൻ-ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് കാലാവസ്ഥാ നീതി ലഭ്യമാക്കാനും ഐക്യദാർഢ്യം ശക്തിപ്പെടുത്താനും ഈ അവസരം ഉപയോഗിക്കണമെന്ന് സംഘടന വാർത്താക്കുറുപ്പിൽ പറഞ്ഞു.

ആഗോള താപന വർദ്ധനവ് 1.5 ഡിഗ്രി സെൻ്റീ ഗ്രേഡിൽ നിലനിർത്താൻ ഗ്ലാസ്ഗോ ഉച്ചകോടിയിൽ ലോകരാഷ്ട്രങ്ങൾ സമ്മതിച്ചുവെങ്കിലും അവ നടപ്പിലാക്കാനാവശ്യമായ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ വിമുഖത കാണിക്കുകയാണ്. ശക്തമായ ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ ഭരണാധികാരികളെ ഇതിലേക്ക് നയിക്കാൻ സാധിക്കുകയുള്ളൂ.

ദേശീയ സമ്മേളനം സംഘാടക സമിതിക്ക് വേണ്ടി കല്പറ്റ നാരായണൻ, ഡോ.കെ.ജി. താര, സി.ആർ.നീലകണ്ഠൻ, ഡോ.ആസാദ്, പ്രൊഫ. കുസുമം ജോസഫ്, എൻ.പി. ചെക്കുട്ടി, കെ.എസ്. ഹരിഹരൻ, എസ്.പി.രവി, അംബിക, എൻ.സുബ്രഹ്മണ്യൻ, കെ.പി.പ്രകാശൻ, വിജയരാഘവൻ ചേലിയ, പി.ടി.ജോൺ, ടി.വി.രാജൻ, ഡോ. സ്മിത പി കുമാർ, വി.പി.റജീന, അശോകൻ നമ്പഴിക്കാട്, അജിതൻ കെ.ആർ., എം.സുൾഫത്ത്, തൽഹത്ത് വെള്ളയിൽ, അക്ഷയ് കുമാർ, കെ.സഹദേവൻ എന്നിവർ പ്രസ്താവനയിൽ ഒപ്പുവച്ചു.

മഴ ഇല്ലാതെ ഖത്തർ: നാളെ മഴക്ക് വേണ്ടി പ്രത്യേക പ്രാർഥന

ഖത്തറിൽ മഴ കുറഞ്ഞതിനെ തുടർന്ന് മഴക്ക് വേണ്ടിയുള്ള പ്രാർഥനക്ക് ആഹ്വാനം. സമൃദ്ധമായ മഴ ലഭിക്കാന്‍ വേണ്ടിയുള്ള ഇസ്തിസ്ഖ പ്രാര്‍ഥന (മഴ പ്രാർഥന) നാളെ നടക്കും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും. രാവിലെ 5.53നാണ് മഴ പ്രാർഥന. പ്രവാചക ചര്യ പിന്തുടര്‍ന്നാണ് മഴ പ്രാര്‍ഥന നടത്തുന്നത്. അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ പൗരന്മാര്‍ക്കൊപ്പം അമീറും നമസ്‌കാരത്തില്‍ പങ്കെടുക്കുമെന്ന് ഖത്തർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ പള്ളികളിലും മഴ പ്രാര്‍ഥന നടക്കുമെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മഴ പ്രാര്‍ഥനക്ക് മുന്‍പായി വിശ്വാസികള്‍ നിര്‍വഹിക്കേണ്ട വ്രതമെടുക്കല്‍, സദഖ (ദാനം) നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍ (ദന്ത ശുചീകരണം), ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കര്‍മങ്ങളെക്കുറിച്ചും മന്ത്രാലയം ഓര്‍മിപ്പിച്ചു.

കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ മഴ പ്രാര്‍ഥനയില്‍ പങ്കെടുക്കാറുണ്ട്. മുതിര്‍ന്നവരില്‍ ഒട്ടുമിക്കവരും നോമ്പെടുത്താണ് മഴ നമസ്‌കാരം നടത്തുന്നത്. നോമ്പുകാരന്റെ പ്രാര്‍ഥന അല്ലാഹു തള്ളില്ലെന്ന പ്രവാചകന്റെ വചനത്തെ അടിസ്ഥാനമാക്കിയാണ് നോമ്പെടുത്ത് പ്രാര്‍ഥന നടത്തുന്നത്. വ്രതമെടുക്കല്‍, സദഖ നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍, ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കര്‍മങ്ങള്‍ അനുഷ്ഠിച്ച ശേഷമാണ് വിശ്വാസികള്‍ മഴ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നത്.
അതേസമയം, ഈ ആഴ്ച അവസാനത്തോടെ ഖത്തറിൽ മഴ സാധ്യത ഉണ്ടെന്ന് Metbeat Weather പറഞ്ഞു. ഇപ്പോഴത്തെ തെക്ക് പടിഞ്ഞാറൻ കാറ്റ് വെള്ളിയാഴ്ചക്ക് ശേഷം തെക്ക് കിഴക്കൻ ദിശയിലേക്ക് മാറുന്നത് മഴക്ക് അനുകൂലമാകുമെന്നാണ് നിരീക്ഷണം.

സിത്രാങ് ചുഴലിക്കാറ്റ് കരകയറി ദുർബലമായി

സിത്രാങ് ചുഴലിക്കാറ്റ് ഇന്ന് പുലർച്ചയോടെ വടക്കു കിഴക്കൻ ബംഗ്ലാദേശിൽ കരകയറി ദുർബലമായി. ഇപ്പോൾ ഇത് ദുർബലമായി അതിതീവ്ര ന്യൂനമർദ്ദമായി മാറി. അടുത്ത 6 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറും. ധാക്കയിൽ നിന്ന് 150 കിലോമീറ്ററും അഗർത്തലയിൽ നിന്ന് 90 കിലോമീറ്ററും അകലെയാണ് ഇപ്പോൾ ന്യൂനമർദ്ദത്തിന്റെ സ്ഥാനം. ബംഗാളിലും ബംഗ്ലാദേശിലും കനത്ത മഴ ഇന്നുകൂടി തുടരും. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചത് പോലെയുള്ള കാലാവസ്ഥയാണ് തുടരുക. ഒറ്റപ്പെട്ട മഴ വൈകിട്ട് രാത്രി തുടരും.

ന്യൂനമർദ്ദം ശക്തിപ്പെടും; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാതചുഴി ഇന്ന് ദുർബലപ്പെട്ടെങ്കിലും അറബിക്കടലിൽ ശക്തമായ മേഘ രൂപീകരണം നടക്കുകയാണ്. ഇന്ന് രാവിലെ മുതൽ അറബിക്കടലിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. എന്നാൽ കാറ്റിന്റെ ദിശ അനുകൂലമല്ലാത്തതിനാൽ ഇവ കേരളതീരത്തേക്ക് എത്തിയിരുന്നില്ല. രാത്രിയോ പുലർച്ചെയോ ഇവ കേരളതീരത്തേക്ക് എത്താനും തീരപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനും കാരണമാകുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.

അതേസമയം, ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാത ചുഴി ശക്തിപ്പെടുകയാണ്. വ്യാഴാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി മാറും. തുടർന്ന് ഈ മാസം 22ന് തീവ്ര ന്യൂനമർദ്ദം അഥവാ ഡിപ്രഷൻ ആയി മാറും. വീണ്ടും ഈ സിസ്റ്റം ശക്തിപ്പെടാനും അതിതീവ്ര ന്യൂനമർദ്ദം (Deep Depression) ആകാനും സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ബംഗാൾ ഉൾക്കടലിൽ അൻഡമാൻ ദ്വീപ് മേഖലയിൽ ആയി രൂപപ്പെടുന്ന ന്യൂനമർദ്ദം വടക്ക് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ആന്ധ്രപ്രദേശിന്റെ വടക്കുഭാഗത്തേക്ക് ഒഡിഷ്യയിലേക്കോ ആണ് നീങ്ങാൻ സാധ്യത. ഈ ന്യൂനമർദ്ദം തമിഴ്നാട്ടിലേക്ക് തുലാവർഷത്തെ എത്തിക്കും.

അതേസമയം, മഹാരാഷ്ട്രയിൽ എത്തിനിൽക്കുന്ന കാലവർഷത്തിന്റെ വിടവാങ്ങൽ ഇന്ന് കൂടുതൽ പ്രദേശത്തേക്ക് പുരോഗമിച്ചില്ല. നാളെയോടെ മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലേക്ക് പുരോഗമിക്കാൻ സാധ്യതയുണ്ട്. കാലവർഷം പൂർണമായി വിടവാങ്ങിയ ശേഷമേ തുലാവർഷം എത്തിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. കേരളത്തിൽ കിഴക്കൻ മേഖലയിൽ ഇടിയോടുകൂടിയുള്ള ശക്തമായ മഴയും പടിഞ്ഞാറ് മേഖലയിൽ ഇന്ന് അറബിക്കടലിലെ മേഘരൂപീകരണത്തെ തുടർന്നുള്ള മഴയും ലഭിക്കും. കിഴക്കൻ മേഖലയിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പോകുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾ അപ്ഡേറ്റ് ചെയ്യണം.