കാലവർഷം സജീവമാകും , എങ്ങനെ എന്നറിയാം

ഒരിടവേളയ്ക്ക് ശേഷം തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) പതിയെ സജീവമാവുകയാണ്. ആഗോള മഴപ്പാത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം.ജെ. ഒയുടെ സാന്നിധ്യം പടിഞ്ഞാറൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും എത്തുന്നതാണ് കേരളത്തിൽ വീണ്ടും കാലവർഷം സജീവമാവാകാൻ കാരണം. മെയ് അവസാന വാരത്തോടെ കേരളത്തിൽ കാലവർഷക്കാറ്റ് എത്തിയെങ്കിലും പിന്നീട് ദുർബലമാവുകയായിരുന്നു. സാധാരണ കാലവർഷത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നായ MJO യുടെ അഭാവമാണ് കാലവർഷ കാറ്റിനെ കേരളത്തിൽ ദുർബലമാക്കിയിരുന്നത്. MJO ഏഴിലും എട്ടിലും (മാരിടൈം, അറ്റ്ലാന്റിക് സമുദ്രത്തിൽ ) ഒരു മാസത്തോളമായി തുടരുകയായിരുന്നു. MJO വീണ്ടും രണ്ട് , മൂന്ന് ഫേസുകളിലേക്ക് മാറുകയാണ്. അതായത് ഇന്ത്യൻ മഹാസമുദ്രത്തിൽ എം.ജെ ഒയുടെ സാന്നിധ്യം അടുത്ത ആഴ്ചകളിലും ഉണ്ടാകുമെന്ന് അർത്ഥം. ഇതിനാൽ മൺസൂൺ കേരളത്തിൽ ശക്തിപ്പെടാനും കൂടുതൽ മഴ ലഭിക്കാനു കാരണമാകുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. കൂടാതെ ജൂലൈ ആദ്യവാരത്തിന്റെ അവസാനത്തോടെ ന്യൂനമർദ്ദത്തിനും സാധ്യതയേറി. ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം ഉണ്ടാവുക. MJO ബംഗാൾ ഉൾക്കടലിൽ എത്തുമ്പോഴാണ് ന്യൂനമർദ്ദം ഉണ്ടാകാൻ സാധ്യതയുള്ളത്. തുടർന്ന് തെക്കൻ ചൈന കടലിലേക്കും എം.ജെ. ഒ സഞ്ചരിക്കും. ആ സമയം പസഫിക് സമുദ്രത്തിൽ ശക്തിയേറിയ ചുഴലിക്കാറ്റുകൾ (ടൈഫൂണുകൾ) രൂപപ്പെടുകയും കേരളത്തിലും മഴ ശക്തിപ്പെടുകയും ചെയ്യും. ഇതിന്റെ സൂചനകൾ ഇപ്പോൾ പസഫിക് മേഖലയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് മെറ്റ്ബീറ്റ് വെതറിലെ ഓഷ്യാനോഗ്രാഫർ പറഞ്ഞു. പസഫിക് സമുദ്രത്തിലെ ടൈ പൂണുകളുടെ സ്വാധീനം കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ കാരണമാകും എന്നാണ് നിരീക്ഷണം. ജൂലൈ മാസത്തിൽ സാധാരണയിൽ കുറവ് മഴയാണ് കഴിഞ്ഞ മാസങ്ങളിൽ പ്രവചിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂലൈയിൽ സാധാരണതോതിൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും ഞങ്ങളുടെ നിരീക്ഷകരുടെ പാനൽ വിലയിരുത്തുന്നു.

മഴ പതിയെ സജീവമാകും

ഗുജറാത്ത് തീരത്ത് ചക്രവാത ചുഴി ദുർബലമായതോടെ കഴിഞ്ഞ 48 മണിക്കൂർ ആയി കേരളത്തിൽ കാലവർഷക്കാറ്റ് അനുകൂലമായിട്ടുണ്ട്. മിക്ക ജില്ലകളിലും സാധാരണ തോതിലുള്ള മഴ ഈ സമയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നും നാളെയും കേരളത്തിൽ എല്ലാ ജില്ലകളിലും പരക്കെന്നോണം മഴ ലഭിക്കും. വെള്ളിയാഴ്ചയ്ക്ക് ശേഷം മഴയിൽ നേരിയ കുറവ് അനുഭവപ്പെടുമെങ്കിലും ജൂലൈ ആദ്യവാരം തന്നെ വീണ്ടും മഴ ശക്തിയായി ലഭിക്കും. ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാഹചര്യമൊരുങ്ങും എന്നാണ് ഇപ്പോഴത്തെ നിഗമനം. ജൂലൈ രണ്ടാം വാരത്തിലും കേരളത്തിൽ മികച്ച മഴ പ്രതീക്ഷിക്കാം.

ഉയർന്ന തിരമാലകൾക്ക് സാധ്യത

കാലവർഷക്കാറ്റ് സജീവമായതോടെ കടലിൽ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പുകൾ പാലിച്ചു മാത്രമേ കടലിൽ പോകാവൂ. കേരളതീരത്ത് മൂന്നു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കാണ് അടുത്ത ദിവസങ്ങളിൽ സാധ്യത. കാറ്റിന്റെ വേഗത 45 – 50 കി.മി. വരെ ആയേക്കും. തീരദേശത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. തൽസമയ കാലാവസ്ഥാ വിവരങ്ങൾക്കും മറ്റും Metbeat Weather, Weatherman Kerala ഫേസ് ബുക്ക് പേജുകളും വിശദമായ വായനക്ക് metbeatnews.com, metbeat.com വെബ് സൈറ്റുകളും യു ട്യൂബ് ചാനലുകളും പിന്തുടരുക. ഔദ്യോഗിക കാലാവസ്ഥ പ്രവചനങ്ങൾക്ക് IMD, KSDMA വെബ് സൈറ്റുകളും പിന്തുടരുക.

Leave a Comment