ഇന്ന് ലോക തണ്ണീർതട ദിനം, ഭൂമിയുടെ വൃക്കകളായ തണ്ണീർതടങ്ങളെ സംരക്ഷിക്കാൻ ഒരുമിച്ച് പോരാടാം
ഫെബ്രുവരി 2 ലോക തണ്ണീർതട ദിനം (World Wetlands Day) ആയി ആചരിക്കുന്നു. തണ്ണീർതടങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഫെബ്രുവരി രണ്ടിന് ഇറാനിലെ റംസാറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഈ ദിനം ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കാന്‍ തീരുമാനമെടുത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും തണ്ണീർത്തടങ്ങളുടെ മൂല്യങ്ങളെയും ധർമ്മങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഇത്തവണ ലോകത്തിലെ തണ്ണീര്‍ത്തടങ്ങളുടെ റാംസാര്‍ പട്ടികയിൽ ഇന്ത്യയിലെ രണ്ട് പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി. ഇറ്റയിലെ പട്ന പക്ഷിസങ്കേതത്തെയും കച്ചിലെ ഛരി-ധണ്ടിനെയും റാംസർ സൈറ്റുകളായി നാമകരണം ചെയ്തു. ആഗോള ചട്ടക്കൂടിന് കീഴിൽ വെറ്റ്ലാൻ്റ് സംരക്ഷണത്തിനുള്ള അതുല്യമായ ആവാസവ്യവസ്ഥകളെ കണ്ടെത്തി അടയാളപ്പെടുത്തുന്നതാണ് റംസാര്‍ പട്ടിക. റാംസർ കൺവെൻഷന്റെ കീഴിലുള്ള ഈ രണ്ട് സ്ഥലങ്ങളുടെയും നാമനിർദ്ദേശത്തോടെ ഇന്ത്യയിലെ റംസാര്‍ തടങ്ങളുടെ എണ്ണം 98ആയി. രാജ്യത്ത് ഏറ്റവും അധികം റംസാര്‍ സൈറ്റുകളുള്ള സംസ്ഥാനം തമിഴ്നാടാണ്. 16എണ്ണം തമിഴ്‌നാട്ടിലാണ്.
തണ്ണീർതടം : നിർച്ചചനവും, ധർമ്മവും
ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ, അഴിമുഖങ്ങൾ, ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ, ഋതുഭേദങ്ങൾ മൂലം വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങളും വനഭൂമികളും എന്നിവയെല്ലാം തണ്ണീർത്തടത്തിന്റെ നിർവ്വചനത്തിൽ വരും.
പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ.
ഭൂമിയുടെ വൃക്കകൾ
ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തണ്ണീർത്തടങ്ങൾ കാണപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളുടെ കൂട്ടത്തിൽ ആമസോൺ നദീതടവും പടിഞ്ഞാറൻ സൈബീരിയൻ സമതലപ്രദേശവും ഉൾപ്പെടുന്നു. ആധുനികകാലത്ത് തണ്ണീർത്തടങ്ങളിൽ സംഭവിച്ചുകൊണ്ടിരുന്ന പരിസ്ഥിതിനാശം മറ്റേത് ആവാസ വ്യവസ്ഥയിലേതിനെക്കാളും വളരെക്കൂടുതലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ ആവാസവ്യവസ്ഥ വിലയിരുത്തലിൽ കണ്ടെത്തിയിട്ടുണ്ട്
പ്രാധാന്യം
എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനും പരിസ്ഥിതിയുടെ ഗുണനിലവാരം നിലനിർത്തുന്നതിനും തണ്ണീർത്തടങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. അവയ്ക്ക് സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമുണ്ട്. മലിനജലത്തെ ശുദ്ധീകരിച്ച്, ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു. ഇതുകൊണ്ടാണ് തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്ന് വിളിക്കുന്നത്. അമേരിക്കക്കാരനായ കോസ്റ്റാൻസയും സംഘവും 1997ൽ നടത്തിയ പഠനത്തിൽ ഒരു വർഷം ഒരു ഹെക്ടർ തണ്ണീർത്തടം 6,80,110 രൂപയുടെ സേവനം പ്രദാനം ചെയ്യുന്നതായി വിലയിരുത്തിയിട്ടുണ്ട്. 2007ൽ നടത്തിയ ഒരു പഠനമനുസരിച്ച് കേരളത്തിലെ തണ്ണീർത്തടങ്ങൾ വർഷത്തിൽ 157.97 കോടി രൂപയുടെ വരുമാനം നേടിത്തരുന്നു.[1] സംസ്ഥാനത്തെ നെൽവയലുകൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ 231.15 കോടി രൂപയുടെ വരുമാനം തണ്ണീർത്തടങ്ങൾ കേരളത്തിന് നേടിത്തരുന്നതായി പഠനം വിലയിരുത്തുന്നു.
ഗുവാഹട്ടിയിലെ റാണി ഫോറസ്റ്റ് റിസര്‍വില്‍ നിന്നും തണ്ണീര്‍ത്തടത്തില്‍ ആഹാരം തേടിയെത്തിയ കാട്ടാനക്കൂട്ടം | Photo: PTI
തണ്ണീർത്തടങ്ങൾ ആഹാരമാകുന്നു
ഭക്ഷ്യശൃംഖലയിലുള്ള ഇതിന്റെ സ്വാധീനവും സേവനങ്ങളും വിലമതിക്കാനാകാത്തതാണ്. മനുഷ്യരാശി ഭക്ഷിക്കുന്ന ആകെ മത്സ്യത്തിന്റെ 90 ശതമാനവും തണ്ണീർത്തടങ്ങൾ സംഭാവനചെയ്യുന്നു.
. നെല്ല് മുതലായ ധാന്യങ്ങൾ ഉല്പാദിപ്പിക്കുന്നത് പ്രധാനമായും തണ്ണീർത്തടങ്ങളെ ആശ്രയിച്ചാണ്
. കാലിത്തീറ്റയായി ഉപയോഗിക്കുന്ന നിരവധി പുൽവർഗങ്ങളും പായലുകളും തണ്ണീർത്തടങ്ങളിൽ നിന്നും ലഭിക്കുന്നു.
ആവാസപ്രദേശം
അസംഖ്യം ജീവജാതികളോടൊപ്പം അപൂർവ്വവും അന്യംനിന്നുപോകാൻ സാധ്യതയുള്ളതുമായ ജീവജന്തുജാലങ്ങളേയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നു. വിവിധ തരത്തിൽ പെട്ട മത്സ്യങ്ങളുടേയും പക്ഷികളുടേയും പ്രജനനകേന്ദ്രങ്ങളാണ് തണ്ണീർത്തടങ്ങൾ. കരിമീൻ, കണമ്പ്, ഞണ്ട്, കക്ക തുടങ്ങി മനുഷ്യൻ ഭക്ഷിക്കുന്ന ജീവികളും ഇവയിൽ ഉൾപ്പെടുന്നു. തണ്ണീർത്തടങ്ങൾ ജീൻ പൂളുകളാണ്. തണ്ണീർത്തടങ്ങളിൽ കാണപ്പെടുന്ന കുളയട്ട അശുദ്ധരക്തം നീക്കംചെയ്യുന്നതിന് പ്രയോജനപ്പെടുന്നു. . വിവിധയിനം പൂവുകൾ, തീറ്റപ്പുല്ലുകൾ തുടങ്ങിയവയും തണ്ണീർത്തടങ്ങളിൽ വളരുന്നു. തദ്ദേശീയപക്ഷികളും ദേശാടന പക്ഷികളും തണ്ണീർത്തടങ്ങളിൽ പ്രജനനം നടത്തുന്നു.
പോങ് ഡാം തണ്ണീര്‍ത്തടത്തിലെ ബാര്‍ ഹെഡഡ് ഗീസ് | Photo: AP
മാലിന്യ സംസ്‌കരണം
ജലത്തിൽ അലിഞ്ഞുചേർന്ന മാലിന്യങ്ങളും നിരുപയോഗ വസ്തുക്കളും അരിച്ച് ശുചിയാക്കുന്ന ജൈവ അരിപ്പകളായി തണ്ണീർത്തടങ്ങൾ പ്രവർത്തിക്കുന്നു. ഇവയിലെ മണ്ണും ചെളിയും സസ്യങ്ങളും സൂക്ഷ്മജീവികളും ഉൾപ്പെടുന്ന ശൃംഖല മാലിന്യത്തെ വിഘടിപ്പിക്കുകയോ വലിച്ചെടുക്കുകയോ ചെയ്ത് ജലത്തെ ശുദ്ധീകരിക്കുന്നു. ജലമാലിന്യംമൂലമുള്ള രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിൽ ഇത് മുഖ്യ പങ്ക് വഹിക്കുന്നു.
വയലേലകളിൽ നിന്നും പുറന്തള്ളുന്ന കീടനാശിനികളെയും രാസവളങ്ങളെയും തണ്ണീർത്തടങ്ങൾ സ്വാംശീകരിച്ച് ജലത്തെ ശുചിയാക്കുന്നു. മനുഷ്യവാസപ്രദേശങ്ങളിൽനിന്നും ശബരിമലപോലെയുള്ള വലിയ തീർത്ഥാടന പ്രദേശങ്ങളിൽ നിന്നും പുറന്തള്ളുന്ന മനുഷ്യ വിസർജ്യങ്ങൾ ശുദ്ധീകരിക്കുന്നതും തണ്ണീർത്തടങ്ങളാണ്. കാർഷിക-വ്യാവസായിക-ഗാർഹിക മേഖലകളിൽനിന്നും പുറന്തള്ളപ്പെടുന്ന നൈട്രേറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ പോഷകങ്ങളെ തണ്ണീർത്തടങ്ങളിലെ ജലസസ്യങ്ങൾ ആഗിരണം ചെയ്ത് ജലശുചീകരണം ഉറപ്പുരുത്തുന്നു.
അമ്പതിലധികം തണ്ണീർത്തടങ്ങൾ
വേമ്പനാട്ട് കായൽ, അഷ്ടമുടികായൾ, കൊടുങ്ങല്ലൂർ കായൽ, നീലേശ്വരം കായൽ, പൂന്തുറകായൽ, കായംകുളം കായൽ, കല്ലായി കായൽ തുടങ്ങി നിരവധിയെണ്ണം കായലുകളായും കൊച്ചി അഴിമുഖം, അഴിക്കോട്ട് അഴിമുഖം, ചേറ്റുവാ അഴിമുഖം, കടലുണ്ടി അഴിമുഖം, ധർമ്മപട്ടണം അഴിമുഖം, ബേക്കൽ അഴിമുഖം തുടങ്ങി നിരവധിയെണ്ണം അഴിമുഖങ്ങളായും അറിയപ്പെടുന്നു. നദികളും പുഴകളും കടലുമായി ചേരുന്നിടത്താണ് അഴിമുഖങ്ങൾ രൂപപ്പെടുന്നത്. കുട്ടനാട്, കോൾ, പൊക്കാളി, കയ്പാട്, വയലേലകൾ തുടങ്ങിയ തണ്ണീർത്തട വ്യവസ്ഥകൾ നെൽകൃഷി മേഖലയുമായി ബന്ധപ്പെട്ടാണ് പറയാറുള്ളത്.
ഒരു തണ്ണീർത്തടം (ആകാശത്തു നിന്നുള്ള കാഴ്ച)
രാംസാർ സൈറ്റുകൾ
ഇന്ത്യ തണ്ണീർത്തട സംരക്ഷണ കാര്യത്തിൽ വളരെ മുന്നിലാണ്. ഭാരതത്തിൽ 75 രാംസാർ സൈറ്റുകളുണ്ട്. ഇതിൽ മൂന്നെണ്ണം കേരളത്തിലാണുള്ളത്. വേമ്പനാട്ട്-കോൾ, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയാണവ. ഇവ കൂടാതെ പരിസ്ഥിതി പ്രാധാന്യമുള്ള മറ്റു ചിലവയെ പ്രത്യേകമായും സംരക്ഷിക്കുന്നുണ്ട്. കോഴിക്കോട്ട് നഗരത്തിലെ കോട്ടുളി, കോഴിക്കോട്ട്-മലപ്പുറം അതിർത്തിയിലെ കടലുണ്ടി അഴിമുഖം എന്നിവ വനം-പരിസ്ഥിതി മന്ത്രാലയത്തിൻറെ ദേശീയ തണ്ണീർത്തട സംരക്ഷണ പദ്ധതിയിൽ പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പ്രധാന നെൽകൃഷി മേഖലകൂടിയാണീ രാംസാർ സൈറ്റ്. കുട്ടനാട്, പൊക്കാളി, കോൾ നെല്പാടങ്ങൾ ഈ തണ്ണീർത്തട വ്യവസ്ഥയിൽ ഉൾപ്പെടുന്നു. പക്ഷികളുടെ ഒരപൂർവ്വ സങ്കേതമാണിത്. കുമരകം, പുതുവെപ്പ്, കണ്ണമ്മാലി തുടങ്ങിയ ദേശങ്ങളിലെ കണ്ടൽക്കാടുകൾ പരിസ്ഥിതിപരമായി ഏറെ പ്രാധാന്യമർഹിക്കുന്നവയാണ്.
ഭീഷണികൾ
തണ്ണീർത്തടങ്ങളുടെ പ്രാധാന്യം പരിഗണിച്ചുള്ള സംരക്ഷണ പ്രവർത്തനങ്ങളൊന്നും കാര്യമായി നടക്കുന്നില്ല. കേരള നിയമസഭ പാസാക്കിയ 2008 ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ ബിൽ മാത്രമാണ് ഇതിനൊരു അപവാദം. ഇതിനാദ്യം വേണ്ടത് തണ്ണീർത്തടങ്ങളുടെ പ്രാധാന്യം ജനങ്ങൾ നേരാംവണ്ണം മനസ്സിലാക്കുക എന്നതാണ്. നേരിട്ടുള്ള നികത്തലും, കളിമൺ ഖനനവും, കയ്യേറ്റവും കൂടാതെ വ്യവസായവൽക്കരണം, കണ്ടൽക്കാടുകളുടെ നശീകരണം, മണ്ണിടിച്ചിൽ, അധിനിവേശ കളകൾ, അശാസ്ത്രീയമായ മത്സ്യകൃഷി, വിസർജ്ജ്യങ്ങളും മറ്റു മാലിന്യങ്ങളുടെയും തള്ളൽ, മറ്റു തരത്തിലുള്ള വളം, കീടനാശിനി മുതലായ രാസവസ്തുക്കൾ കലർന്നുള്ള മലിനീകരണം എന്നിങ്ങനെ തണ്ണീർത്തടങ്ങൾ നേരിടുന്ന ഭീഷണികൾ പലതാണ്.
എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് തണ്ണീർത്തട സംരക്ഷണം ലക്ഷ്യം വെച്ച് കൊണ്ടാണ്.
ഇത്തവണത്തെ തീം "വെള്ളപ്പൊക്കവും ജലക്ഷാമവും കൈകാര്യം ചെയ്യുന്നതിൽ തണ്ണീർതടങ്ങളുടെ പങ്ക്" (Wetlands and Water) എന്നതാണ്.
തണ്ണീർതടങ്ങൾ നമുക്ക് നൽകുന്ന നേട്ടങ്ങൾ
- ജലശുദ്ധീകരണം
- ജൈവവൈവിധ്യത്തിന്റ സംരക്ഷണം
- കാലാവസ്ഥാ വ്യതിയാനത്തെ തടയൽ
- വെള്ളപ്പൊക്കം തടയൽ
ലോകത്തെ തണ്ണീര്‍ത്തടങ്ങളെല്ലാം തന്നെ അതീവ അപകടാവസ്ഥയിലാണ്. ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ നശിച്ച് കൊണ്ടിരിക്കുന്ന ഒരു പാരിസ്ഥിതിക സംവിധാനമാണ് തണ്ണീര്‍ത്തടങ്ങള്‍. 1970ന് ശേഷം കേവലം അന്‍പത് വര്‍ഷം കൊണ്ടാണ് ലോകത്തെ 35ശതമാനം തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായത്. മലിനീകരണം, വന്‍തോതിലുള്ള മത്സ്യബന്ധനം, വിഭവ ചൂഷണം, മറ്റ് ജീവികളുടെ കടന്ന് കയറ്റം, കാലാവസ്ഥ വ്യതിയാനം, അഴുക്കുചാലുകള്‍, നിര്‍മ്മാണത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റ് മാനുഷിക പ്രവൃത്തികള്‍ക്കുമായി ഇവ നികത്തല്‍ എന്നിവയും തണ്ണീര്‍ത്തടങ്ങളെ ഇല്ലാതാക്കുന്നു. നമ്മുടെ തണ്ണീർതടങ്ങളെ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
English Summary : All of the world's wetlands are in critical condition. Wetlands are one of the fastest-depleting ecosystems on Earth.