മണ്ണിലും മലിനജലത്തിലുമുള്ള ലെഡ് സസ്യത്തിൻ്റെ വേരുകളിലേക്ക്, നമ്മൾ കഴിക്കുന്നത് വിഷം കലർന്ന പച്ചക്കറികൾ

നഗരത്തിലെ വിപണികളിൽ വിൽപ്പനയ്‌ക്കുള്ള 72 ഇനം പച്ചക്കറികളിൽ 19 എണ്ണത്തിൽ മനുഷ്യാരോഗ്യത്തിന് ഹാനികരമായ ലെഡ് (ഈയം) സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്.

Maneesha Prasoon
2 mins mins read

മണ്ണിലും മലിനജലത്തിലുമുള്ള ലെഡ് സസ്യത്തിൻ്റെ വേരുകളിലേക്ക്, നമ്മൾ കഴിക്കുന്നത് വിഷം കലർന്ന പച്ചക്കറികൾ

നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഭക്ഷ്യവിഭവമാണ് പച്ചക്കറികൾ. നാലു നേരവും പച്ചക്കറികൾ അടങ്ങിയിട്ടുള്ള ആഹാരങ്ങൾ കഴിക്കാത്തവർ ഉണ്ടാവില്ല.  പച്ചക്കറിയും തോരനുമൊന്നുമില്ലാതെ ഭക്ഷണമിറങ്ങാത്തവരുമുണ്ട്. എന്നാൽ പച്ചക്കറികളുടെ ഗുണനിലവാരത്തെ കുറിച്ച് നാം ചിന്തിക്കാറുപോലുമില്ല. കാരണം പച്ചക്കറികൾ ആരോഗ്യത്തിന് നല്ലതാണെന്ന ചിന്തയാണ് എല്ലാവർക്കും. 

ചിന്തകൾ ശരിയാണ്, എന്നാൽ പച്ചക്കറികളുടെ ഉൽപാദനമാണ് പ്രശ്‌നം. ഇപ്പോഴിതാ പച്ചക്കറികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ബെംഗളൂരുവിലെ വിവിധ പ്രാദേശിക മാർക്കറ്റുകളിൽ നിന്ന് ശേഖരിച്ച പച്ചക്കറികൾ പരിശോധിച്ചതിൽ ഗുരുതരമായ കണ്ടെത്തലുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

നഗരത്തിലെ വിപണികളിൽ വിൽപ്പനയ്‌ക്കുള്ള 72 ഇനം പച്ചക്കറികളിൽ 19 എണ്ണത്തിൽ മനുഷ്യാരോഗ്യത്തിന് ഹാനികരമായ ലെഡ് (ഈയം) സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്.
2026 ഫെബ്രുവരി 12-ന് Central Pollution Control Board (CPCB) ദേശീയ ഹരിത ട്രൈബ്യൂണലായ National Green Tribunal (NGT) മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.

ഏറ്റവും ഉയർന്ന ലെഡ് വഴുതിനങ്ങയിൽ

Food Safety and Standards Authority of India (FSSAI) അംഗീകൃത ലാബുകളിൽ നടത്തിയ പരിശോധനയിൽ വഴുതനങ്ങയിലാണ് ഏറ്റവും ഉയർന്ന തോതിൽ ലെഡ് കണ്ടെത്തിയത്. ഒരു കിലോഗ്രാമിൽ 1.953 മില്ലിഗ്രാം ലെഡ് ആണ് കണ്ടെത്തിയത്. ഇതിൽ സുരക്ഷിതമായ പരമാവധി പരിധി വെറും 0.1 മില്ലിഗ്രാം/കിലോഗ്രാം മാത്രമാണ് ഉള്ളത്. അതായത് അനുവദനീയ പരിധിയേക്കാൾ ഏകദേശം 20 മടങ്ങ് അധിക വിഷാംശം കണ്ടെത്തിയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വഴുതനങ്ങയ്ക്ക് പുറമെ മത്തങ്ങ, ബീൻസ്, ബീറ്റ്റൂട്ട്, കാബേജ്, മണി കുരുമുളക്, വെള്ളരിക്ക എന്നിവയിലും ലെഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കൂടാതെ പരിശോധിച്ച 70 സാമ്പിളുകളിൽ പത്തെണ്ണത്തിൽ അനുവദനീയ പരിധിയേക്കാൾ കൂടുതലായി കീടനാശിനി അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെ പ്രവേശിക്കുന്നു?

മണ്ണിലും മലിനജലത്തിലുമുള്ള ലെഡ് സസ്യങ്ങളുടെ വേരുകൾ വഴി ആഗിരണം ചെയ്യപ്പെടുന്നു. പിന്നീട് ഇത് ചെടിയുടെ കോശങ്ങളിലുടനീളം വ്യാപിക്കുന്നു. അതിനാൽ പുറമേ വെള്ളത്തിൽ കഴുകുകയോ തൊലി കളയുകയോ ചെയ്താൽ മാത്രം ഈ വിഷാംശം പൂർണ്ണമായി നീക്കം ചെയ്യാൻ കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു

ആരോഗ്യത്തിന് ഭീഷണി

World Health Organization (WHO)യുടെ കണക്കുകൾ പ്രകാരം ലോകത്താകമാനം നിരവധി മരണങ്ങൾക്ക് ലെഡ് എക്സ്പോഷർ കാരണമാകുന്നു. പ്രത്യേകിച്ച് കുട്ടികളിലാണ് ഇതിന്റെ ആഘാതം കൂടുതലായി കാണപ്പെടുന്നത്.

നാഡീവ്യവസ്ഥയെ ബാധിക്കുകയും ബുദ്ധിശേഷി കുറയ്ക്കുകയും ചെയ്യുന്നതിന് പുറമെ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയരോഗങ്ങൾ തുടങ്ങിയവക്കും ഇത് വഴിവെക്കാം. പലപ്പോഴും വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ രക്തപരിശോധനയിലൂടെ മാത്രമേ ശരീരത്തിലെ ലെഡ് അളവ് കൃത്യമായി തിരിച്ചറിയാൻ സാധിക്കൂ.

എന്തൊക്കെ മുൻകരുതലുകൾ അവശ്യമാണ് ?

പച്ചക്കറികൾ നന്നായി കഴുകുന്നത് മണ്ണ്, അഴുക്ക്, ചില കീടനാശിനി അവശിഷ്ടങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. എന്നാൽ സമീകൃതാഹാരം പാലിക്കുന്നതും ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്ന പോഷകങ്ങൾ ഉൾപ്പെടുത്തുന്നതും പ്രധാനമാണ്. ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ സി എന്നിവയുള്ള ഭക്ഷണം ഉൾപ്പെടുത്തുന്നത് ലെഡിന്റെ ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

പരിശോധന കർശനമാക്കണം

മലിനമായ പച്ചക്കറികൾ വിപണിയിൽ എത്തുന്നത് തടയാൻ ബന്ധപ്പെട്ട വകുപ്പുകൾ കൂടുതൽ കർശനമായ പരിശോധന നടത്തണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ ഇടപെടലുകൾ അനിവാര്യമായിരിക്കുകയാണ്.

English Summary : A recent report submitted by the Central Pollution Control Board (CPCB) to the National Green Tribunal (NGT) on February 12, 2026, has sounded a major alarm regarding food safety in Bengaluru. Out of 72 vegetable varieties tested from local markets, 19 types were found to contain dangerous levels of Lead (Pb), a potent neurotoxin.