തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കേരളത്തിന്റെ തീര മേഖലയിലേക്ക് പ്രവേശിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ടു ദിവസത്തിനകം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, കന്യാകുമാരി കടൽ, മലദ്വീപ്, ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്ക് മധ്യ മേഖല എന്നിവിടങ്ങളിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ അക്ഷാംശ രേഖ 5 – 6 ഡിഗ്രി വടക്കും രേഖാംശ രേഖ 67-72 ഡിഗ്രി കിഴക്കും കാലവർഷം എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്ഥാനം അക്ഷാംശ രേഖ എട്ട് മുതൽ 12 ഡിഗ്രി വടക്കാണ്. ഈ മാസം 27 ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഇത് സാധാരണയേക്കാൾ നേരത്തെയാണ്. ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിൽ എത്തേണ്ട സാധാരണ തിയതി. ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന മൺസൂണിന്റെ ഇന്ത്യയുടെ മെയിൻ ലാന്റിൽ ആദ്യം കാലവർഷം എത്തുന്നതും അവസാനം വിടവാങ്ങുന്നതും കേരളത്തിലാണ്. രാജസ്ഥാനിലാണ് അവസാനം കാലവർഷം എത്തി ആദ്യം വിടവാങ്ങുന്നത്. കേരളത്തിലും അറബിക്കടലിലും മെയ് 15 മുതൽ കാറ്റിന്റെ പാറ്റേൺ തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുകയും ഔട്ട് ഗോയിങ് ലോങ് വേവ് റേഡിയേഷൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പൂർത്തിയാകുകയും ചെയ്തിരുന്നെങ്കിലും കാലവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല.

Tags: Imd , kerala rain , metbeat weather. metbeat news , south west monsoon , കേന്ദ്ര കാലാവസ്ഥാ വകുപ്പ് , തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം)
LEAVE A COMMENT