Menu

Top Stories

അരലക്ഷം വർഷത്തിനു ശേഷം ഭൂമിയിൽ നിന്ന് നഗ്ന നേത്രം കൊണ്ട് ദൃശ്യമായി പച്ച വാൽനക്ഷത്രം

അരലക്ഷം വര്‍ഷത്തിനു ശേഷം ഭൂമിയില്‍ നിന്ന് നഗ്നനേത്രം കൊണ്ടു പച്ച വാല്‍നക്ഷത്രം ദൃശ്യമായി. C/2022 E3 (ZTF) എന്നറിയപ്പെടുന്ന പച്ച വാല്‍നക്ഷത്രത്തിന്റെ ദൃശ്യങ്ങള്‍ പലരും കാമറയില്‍ പകര്‍ത്തി. ആധുനിക മനുഷ്യരായ ഹോമോ സാപിയന്‍സുകളും നിയാണ്ടര്‍താലുകളുമുള്ള അര ലക്ഷം വര്‍ഷം മുന്‍പാണ് ഇതിനു മുന്‍പ് ഭൂമിക്കരികിലെത്തിയത്. മലയാളിയായ അജിത്ത് എവറസ്റ്റർ പകർത്തിയ ചിത്രമാണ് ഇതോടൊപ്പം നൽകിയത്. നഗ്ന നേത്രം കൊണ്ട് ഇന്നും നാളെയും ഈ വാല്‍നക്ഷത്രത്തെ വടക്കുപടിഞ്ഞാറ് ആകാശത്ത് കാണാം. ബുടെസ് നക്ഷത്രങ്ങളുടെ 16 ഡിഗ്രി മുകളിലാണ് പച്ച വാല്‍നക്ഷത്രം കാണാനാകുക. ടെലസ്‌കോപ് വഴിയും കാമറ ഉപയോഗിച്ചും ഇന്നലെ പലരും ഇതിന്റെ ചിത്രം പകര്‍ത്തി. ദൂരദര്‍ശിനി ഉപയോഗിച്ചും വ്യക്തമായി കാണാനാകും.

ഭൂമിക്ക് ഏറ്റവും അടുത്താണെങ്കിലും 42 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ പച്ച വാല്‍നക്ഷത്രമുള്ളതെന്ന് എര്‍ത്ത് സ്‌കൈ റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറില്‍ 2.7 ലക്ഷം കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാത്രമാണ് ഇങ്ങനെയൊരു വാല്‍ നക്ഷത്രത്തെ ആദ്യമായി വാന നിരീക്ഷകര്‍ ശ്രദ്ധിക്കുന്നത്. അമേരിക്കയിലെ സ്വിക്കി ട്രാന്‍സിയന്റ് ഫെസിലിറ്റി (ZTF) യിലുള്ള വൈഡ് ഫീല്‍ഡ് സര്‍വേ ക്യാമറ ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ C/2022 E3(ZTF) എന്നാണ് ഈ പച്ച വാല്‍നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് കാണാന്‍ സൗകര്യം
ഫെബ്രുവരി 5 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 7 മുതല്‍ 10 നിരീക്ഷിക്കുന്നതിനുള്ള സൗകര്യം തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ലഭ്യമാണ്.
ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 20 രൂപ. വിദ്യാര്‍ഥികള്‍ക്കും, 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 15 രൂപ. വിശദവിവരങ്ങള്‍ക്കും ബുക്കിംഗിനും 7012699957, 9744560026, 04712306024 എന്നീ നമ്പരുകളിലോ, ksstmtvm@gmail.com എന്ന ഇമെയില്‍ മുഖേനയോ ബന്ധപ്പെടാം. ഈ ദിവസങ്ങളില്‍ വൈകിട്ട് 7 മുതല്‍ 8 വരെ മ്യൂസിക്കല്‍ ഫൗണ്ടനും ലേസര്‍ പ്രദര്‍ശനവും ഉണ്ടായിരിക്കും.

എന്തുകൊണ്ട് പച്ചനിറം?
സൗരയൂഥത്തിന്റെ ജനന സമയത്തു രൂപം കൊണ്ട തണുത്തുറഞ്ഞ പാറയോ വാതകങ്ങളോ നിറഞ്ഞ വസ്തുക്കളാണ് സാധാരണ വാല്‍ നക്ഷത്രങ്ങള്‍. അവയില്‍ അടങ്ങിയ വസ്തുക്കളും വേഗവും സഞ്ചാരപഥവുമെല്ലാം വാല്‍ നക്ഷത്രങ്ങളുടെ വാലിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട്. ഇവിടെ വാല്‍ നക്ഷത്രത്തിന്റെ നിറം തന്നെ പച്ചയാണ്. വാലുപോലെ പിന്നിലേക്കു പോവുന്ന വെളിച്ചം വെളുത്ത നിറത്തിലുള്ളതുമാണ്.

ആ വാലിനു പിന്നില്‍?
സൂര്യനോട് കൂടുതല്‍ അടുക്കുമ്പോള്‍ ചൂടുകൊണ്ട് കൂടുതല്‍ വാതകങ്ങളും പൊടികളും ധൂമകേതുക്കള്‍ പുറത്തുവിടാറുണ്ട്. ഈ സമയത്ത് അവയ്ക്ക് ഒരു ഗ്രഹത്തേക്കാളും വലിപ്പമുണ്ടാവാറുണ്ടെന്നും നാസ വിശദീകരിക്കുന്നു. ധൂമകേതുക്കള്‍ ഇങ്ങനെ പുറത്തുവിടുന്ന വാതകങ്ങളും പൊടിയുമാണ് നമുക്ക് വാലു പോലെ തോന്നിക്കുന്നത്. പച്ചക്ക് പുറമേ നീല, വെളുപ്പ് നിറങ്ങളിലും വാല്‍ നക്ഷത്രങ്ങള്‍ കണ്ടുവരാറുണ്ട്.
ചിത്രം:Ajith Everester

അര ലക്ഷം വർഷത്തിനു ശേഷം പച്ച വാൽ നക്ഷത്രം അടുത്തു വരുന്നു; നഗ്ന നേത്രം കൊണ്ട് കാണാം

50,000 വർഷത്തിന് ശേഷം പച്ചനിറത്തിലുള്ള ധൂമകേതു ഫെബ്രുവരി ആദ്യവാരം നഗ്നനേത്രം കൊണ്ട് കാണാം. ഇത് ഇപ്പോൾ ഭൂമിയോട് അടുത്തു വരികയാണ്.
ഈ അപൂര്‍വ വാല്‍നക്ഷത്രം ഇതിന് മുൻപ് ഭൂമി സന്ദര്‍ശിച്ചപ്പോള്‍ രണ്ട് മനുഷ്യ വര്‍ഗങ്ങള്‍ ഭൂമിയിലുണ്ടായിരുന്നു. ആധുനിക മനുഷ്യരായ ഹോമോ സാപിയന്‍സും പിന്നെ നിയാഡര്‍താലുകളും. ഏതാനും ദിവസങ്ങള്‍ക്കകം ഭൂമി വിട്ട് അങ്ങു ദൂരെ ക്ഷീരപഥത്തിന്റെ അതിരിലേക്ക് സഞ്ചരിക്കുന്ന ഈ പച്ച വാല്‍ നക്ഷത്രം ഇനി അരലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് ഭൂമി സന്ദര്‍ശിക്കുക. അപ്പോള്‍ ഭൂമിയും മനുഷ്യരും മറ്റു ജീവജാലങ്ങളും എന്തിന് ഭൂമി പോലും ഇന്നത്ത അവസ്ഥയിലാവില്ലെന്ന് മാത്രം ഉറപ്പിക്കാം.

ഫെബ്രുവരി ആദ്യത്തോടെ ഭൂമിയില്‍ പലയിടത്തു നിന്നും മനുഷ്യര്‍ക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ വാല്‍ നക്ഷത്രത്തെ കാണാനാകുമെന്നതാണ് മറ്റൊരു സവിശേഷത.

ശ്രദ്ധയിൽ പെട്ടത് കഴിഞ്ഞ വർഷം
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാത്രമാണ് ഇങ്ങനെയൊരു വാല്‍ നക്ഷത്രത്തെ ആദ്യമായി വാന നിരീക്ഷകര്‍ ശ്രദ്ധിക്കുന്നത്. അമേരിക്കയിലെ സ്വിക്കി ട്രാന്‍സിയന്റ് ഫെസിലിറ്റി (ZTF) യിലുള്ള വൈഡ് ഫീല്‍ഡ് സര്‍വേ ക്യാമറ ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ C/2022 E3(ZTF) എന്നാണ് ഈ പച്ച വാല്‍നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്.

സൗരയൂഥ അതിർത്തി കണ്ട് വരുന്നു
വ്യാഴത്തിന്റെ ഭ്രമണപഥത്തിന് സമീപത്തുവച്ച് ഇതിനെ ആദ്യം കണ്ടെത്തിയപ്പോള്‍ ഛിന്നഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയത്. എന്നാല്‍ പിന്നീട് നീണ്ട പച്ചവാല്‍ ദൃശ്യമായതോടെ വാല്‍നക്ഷത്രം തെളിഞ്ഞു വരികയായിരുന്നു. നമ്മുടെ സൗരയൂഥത്തിന്റെ അതിര്‍ത്തിയായി കണക്കാക്കുന്ന ഒര്‍ട്ട് മേഘങ്ങള്‍ വരെ നീളുന്നതാണ് ഈ വാല്‍നക്ഷത്രത്തിന്റെ ഭ്രമണ പഥം. അതുകൊണ്ടാണ് ഓരോ തവണ സൂര്യനെ ഭ്രമണം ചെയ്യാനും ഇത്രയേറെ സമയം വേണ്ടി വരുന്നത്.

എന്താണ് ഒർട്ട് മേഘം ?
സൂര്യനില്‍ നിന്നും ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമ സെഞ്ച്വറിയിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്ന് പ്രദേശം ധൂമകേതുക്കളുടെ കൂട്ടമായ ഈ ഒര്‍ട്ട് മേഘമാണ്. സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിന്റെ അവസാനഭാഗമാണ് ഒര്‍ട്ട് മേഘങ്ങള്‍. വാല്‍നക്ഷത്രങ്ങളുടെ വീടെന്നും ഒര്‍ട്ട് മേഘത്തിനെ വിശേഷിപ്പിക്കാറുണ്ട്.
ഫെബ്രുവരി രണ്ടിനാണ് പച്ച വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തുക. അപ്പോഴും ഭൂമിയില്‍ നിന്നും 2.5 പ്രകാശ മിനിറ്റ് അഥവാ 2.7 കോടി മൈല്‍ ദൂരത്തിലായിരിക്കും ഈ വാല്‍നക്ഷത്രം സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഭൂമിയില്‍ ഇതു വന്നിടിക്കുമെന്ന ആശങ്ക വേണ്ട. ഇപ്പോഴുള്ള തെളിച്ചം തുടര്‍ന്നാല്‍ ബൈനോക്കുലറുകളുടേയും ടെലസ്‌കോപുകളുടേയും സഹായത്തില്‍ വളരെയെളുപ്പത്തില്‍ ഈ വാല്‍ നക്ഷത്രത്തെ കാണാനാവുമെന്നാണ് നാസ അറിയിക്കുന്നത്.

പ്രകാശ മലിനീകരണം കുറഞ്ഞ ആകാശത്ത് കാണാം

പ്രകാശ മലിനീകരണം കുറഞ്ഞ ഇരുണ്ട ആകാശമുള്ള പ്രദേശങ്ങളില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടും ഇതിനെ കാണാം. നമ്മുടെ ആകാശത്ത് വടക്കു പടിഞ്ഞാറ് ബൂടെസ് നക്ഷത്രങ്ങളുടെ 16 ഡിഗ്രി മുകളിലാണ് പച്ചവാല്‍ നക്ഷത്രത്തെ കാണാനാവുകയെന്നാണ് വെതര്‍ ഡോട്ട് കോം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യയില്‍ ലഡാക്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെയാണ് ഈ വാല്‍നക്ഷത്രത്തെ എളുപ്പം കാണാനാവുക.
നേരിട്ട് കാണാനായില്ലങ്കിലും പച്ച വാല്‍ നക്ഷത്രത്തെ കാണാനും സഞ്ചാരം ആസ്വദിക്കാനും വഴിയുണ്ട്. വെര്‍ച്ചുല്‍ ടെലസ്‌കോപ് പ്രൊജക്ട് അവരുടെ വെബ് സൈറ്റിലും യുട്യൂബ് ചാനലിലും ഇതിനുള്ള മാര്‍ഗം ഒരുക്കുന്നു. ഫെബ്രുവരി ഒന്നിന് രാത്രി 11 (EST) മുതല്‍ വാല്‍നക്ഷത്രത്തിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

എന്തുകൊണ്ട് പച്ചനിറം?
സൗരയൂഥത്തിന്റെ ജനന സമയത്തു രൂപം കൊണ്ട തണുത്തുറഞ്ഞ പാറയോ വാതകങ്ങളോ നിറഞ്ഞ വസ്തുക്കളാണ് സാധാരണ വാല്‍ നക്ഷത്രങ്ങള്‍. അവയില്‍ അടങ്ങിയ വസ്തുക്കളും വേഗവും സഞ്ചാരപഥവുമെല്ലാം വാല്‍ നക്ഷത്രങ്ങളുടെ വാലിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട്. ഇവിടെ വാല്‍ നക്ഷത്രത്തിന്റെ നിറം തന്നെ പച്ചയാണ്. വാലുപോലെ പിന്നിലേക്കു പോവുന്ന വെളിച്ചം വെളുത്ത നിറത്തിലുള്ളതുമാണ്.

ആ വാലിനു പിന്നിൽ?
സൂര്യനോട് കൂടുതല്‍ അടുക്കുമ്പോള്‍ ചൂടുകൊണ്ട് കൂടുതല്‍ വാതകങ്ങളും പൊടികളും ധൂമകേതുക്കള്‍ പുറത്തുവിടാറുണ്ട്. ഈ സമയത്ത് അവയ്ക്ക് ഒരു ഗ്രഹത്തേക്കാളും വലിപ്പമുണ്ടാവാറുണ്ടെന്നും നാസ വിശദീകരിക്കുന്നു. ധൂമകേതുക്കള്‍ ഇങ്ങനെ പുറത്തുവിടുന്ന വാതകങ്ങളും പൊടിയുമാണ് നമുക്ക് വാലു പോലെ തോന്നിക്കുന്നത്. പച്ചക്ക് പുറമേ നീല, വെളുപ്പ് നിറങ്ങളിലും വാല്‍ നക്ഷത്രങ്ങള്‍ കണ്ടുവരാറുണ്ട്.

ടിബറ്റിലെ മഞ്ഞുമലയിടിച്ചിൽ, മരണം 28, തെരച്ചിൽ അവസാനിപ്പിച്ചു

ടിബറ്റിലെ ഹൈവേയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും അവസാനിപ്പിച്ചു. വ്യാഴാഴ്ചയാണ് മെയ്ൻലിങ് കൗണ്ടിയിലെ പായ് ടൗണും മെഡോങ് കൗണ്ടിലും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്താണ് മഞ്ഞുമലയിടിഞ്ഞത്. ബുദ്ധരുടെ തീർഥാടന കേന്ദ്രമായ ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ അകലെയാണ്.
യാത്രക്കാരുടെ വാഹനത്തിനു മുകളിലേക്ക് മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു. തെക്കുകിഴക്കൻ നഗരമായ നയിങ്ഗച്ചിയിലാണ് ദുരന്തം. കാണാതായ 53 പേരെ പിന്നീട് കണ്ടെത്തി. ഇതിൽ അഞ്ചു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഹൈവേയിലെ 7.5 കി.മി ദൂരമുള്ള മേഖലയിലാണ് മഞ്ഞുമലയിടിഞ്ഞത്. ഇവിടെ ഗതാഗത യോഗ്യമാക്കാൻ 1,348 രക്ഷാ പ്രവർത്തകർ 236 യൂനിറ്റ് ഉപകരണങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു

സുമാത്രക്ക് സമീപം ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിൽ സുമാത്രയ്ക്ക് സമീപം 6.2 തീവ്രതയുള്ള ഭൂചലനം. തിങ്കളാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആച്ചെ പ്രവിശ്യയിലെ തെക്കു തെക്കുകിഴക്ക് സിൻഗകിലിലെ ഭൂമിക്കടിയിൽ 48 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6.30 നായിരുന്നു ഭൂചലനം. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോർട്ടുകളില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. 120 കി.മി അകലെ വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെന്ന് ഇന്തോനേഷ്യൻ മീറ്റിയോറോളജി, ക്ലൈമറ്റോളജി, ജിയോഫിസിക്‌സ് ഏജൻസി (ബി.എം.കെ.ജി) അറിയിച്ചു.
പസഫിക് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഇതിനാൽ ഇവിടെ ഭൂചലനങ്ങൾ പതിവാണ്. കഴിഞ്ഞ നവംബർ 21 ന് പടിഞ്ഞാറൻ ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ 602 പേർ കൊല്ലപ്പെട്ടിരുന്നു.

ഉത്തരേന്ത്യയിൽ ശൈത്യ തരംഗം, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിൽ ശൈത്യതരംഗം തുടരും. ഡൽഹി, പഞ്ചാബ്, ഹരിയാന, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ശൈത്യതരംഗത്തെ തുടർന്ന് റെഡ് അലർട്ടുകൾ നൽകിയത്.
ശനിയാഴ്ച വരെ ഡൽഹിയുൾപ്പെടെ അതിശൈത്യത്തിന്റെ പിടിയിലമരും. നാലു ഡിഗ്രിവരെ താപനില താഴുമെന്നാണ് വിവിധ കാലാവസ്ഥാ പ്രവചന മാതൃകകൾ പറയുന്നത്. –

എന്താണ് ശൈത്യതരംഗം
10 ഡിഗ്രിയിൽ താഴെ താപനില എത്തുമ്പോഴാണ് ശൈത്യ തരംഗം എന്നു പറയുക. പകൽ താപനില തുടർച്ചയായി സാധാരണയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസ് താപനില കുറയുക എന്നതും ഇതിന്റെ മാനദണ്ഡമാണ്. ഉത്തരേന്ത്യയിലെ ശൈത്യ തരംഗത്തിന് കാരണം പശ്ചിമവാതത്തിന്റെ സാന്നിധ്യമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പുകമഞ്ഞും സജീവമാണ്.

റെഡ് അലർട്ട്
ശൈത്യ തരംഗത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലെ ഗുരുദാസ്പൂർ, ഫിറോസ്പൂർ, ലുധിയാന, ബർനാല, പാട്യാല, മൻസ, കപുർത്തല, ഫരീദ്‌കോട്, മുക്താര, സിർസ, ഫത്തേഹ്ഗ്ര സാഹിബ്, ജിൻഡ്, കുരുക്ഷേത്ര, ഹരിയാനയിലെ ഹിസാർ, അംബാല, റെവാരി എന്നിവിടങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകി. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ശൈത്യം അനുഭവപ്പെടുന്നത്. പുകമഞ്ഞിന്റെ സാന്നിധ്യം മൂലം ഡൽഹിയിൽ വായുനിലവാരവും മോശമായിട്ടുണ്ട്.

-യു.എ.ഇയിൽ ശനി വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്‌

ശനിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച മുതൽ രാജ്യവ്യാപകമായി മഴ കൂടുതൽ ശക്തി പ്രാപിക്കാനിടയുണ്ടെന്നും, വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കൻ മേഖലകളിലും, കിഴക്കൻ മേഖലകളിലും, തീരപ്രദേശങ്ങളിലും ഈ ആഴ്ച മുഴുവൻ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. വാരാന്ത്യത്തോടെ കാറ്റ് ശക്തി പ്രാപിക്കുമെന്നും, കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
വെള്ളി, ശനി ദിവസങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. അബുദാബിയുടെ തീരദേശ മേഖലകളിലും, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കും.
-മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൃത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

പുതുവർഷ കിരണം ഇന്ത്യയിൽ ആദ്യമെത്തിയത് ഈ ഗ്രാമത്തിൽ

പുതുവർഷത്തിലെ സൂര്യന്റെ കിരണം ഇന്ത്യയിൽ ആദ്യം പതിച്ചത് അരുണാചൽ പ്രദേശിലെ ഡോങ് ഗ്രാമത്തിൽ. ഇന്ത്യയുടെ കിഴക്കേ അറ്റത്താണ് ഈ ഗ്രാമം. പുതുവർഷദിനത്തിൽ മാത്രമല്ല ഇന്ത്യയിൽ എല്ലാദിവസവും ആദ്യം പുലർകാല സൂര്യനെ കാണുന്നത് ഈ ഗ്രാമത്തിലുള്ളവരാണ്. സഞ്ചാരികൾക്ക് ഏറെ പ്രിയമല്ലാത്ത മനോഹര പ്രദേശമാണിവിടം. ഇത്തരം നിരവധി പ്രദേശങ്ങൾ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുണ്ട്.

കിഴക്കേ അറ്റത്തു കിടക്കുന്ന അരുണാചൽ പ്രദേശിലും ഇത്തരം സ്ഥലങ്ങൾ ഒരുപാടുണ്ട്. മലകളും വിശാലമായ താഴ്‌വരകളും ഇടയിലെ മഞ്ഞുരുകി നിറഞ്ഞു കിടക്കുന്ന തടാകങ്ങളും അരുവികളും പുഴകളും കാടും ഗോത്രവർഗക്കാരുമെല്ലാം ചേർന്ന് അരുണാചൽ പ്രദേശിനെ തികച്ചും വ്യത്യസ്തമായ പ്രദേശമാക്കി മാറ്റുന്നുണ്ട്. അരുണാചലിലെ പ്രത്യേകതകളിലൊന്നാണ് ആദ്യം സൂര്യൻ എത്തുന്ന ഡോങ് ഗ്രാമം.

വടക്കുകിഴക്ക് നേരത്തെ ഉണരും, നേരത്തെ ഉറങ്ങും

ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്റെ പ്രത്യേകതകളാൽ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളേക്കാൾ നേരത്തെ സൂര്യൻ ഉദിക്കുകയും നേരത്തെ അസ്തമിക്കുകയും ചെയ്യാറുണ്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ. അരുണാചൽ പ്രദേശിലും ഡോങിലും ആ പതിവിന് മാറ്റമില്ല. പുലർച്ചെ 5.50നാണ് ഡോങിൽ സൂര്യൻ ഉദിക്കുക. മഞ്ഞുകാലത്ത് വൈകീട്ട് നാലരയാകുമ്പോഴേക്കും രാത്രിയായിട്ടുണ്ടാവും. ഉപഗ്രഹ ചിത്രങ്ങളിൽ പോ്ക്കു സൂര്യൻ നിഴൽ വീഴ്ത്തുന്നതും ഉദയ സൂര്യന്റെ കിരണം ആദ്യം ഈ സംസ്ഥാനങ്ങളിൽ പതിക്കുന്നതും കാണാനാകും. മെറ്റ്ബീറ്റ് വെതറിന്റെ വെബ്‌സൈറ്റുകളിൽ (metbeat.com, metbeatnews.com) നിങ്ങൾക്ക് തൽസമയ ഉപഗ്രഹ ചിത്രങ്ങൾ കാണാനാകും.

വടക്കുകിഴക്കൻ സഞ്ചാരം കരുതി വേണം
സമതലങ്ങളിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും യാത്ര ചെയ്തുള്ള പരിചയം പോര വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ റോഡ് ട്രിപ്പുകൾക്ക്. ഡോങിൽ സൂര്യൻ ഉദിക്കുന്നതിന്റെ ഏറ്റവും മനോഹര ദൃശ്യങ്ങൾ കാണണമെങ്കിൽ പുലർച്ചെ മൂന്നിനെങ്കിലും പുറപ്പെടേണ്ടി വരും. എങ്കിൽ മാത്രമേ മലമുകളിലെത്തി സൂര്യൻ ഉദിച്ചു വരുന്നത് കാണാനാവൂ. കുറച്ചു സമയം കൂടി ഉറങ്ങിയാൽ കൊള്ളാമെന്ന് ആഗ്രഹമുള്ളവർക്ക് മലമുകളിൽ ക്യാപു ചെയ്യുകയും ആവാം. മല മുകളിൽ നിന്നു നോക്കുമ്പോൾ താഴെ പഞ്ഞിക്കെട്ടു പോലുള്ള സീറസ് മേഘങ്ങൾ നിറഞ്ഞു കിടക്കുന്നതും അകലെ ചക്രവാളത്തിൽ നിന്നും സൂര്യൻ പതിയെ തല പൊക്കുന്നതും സ്വപ്‌ന സമാനമായ കാഴ്ച്ചയാണ്. ആ സ്വപ്‌ന കാഴ്ച്ചയെ സഞ്ചാരികൾക്ക് പകർന്നു നൽകാൻ ഡോങിന് സാധിക്കുമെങ്കിലും ഏറെയൊന്നും സഞ്ചാരികൾ ഇവിടെയെത്താറില്ലെന്നാണ് യാഥാർഥ്യം.


ആൻഡമാനിലല്ല, ഡോങിലാണ് ആദ്യം വെളിച്ചം വീഴുന്നത്

ഇന്ത്യൻ ഭൂപടം നോക്കുന്നവർക്ക് ഏറ്റവും കിഴക്കേ അറ്റത്ത് ആൻഡമാൻ നിക്കോബർ ദ്വീപുകളല്ലേ എന്ന സംശയം തോന്നിയേക്കാം. എന്നാൽ ഇതു തെറ്റാണ് 1999ലാണ് ഇന്ത്യയിൽ ആദ്യം സൂര്യൻ ഉദിക്കുന്നത് അരുണാചൽ പ്രദേശിലെ ഡോങിലാണെന്ന് തിരിച്ചറിയുന്നത്. ഇതിനു കാരണം ആൻഡമാൻ കുറേകൂടി തെക്കോട്ട് ഭൂമധ്യ രേഖയോട് അടുത്തു സ്ഥിതി ചെയ്യുന്നു എന്നതിനിലാണ്. ഇതോടെയാണ് അരുണാചൽ പ്രദേശിന് ഇന്ത്യയിലെ ഉദയസൂര്യന്റെ നാട് എന്ന വിളിപ്പേര് ലഭിച്ചത്. ഇന്ത്യയിലെ ജപ്പാൻ എന്നും അരുണാചലിനെ സഞ്ചാരികൾ വിളിക്കാറുണ്ട്.

ഉയർന്ന പ്രദേശത്തെ കൊച്ചു ഗ്രാമം
സമുദ്ര നിരപ്പിൽ നിന്നും 4,070 അടി ഉയരത്തിലുള്ള ഡോങ് ഗ്രാമം ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിതും സതി അരുവിയും കൂടിച്ചേരുന്നിടത്താണ് സ്ഥിതി ചെയ്യുന്നത്. വാലോങിൽ നിന്നും അര മണിക്കൂർ നടന്നാൽ ഏഴു കിലോമീറ്ററോളം അകലെയുള്ള ഡോങിലെത്താം. ലോഹിതിന് കുറുകേ ഇരുമ്പു പാലവും നിർമിച്ചിട്ടുണ്ട്.

വായനക്കാർക്ക് മെറ്റ്ബീറ്റ് വെതറിന്റെ പുതുവൽസരാശംസകൾ

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിൽ തന്നെ, ഡാം തുറക്കേണ്ടിവരില്ല, മഴ കുറയും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 ൽ നിലനിർത്തി തമിഴ്‌നാട്. ഇന്നലെ രാവിലെയാണ് ഡാമിൽ 142 അടിയിൽ ജലനിരപ്പ് എത്തിയത്. ന്യൂനമർദത്തെ തുടർന്ന് വൃഷ്ടിപ്രദേശത്തെ വനത്തിൽ കനത്ത മഴ പെയ്തതും വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നത് കുറച്ചതുമാണ് ജലനിരപ്പ് കൂടാൻ ഇടയാക്കിയത്. തമിഴ്‌നാട് ലോവർ ക്യാംപിലെ വൈദ്യുതി ഉൽപാദനം നിർത്തിവച്ചതും ജലനിരപ്പ് 142 അടിയിലെത്താൻ ഇടയാക്കി.

ഡാം തുറക്കാൻ സാധ്യതയില്ല
വെള്ളം 142 അടിയിലെത്തിയതോടെ ഡാമിന്റെ സ്പിൽവേകൾ തുറക്കാൻ സാധ്യതയില്ല. വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടിയിട്ടുണ്ട്. നീരൊഴുക്കിനേക്കാൾ കൂടുതൽ വെള്ളം തമിഴ്‌നാട് ഇപ്പോൾ കൊണ്ടുപോകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷട്ടർ തുറക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഇനിയും ശക്തമായ മഴ പെയ്താലേ ഷട്ടർ തുറക്കേണ്ട സാഹചര്യമുണ്ടാകൂവെന്നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥർ നൽകുന്ന സൂചനയെന്ന് മെറ്റ്ബീറ്റ് ന്യൂസ് പ്രതിനിധി പറഞ്ഞു. സെക്കൻഡിൽ 1752 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1867 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. റൂൾ കർവ് പ്രകാരം ജൂൺ വരെ 142 അടി വെള്ളം മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാടിന് നിലനിർത്താം.

മഴക്ക് സാധ്യതയില്ല
ന്യൂനമർദം അകലുകയും തമിഴ്‌നാടിനു മുകളിൽ അതിമർദം രൂപപ്പെടുകയും ചെയ്യുന്നതിനാൽ പ്രദേശത്ത് ജൂൺ 6 വരെ ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നു. അടുത്ത ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ചെറിയ മഴ പ്രദേശത്ത് ഇന്നും നാളെയും സാധ്യതയുണ്ടെങ്കിലും നീരൊഴുക്കിനെ ബാധിക്കില്ല.

മന്ദൂസ് കരകയറാൻ ഒരുങ്ങുന്നു.. Live Updates

മന്ദൂസ് ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കും. മഹാബലിപുരത്തിന് സമീപമാണ് മന്ദൂസ് കരകയറുക. ചുഴലിക്കാറ്റിനെ തുടർന്ന് 13 വിമാന സർവിസുകൾ ചെന്നൈ വിമാനത്താവളത്തിൽ റദ്ദാക്കി. ചുഴലിക്കാറ്റ് കരയറുന്നതിന് രണ്ടു മണിക്കൂർ മുൻപ് മുതൽ തമിഴ്‌നാട് ട്രാൻസ്‌പോർട് ബസുകൾ സർവിസ് നടത്തില്ല. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശത്തെ തുടർന്നാണിതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

പുതുച്ചേരിയിലും ചെന്നൈ ഉൾപ്പെടെ കിഴക്കൻ തീരത്തും ഇന്നലെ രാത്രി മുതൽ കാറ്റും മഴയും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയും കാറ്റും ശക്തമായി. കടൽ കൂടുതൽ പ്രക്ഷുബ്ധമായി.

ഇന്ന് ശക്തികുറഞ്ഞു ചുഴലിക്കാറ്റായി
ഇന്നലെ തീവ്രചുഴലിക്കാറ്റായ മന്ദൂസ് ഇന്ന് ശക്തി കുറഞ്ഞ് വീണ്ടും ചുഴലിക്കാറ്റായി മാറിയിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് മന്ദൂസ് ചെന്നൈക്ക് 130 കി.മി തെക്കുകിഴക്കും ശ്രീലങ്കയിലെ ജാഫ്‌നയിൽ നിന്ന് 280 കി.മി വടക്ക് വടക്കുകിഴക്കുമാണ് സ്ഥിതി ചെയ്യുന്നത്. കാരൈക്കൽ, ചെന്നൈ ഡോപ്ലർ വെതർ റഡാറിന്റെ നിരീക്ഷണ പരിധിയിൽ ചുഴലിക്കാറ്റെത്തിയിട്ടുണ്ട്. ഇതിനാൽ ചുഴലിക്കാറ്റിന്റെ നീക്കം റഡാറിലും ഉപഗ്രഹത്തിലും നിരീക്ഷിക്കാനാകും. മഹാബലി പുരത്ത് അർധരാത്രിയോടെ കരകയറുമ്പോൾ ചുഴലിക്കാറ്റിന് മണിക്കൂറിൽ 65-75 കി.മി വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനത്ത സുരക്ഷ, ശക്തമായ ഒരുക്കം
ചുഴലിക്കാറ്റ് കരകയറുന്ന പശ്ചാത്തലത്തിൽ ചെന്നൈയിൽ പഴുതടച്ച സുരക്ഷാ, ദുരന്ത നിവാരണ സംവിധാനമാണ് ഒരുക്കിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് സ്ഥിതിഗതികളും ഒരുക്കങ്ങളും വിലയിരുത്തുന്നുണ്ട്. ചീഫ് സെക്രട്ടറി വി ഇരൈ അൻപുവിന്റെ നേതൃത്വത്തിൽ കലക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു.
16,000 പൊലിസുകാരെയും 1,500 ഹോം ഗാർഡുകളെയും സുരക്ഷക്കായി വിന്യസിച്ചു. തമിഴ്‌നാട് സ്‌റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ 40 അംഗ ടീമും. 12 ജില്ലാ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് ടീമും ദുരന്ത നിവാരണ രംഗത്തുണ്ട്. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് ഗ്രേറ്റർ ചെന്നൈ പൊലിസ് പൊതുജനങ്ങൾക്ക് നിർദേശം നൽകി. വൈകിട്ട് 6 മണി മുതൽ നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സബർബൻ ട്രെയിൻ ഉൾപ്പെടെ സർവിസ് നടത്തിയെങ്കിലും ബസ് ഗതാഗതത്തെ ബാധിച്ചു.

മറീന ബീച്ചിലെ പാലം തകർന്നു
മറീന ബീച്ചിൽ ഈയിടെ പണിത മരം കൊണ്ടുള്ള പാലം കനത്ത തിരമാലയിൽ തകർന്നു. അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കും കടൽ കാണാനെത്താനാണ് ഈ പാലം പണിതതത്. 263 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള പാലമാണ് തകർന്നത്. ബ്രസീലിയൻ മരം ഉൾപ്പെടെ 1.14 കോടി രൂപ ചെലവഴിച്ചാണ് പാലം പണിതത്.

ആന്ധ്രയിലും ഒരുക്കം പൂർണം
തമിഴ്‌നാടിനു പുറമെ തെക്കേ ആന്ധ്രയിലും കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. ആന്ധ്രയിൽ ദേശീയ ദുരന്ത നിവാരണ സേനയും ആന്ധ്ര സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും സംയുക്തമായി രംഗത്തുണ്ട്. ആറു ജില്ലകളിൽ അതിതീവ്ര മഴക്ക് മുന്നറിയിപ്പുള്ളതിനാൽ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ദുരന്ത പ്രതികരണ ടീം പ്രവർത്തിക്കുന്നു.

Updated @9:56 PM
ചെന്നൈ സബർബൻ ട്രെയിൻ സർവിസ് റദ്ദാക്കുകയോ റീ ഷെഡ്യൂൾ ചെയ്യുകയോ ചെയ്യുമെന്ന് ദക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷൻ.

കൊടൈക്കനാൽ, ശിരുമലൈ എന്നിവിടങ്ങളിൽ നാളെ സ്കൂളിനും കോളജിനും ദിണ്ഡുക്കൽ കലക്ടർ അവധി പ്രഖ്യാപിച്ചു.

മന്ദുസ് മാമല്ലാപുരത്തിന് 90 കി.മി. അടുത്തെത്തി.
Updating…..

മഴക്ക് കാരണം ചക്രവാതച്ചുഴി, ബുധൻ വരെ മഴ തുടരും

കേരളത്തിൽ ബുധനാഴ്ചവരെ ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം വിവിധ ജില്ലകളിൽ ഇടത്തരം, ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. കിഴക്കൻ മേഖലയിൽ ഇടിയോടുകൂടെയുള്ള മഴയാണ് പെയ്തത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് Metbeat Weather Model Forecast പറയുന്നു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും രാത്രി വൈകി വരെ മഴ സാധ്യതയായിരുന്നു രാവിലത്തെ റണ്ണിൽ പറഞ്ഞിരുന്നത്. മെറ്റ്ബീറ്റ് വെതറിന്റെ മോഡൽ ഫോർകാസ്റ്റ് കാണാൻ ഞങ്ങളുടെ പുതിയ വെബ്‌സൈറ്റായ metbeatnews.com സന്ദർശിക്കാം.


മഴക്ക് കാരണം ചക്രവാതച്ചുഴി

അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴക്ക് കാരണം. ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ കാറ്റിന്റെ ചുഴിയും മോഡലിൽ കാണാം. അറബിക്കടലിലെ ചക്രവാതച്ചുഴി അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് കേരളത്തിലേക്ക് അറബിക്കടലിൽ നിന്ന് ഈർപ്പത്തെ എത്തിക്കുന്നുണ്ട്. കിഴക്ക് മധ്യ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആൻഡമാൻ കടലിനോട് ചേർന്നും അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ നൽകാൻ പര്യാപ്തമാണ്. പടിഞ്ഞാറൻ തീരത്ത് ഇടിയില്ലാതെയും കിഴക്ക് ഇടിയുള്ള മഴക്കുമാണ് സാധ്യതയെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. ഈ സാഹചര്യം ബുധനാഴ്ച വരെ തുടരും. കഴിഞ്ഞ ദിവസം രാത്രിയിൽ അനുഭവപ്പെട്ട തണുപ്പും അടുത്ത നാലു ദിവസം കുറയും.