Menu

Imd

1877 ന് ശേഷം ഏറ്റവും ചൂടേറിയ ഫെബ്രുവരി; മാർച്ചിൽ കേരളത്തിൽ സാധാരണ മഴ: IMD

1877 നു ശേഷം ഏറ്റവും ചൂടു കൂടിയ ഫെബ്രുവരിയാണ് 2023 ലേതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദേശീയ ശരാശരി താപനില റെക്കോർഡ് ചെയ്തത് 29.54 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ആഗോള താപനമാണ് ചൂടു കൂടുന്നതിന് കാരണം. 1901 മുതൽ രാജ്യത്ത് കുറഞ്ഞ താപനിലയിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ അഞ്ചാമത്തെ ഫെബ്രുവരിയുമാണ് കഴിഞ്ഞു പോയത്.

മാർച്ചിൽ ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട്. എന്നാൽ ചിലയിടങ്ങളിൽ മാത്രമാണ് താപതരംഗം പ്രതീക്ഷിക്കുന്നതെന്ന് ഹൈഡ്രോമെറ്റ് ആന്റ് അഗ്രോമെറ്റ് അഡൈ്വസറി സർവിസ് മേധാവി എസ്.സി ചൗഹാൻ പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്ത് കൂടുതൽ മേഖലകളിൽ താപതരംഗമുണ്ടാകും.

മാർച്ച് മാസത്തിൽ മഴ രാജ്യത്ത് സാധാരണ നിലയിലാകുമെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. 83 മുതൽ 117 ശതമാനമാണ് ദീർഘകാല ശരാശരി പ്രകാരം സാധാരണ മഴ. 1971 മുതൽ 2020 വരെയുള്ള ദീർഘകാല ശരാശരി പ്രകാരം രാജ്യത്ത് മാർച്ചിൽ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 29.9 മില്ലി മീറ്ററാണ്. അതേസമയം, വടക്കുപടിഞ്ഞാറ് ഇന്ത്യയിലും പടിഞ്ഞാറ് മധ്യ ഇന്ത്യയിലും കിഴക്ക്, വടക്കുകിഴക്ക് സംസ്ഥാനത്തിലും മഴ സാധാരണയേക്കാൾ കുറയും.

കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണ തോതിൽ മഴ ലഭിക്കും. കിഴക്ക്, മധ്യ ഇന്ത്യയിലെ ചില പ്രദേശങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശത്തും മഴ സാധാരണ നിലയിലാകും.

ഭൂമധ്യരേഖാ പ്രദേശത്ത് ലാനിന സാഹചര്യം തുടരുന്നുവെന്നും ഇത് ദുർബലമായി എൽനിനോയിലേക്ക് മാറുമെന്നും മൺസൂണിന് മുൻപ് ദക്ഷിണ ആന്തോളനമെന്ന (എൻസോ) ന്യൂട്രലിലാകുമെന്നും കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നു. ഏപ്രിയിൽ എൽനിനോ കാലവർഷത്തെ എങ്ങനെ ബാധിക്കുമെന്ന് പറയാനാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

ഇനി തീവ്രമഴ പ്രവചിക്കാൻ GPS സിഗ്നൽ : ഗവേഷണവുമായി കുസാറ്റ് ശാസ്ത്രഞ്ജർ

ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സംവിധാനം ഉപയോഗിച്ച് ഗതിനിയന്ത്രണം മാത്രമല്ല, തീവ്രമഴ പോലുള്ള പ്രതിഭാസങ്ങള്‍ കൂടി മുൻകൂട്ടി പ്രവചിക്കാന്‍ സാധ്യമായേക്കുമെന്ന് കൊച്ചിശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ, മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക് വകുപ്പിലെ ഗവേഷകര്‍. അസ്സോസിയേറ്റ് പ്രഫസര്‍ ഡോ. സുനില്‍ പി. എസിന്‍റെ മേല്‍നോട്ടത്തില്‍, ഗവേഷക റോസ് മേരിയോടൊപ്പം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂര്‍, സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍, കേന്ദ്ര കാലാവസ്ഥ വകുപ്പ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമഗ്‌നെറ്റിസം എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരുമായി ചേര്‍ന്ന് സംയുക്തമായാണ് പഠനം നടത്തിയത്. സ്പ്രിങ്ങര്‍ പബ്ലിഷേഴ്‌സിന്‍റെ, ജേര്‍ണല്‍ ഓഫ് ഏര്‍ത് സിസ്റ്റം സയന്‍സിൽ ഗവേഷണ ഫലം പ്രസദ്ധീകരിച്ചു.

അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്‍റെ ദ്രുതഗതിയിലുള്ള വര്‍ധനവ് തീവ്രമഴ പോലുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ക്ക് അടിസ്ഥാന ഘടകമാണ്. മഴക്കാലങ്ങളില്‍ ജി.പി.എസ്. ഉപഗ്രഹത്തില്‍ നിന്നും പുറപ്പെടുന്ന സിഗ്‌നല്‍, അന്തരീക്ഷത്തിലൂടെ കടന്ന് ഭൂമിയുടെ ഉപരിതലത്തിലുള്ള ജി.പി.എസ്.റിസീവറില്‍ എത്തിച്ചേരുന്നതിന് മുന്‍പായി അന്തരീക്ഷത്തിലെ ജലബാഷ്പത്തിലെ അളവ് കൂടുന്നതനുസരിച് കാലതാമസം ഉണ്ടാകന്നത് പതിവാണ്. ജി.പി.എസ് സംവിധാനത്തില്‍ നിന്നുള്ള തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയുള്ള ഡാറ്റ, തീവ്ര മഴ പോലുള്ള പ്രതിഭാസങ്ങള്‍ക്ക് ഏതാണ്ട് 5.45 മണിക്കൂര്‍ മുതല്‍ 6.45 മണിക്കൂര്‍ മുന്‍പായി വരെ മുന്‍ക്കൂട്ടി പറയാന്‍ സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഇതിനായി 2018 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിന് കാരണമായ അതിതീവ്ര മഴയുള്‍പ്പെടെ ഏതാണ്ട് 8 തീവ്ര മഴക്കാലങ്ങള്‍ ആണ് പഠനവിധേയമാക്കിയിരിക്കുന്നത്. ഇതിലേക്കായി തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ലഭ്യമായ തുടര്‍ച്ചയായുള്ള ജി.പി.എസ്. ഡാറ്റയും, കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നും ലഭ്യമായ മഴക്കണക്കും ഉപയോഗിച്ചു.
വിദേശങ്ങളിൽ, ജി.പി.എസ്. മെറ്റീരോളോജി എന്ന ഈ നൂതന സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യയില്‍ ഇത്തരത്തില്‍ തീവ്രമഴ മുന്‍കൂട്ടിയറിയാനുതകുന്ന തരത്തിലുള്ള ഇത്തരം ഗവേഷണം ആദ്യമായാണെന്നു ഡോ. സുനില്‍ പറയുന്നു. ഭാവിയില്‍, കാലാവസ്ഥ വകുപ്പിൽ നിന്നുള്ള, കാലാവസ്ഥ പ്രവചനങ്ങളില്‍, ഇത്തരം തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ GPS Meteorology എന്ന നൂതന സാങ്കേതിക വിദ്യ കൂടി ഫലപ്രദമായി ഉപയോഗിക്കാമെന്നും അദ്ദേഹം സ്ഥിതീകരിക്കുന്നു.

ചാൾസ് രാജാവ്: കലാവസ്ഥ വ്യതിയാനത്തിന്റെ മുന്നണി പോരാളികളിൽ ഒരാൾ

ഏഴു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബിട്ടന്റെ രാജാവാകുന്ന ചാൾസ് മൂന്നാമൻ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ മുന്നിലുള്ള ലോക നേതാക്കളിലൊരാൾ. വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പ്രചാരണം നടത്തുന്നയാളാണ് ചാൾസ്. അതിനാൽ ബ്രിട്ടീഷ് രാജാവ് എന്ന നിലയിൽ അദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ചെയ്യാനാകും. കഴിഞ്ഞ വർഷം നടന്ന COP26 ലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഗ്ലാസ്‌ഗോയിൽ ഉച്ചകോടി നടന്നത്. ആഗോള താപനത്തിനെതിരേ ലോകം യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നാണ് അദ്ദേഹം അന്ന് ആഹ്വാനം ചെയ്തത്. കൊവിഡിനേക്കാൾ വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാർബൺ ബഹിർഗമനം കുറയ്ക്കാൻ അദ്ദേഹം ബ്രിട്ടനിലും പദ്ധതി ആസൂത്രണം ചെയ്തു.
രാഷ്ട്രീയത്തിൽ സാധാരണ രാജകുടുംബം ബ്രിട്ടനിൽ ഇടപെടാറില്ല. താൻ 10 വർഷം പ്രധാനമന്ത്രിയായിട്ടും എലിസബത്ത് രാജ്ഞിയുടെ രാഷ്ട്രീയ നയം എന്താണെന്ന് അറിയില്ലായിരുന്നുവെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞിരുന്നു.
ക്ലൈമറ്റ് ചേഞ്ചുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ചാൾസ് രാജകുമാരനായിരിക്കെ കാംപയിൻ നടത്തിയിരുന്നു. ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനത്തിനും ക്ലൈമറ്റ് ചേഞ്ച് നേരിടാനുമാണ് അദ്ദേഹം ഊന്നൽ നൽകിയത്. 2019 നവംബർ 13 ന് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഡൽഹിയിലെത്തിയ ചാൾസ്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആസ്ഥാനത്തും സന്ദർശനം നടത്തിയിരുന്നു. മൗസം ഭവനിലെത്തിയ അദ്ദേഹം മുക്കാൽ മണിക്കൂർ ചെലവഴിച്ചിരുന്നു. ഐ.എം.ഡി ഡയരക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രവചനം, നേരത്തെയുള്ള വാണിങ് വെതർ ഫോർകാസ്റ്റ് സിസ്റ്റം, നാഷനൽ വെതർ ഫോർകാസ്റ്റിങ് സെന്റർ എന്നിവയെ കുറിച്ച് വിശദീകരിച്ചു. റഡാർ, ഉപഗ്രഹ സംവിധാനങ്ങളെ കുറിച്ചും ശാസ്ത്രജ്ഞർ വിശദീകരിച്ചിരുന്നു.

കാലാവസ്ഥ പ്രവചിക്കുന്നത് എങ്ങനെ എന്നറിയേണ്ടെ? വിശദമായി വായിക്കാം

കാലാവസ്ഥാ പ്രവചനം നടക്കുന്നത് എങ്ങനെ. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം. കാലാവസ്ഥാ ശാസ്ത്രജ്ഞനും ബ്രസല്‍സിലെ റോയല്‍ ബെല്‍ജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്വറല്‍ സയന്‍സസിലെ റിസര്‍ച്ച് സയിന്റിസ്റ്റായ സഹീദ് പുത്തന്‍പുരയില്‍ എഴുതുന്നു.

ഇന്ത്യന്‍ കാലാവസ്ഥ പ്രവചനവും സങ്കീര്‍ണ്ണതകളുമെന്തെല്ലാം എന്ന് പരിശോധിക്കാം.
നമ്മുടെ രാജ്യത്ത് രണ്ടു കാലാവസ്ഥ നിഗമന സിസ്റ്റങ്ങള്‍ ആണ് ഉള്ളത് ;
1. ഇന്ത്യന്‍ മീറ്റിയരോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, IMD യുടെ GFS
2. National Center for Medium Range Weather Forecasting NCMRWF nte NCUM
ഈ രണ്ടു കാലാവസ്ഥ നിഗമന സിസ്റ്റങ്ങള്‍ക്കും വേണ്ട initial conditions (ഒരു ദിവസത്തെ കാലവസ്ഥ പ്രവചനം തുടങ്ങുമ്പോള്‍ നിലവില്‍ ഉള്ള ഭൗമ അന്തരീക്ഷകടല്‍ അവസ്ഥ) ഉണ്ടാക്കുന്നത് NCMRWF ആണ് !
ഈ initial conditions ഉണ്ടാക്കുന്ന പ്രോസസിന്റെ തുടക്കം ഭൗമ അന്തരീക്ഷത്തെയും കടലിനെയും നിരന്തരമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഉപഗ്രങ്ങള്‍, കപ്പലുകള്‍, യാത്രാ വിമാനങ്ങള്‍, കരയിലും കടലിലും സ്ഥാപിതമായ കാലാവസ്ഥ സ്റ്റേഷനുകള്‍ എന്നിവ ശേഖരിക്കുന്ന നൂറു കണക്കിന് ഗിഗാബൈറ്റ് ഡാറ്റ ഒരുമിച്ച് കൂട്ടി വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആവശ്യമുള്ളത് സ്വീകരിക്കുക എന്നത് ആണ് , സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ നെല്ലും പതിരും വേര്‍തിരിക്കല്‍ ! ഇങ്ങിനെ ഉണ്ടാക്കി എടുക്കുന്ന ഡാറ്റയാണ് പിന്നീട് ന്യൂമറിക്കല്‍ മോഡലുകള്‍ അഥവാ കാലാവസ്ഥ നിഗമന (പ്രവചന) സിസ്റ്റത്തിലേക്ക് പോകുന്നത്.
ഈ ന്യൂമറിക്കല്‍ മോഡലുകള്‍ ആകട്ടെ ഭൂമിയുടെ ചലന നിയമങ്ങളും ഈ ശാസ്ത്ര ശാഖയുടെ ചരിത്രത്തില്‍ അനവധി നിരവധി ശാസ്ത്ര പ്രതിഭകള്‍ നടത്തിയ ഗവേഷണ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന, കടലിലെ ചൂടും അന്തരീക്ഷ മര്‍ദ്ദവും നീരാവിയും മല നിരകളും അന്തരീക്ഷത്തില്‍ തൂങ്ങി കിടക്കുന്ന ചെറു കണികകളും അവയുമായി മേഘങ്ങള്‍ ഉണ്ടാകുന്നതിനും മേഘങ്ങള്‍ ഘനീഭവിക്കുന്നതിലുമൊക്കെയുള്ള, അനവധി നിരവധി സൂക്തവാക്യങ്ങളും അടങ്ങിയതും ആണ് !
ഒരു സ്ഥലത്ത് അടിക്കുന്ന കാറ്റ്, മഴ, അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ മര്‍ദ്ദം എന്നിവയുടെ തോത് ആ സ്ഥലത്ത് മാത്രം നടക്കുന്ന അന്തരീക്ഷ കടല്‍ പ്രതിഭാസങ്ങളുടെ അനന്തരഫലമായി മാത്രം അല്ല, ഭൗമ പ്രതലത്തില്‍ ആകെ, അന്തരീക്ഷത്തിലും കടലിലും ഒന്നടങ്കം നടക്കുന്ന സമയ കാല വ്യത്യാസങ്ങള്‍ ഉള്ള അനവധി നിരവധി പ്രതിഭാസങ്ങളുടെ ആകെ തുകയാണ് !
അത് കൊണ്ട് തന്നെ ഈ മോഡലുകള്‍ ഭൗമ അന്തരീക്ഷം മൊത്തമായി ഉള്‍പ്പെടുത്തി വേണം computation നടത്താന്‍ !
ഒരു സാധാരണ ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറിനേക്കാള്‍ ആയിരം മടങ്ങ് അല്ലെങ്കില്‍ കൂടുതല്‍ ശക്തിയുള്ള ( പ്രോസസ്സിംഗ് സ്പീഡ്, storage etc) ഹൈപര്‍ഫോര്‍മിങ് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് മാത്രമേ, കാലാവസ്ഥ വിവരം ആവശ്യമായ മണിക്കൂറുകള്‍ക്ക് മുന്‍പ് ഇത് ലഭ്യമാകുന്ന തരത്തില്‍ ഈ computation ചെയ്യാന്‍ കഴിയുകയുള്ളൂ !
നമ്മുടെ രാജ്യത്ത് കാലാവസ്ഥ പ്രവചനത്തിന് ഉപയോഗിക്കുന്ന ഇന്ന് നിലവിലുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ലോകത്ത് ഏതു സ്ഥാപനത്തിനോടും കിടപിടിക്കുന്നതും പല വികസിത രാജ്യങ്ങളെ പോലും കവച്ചുവെക്കുന്നതും ആണ് !
ഇനി ഇന്ത്യന്‍ കാലാവസ്ഥ നിഗമനത്തിന്റെ (പ്രവചനത്തിന്റെ) സങ്കീര്‍ണ്ണത ആകട്ടെ കാലാവസ്ഥ ശാസ്ത്ര മേഖലയില്‍ ലോകത്തെമ്പാടുമുള്ള ഏറ്റവും മികച്ചത് എന്ന് പറയപ്പെടുന്ന യൂണിവേഴ്‌സിറ്റികളിലെയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെയും പ്രതിഭകളായ ശാസ്ത്രജ്ഞരെ പോലും വിഷമം പിടിപ്പിക്കുന്ന ഒരു ശാസ്ത്ര സമസ്യയാണ് !
തികച്ചും വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ ഉള്ള രണ്ടു കടലുകള്‍ ഇരു വശങ്ങളിലും, ഇന്ത്യന്‍ മഹാ സമുദ്രം താഴെയും, ഹിമാലയ പര്‍വ്വതം മുകളിലും, ഇതൊന്നും കൂടാതെ ശാന്ത സമുദ്രത്തില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങള്‍ പലപ്പോഴായി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുമ്പോ ഉണ്ടാകുന്ന സങ്കീര്‍ണ്ണത വേറെയും !
ഒരു ദിവസത്തെ കാലാവസ്ഥ നിലവില്‍ ഉള്ള അവസ്ഥ (അഥവാ initial condition) എന്നത് കാലാവസ്ഥ പ്രവചനത്തില്‍ ഏറ്റവും നിര്‍ണായകമാണ് ! ഇതിന് നാം ആശ്രയിക്കുന്ന ഡാറ്റ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇനിയും ധാരാളം മുന്നോട്ട് പോകാന്‍ ഉണ്ട് , റഡാര്‍ ഡാറ്റകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള initial condition ഉണ്ടാക്കുക എന്നതാണ് പുതുതായി വരാനിരിക്കുന്ന ഒരു മാറ്റം !
നിരവധി ശാസ്ത്ര പ്രതിഭകള്‍ , മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്ന കുട്ടികള്‍ മുതല്‍ വളരെ പ്രഗല്‍ഭരായ ശാസ്ത്ര പ്രതിഭകള്‍ വരെ കഠിന പ്രയത്‌നം തന്നെ ഈ മേഖലയില്‍ നടത്തുന്നുണ്ട് !
സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിത ഉപാധിയും സംരക്ഷിക്കുക എന്ന മഹനീയ ലക്ഷം തന്നെയാണ് അവരുടെ മുന്നില്‍ !
ഒരു കാലാവസ്ഥ പ്രവചനം തെറ്റുമ്പോള്‍ ശെരിയായ കാലാവസ്ഥ നിഗമനങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയിലൂടെ ആണ് തങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവരും വിവേകവും ഉണ്ടാകണം !
എന്താണ് ശാസ്ത്രം, എന്താണ് കാലാവസ്ഥ പ്രവചനം എന്താണ് ഇന്ത്യന്‍ കാലാവസ്ഥ ലോക കാലാവസ്ഥാ ഭൂപടത്തില്‍ ഇത്രയും സങ്കീര്‍ണ്ണമായ ഒരു സമസ്യ ആക്കുന്നത് എന്നൊന്നും ലവലേശം വിവരം ഇല്ലാത്ത കുറെ ആളുകള്‍ ഉണ്ട് ! അവര്‍ക്ക് ഇതൊന്നും തന്നെ, ഈ എഴുത്തും വാക്കുകളും ഒരു പ്രയോജനവും ചെയ്യുകയില്ല ! പക്ഷേ വിവേകമുള്ള ധാരാളം ആളുകള്‍ക്ക് ഇതൊക്കെ ഒന്ന് മനസ്സിലാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ !

കേരളത്തിൽ ഇന്നു വരെ 22 ശതമാനം മഴക്കുറവ്

കേരളത്തിൽ ഇന്നു വരെ 22 ശതമാനം മഴക്കുറവ്. ഇതുവരെ 1342 എം.എം മഴ ലഭിക്കേണ്ടതിനു പകരം 1049.2 എം.എം മഴയാണ് ലഭിച്ചത്. കാസർകോട് (-14), പാലക്കാട് (-16), തൃശൂർ (-19), വയനാട് (-12) ജില്ലകളിൽ സാധാരണ തോതിൽ മഴ ലഭിച്ചു. മറ്റു ജില്ലകളിലെല്ലാം ഇപ്പോഴും മഴക്കുറവാണ്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് രണ്ട് വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരമാണിത്.
ആലപ്പുഴയിൽ -34 ഉം, കണ്ണൂരിൽ -20 ഉം എറണാകുളത്ത് -23 ഉം ഇടുക്കിയിൽ -29 ഉം കൊല്ലം -29 ഉം കോട്ടയം -20 ഉം കോഴിക്കോട് -25 ഉം മലപ്പുറം -23 ഉം പത്തനംതിട്ട -29 ഉം തിരുവനന്തപുരം -26 ഉം ശതമാനം മഴ കുറവാണ്. ജൂൺ മാസത്തിൽ കേരളത്തിൽ മഴ പൊതുവെ കുറവായിരുന്നു. ജൂൺ അവസാനം 53 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂലൈയിൽ മഴക്കുറവ് 16 ശതമാനം വരെയായി കുറഞ്ഞിരുന്നു. ജൂലൈ അവസാന വാരത്തിലെ മൺസൂൺ ബ്രേക്കിനെ തുടർന്നാണ് പിന്നീട് മഴക്കുറവ് കൂടിയത്. തുടർന്നുള്ള ദിവസങ്ങളിലെ മഴ ഈ കുറവ് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്ക് തീരും മുൻപ് അതിശക്തമായ മഴയെത്തുന്നു, ജാഗ്രത വേണം

ഏതാനും ദിവസം മുൻപ് മെറ്റ്ബീറ്റ് വെതർ സൂചന നൽകിയതുപോലെ കേരളത്തിലും തമിഴ്‌നാട്ടിലും നാളെ മുതൽ മഴ ശക്തിപ്പെടും. നിലവിൽ മൺസൂൺ ട്രഫ് ഹിമാലയൻ ഭാഗത്ത് തുടരുകയാണെങ്കിലും നാളെ മുതൽ മറ്റ് കാലാവസ്ഥാ സാഹചര്യങ്ങൾ ഉരുത്തിരിയുന്നതു മൂലമാണ് കേരളത്തിൽ അതിശക്തമായ മഴ ഉണ്ടാകുക. ഇതിന്റെ ഫലമായി പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയും കാലവർഷക്കാറ്റ് മഴ നൽകുകയും ചെയ്യും.

ബ്രേക്ക് തുടരുന്നു, പക്ഷേ
മൺസൂൺ മഴപ്പാത്തി എന്ന ട്രഫിന്റെ പടിഞ്ഞാറേ അഗ്രം നിലവിൽ വടക്കോട്ട് മാറിയും കിഴക്കേ അഗ്രം ഹിമാലയൻ നിരകളോട് ചേർന്നുമാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്നു ദിവസം കൂടി ഈ നിലയിൽ മൺസൂൺ ട്രഫ് തുടരും. തുടർന്ന് ഹിമാലയൻ ഭാഗത്തുള്ള ട്രഫിന്റെ അഗ്രം തെക്കോട്ടേക്ക് മാറിത്തുടങ്ങും. ഇതോടെ ഓഗസ്റ്റ് മൂന്നിന് ശേഷം കേരളത്തിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. നിലവിൽ മൺസൂൺ ബ്രേക്ക് തുടരുന്നുണ്ടെങ്കിലും കേരളത്തിനു കുറുകെ ട്രോപോസ്ഫിയറിന്റെ മധ്യ ഉയരത്തിലായി കാറ്റിന്റെ ഖണ്ഡധാര രൂപപ്പെടുന്നുണ്ട്. അത് ദക്ഷിണേന്ത്യയിൽ ഓഗസ്റ്റ് 2 മുതൽ മഴ ശക്തിപ്പെടുത്താൻ കാരണമാകും. ഒപ്പം കന്യാകുമാരിയിൽ നിന്ന് ചത്തീസ്ഗഡിലേക്കുള്ള തെക്കു-വടക്ക് ന്യൂനമർദ പാത്തിയും കേരളത്തിൽ മഴ കൂടാൻ സാഹചര്യം ഒരുക്കും.

ജാഗ്രത വേണം
കേരളത്തിൽ കരയിലും കടലിലും തുടർന്നുള്ള ദിവസങ്ങളിൽ അതി ജാഗ്രത വേണം. കിഴക്കൻ മേഖലയിൽ ഇടിയോടെ ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നു. അനാവശ്യ യാത്രയും രാത്രികാല യാത്രയും മലയോര മേഖലകളിൽ ഒഴിവാക്കലാണ് സുരക്ഷിതം. ഡാമുകളിലേക്ക് തുടർന്നുള്ള ദിവസങ്ങളിൽ ജലനിരപ്പ് കൂടും. പൊതുജനങ്ങൾ അനാവശ്യ ഭീതി സൃഷ്ടിക്കുന്ന സന്ദേശങ്ങളിൽ വിശ്വസിക്കാതെ സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ എന്നിവർ നൽകുന്ന കാലാവസ്ഥാ അപ്‌ഡേഷനുകൾ ശ്രദ്ധിക്കുക.

ആദ്യം തെക്ക്, പിന്നെ വടക്ക്

ഓഗസ്റ്റ് ഒന്നു മുതൽ മൂന്നു വരെ തെക്കൻ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴ ലഭിക്കുകയെന്നാണ് വിവിധ അന്തരീക്ഷ മോഡലുകൾ സൂചിപ്പിക്കുന്നത്. മറ്റു അന്തരീക്ഷ ഘടകങ്ങൾ കൂടി പരിശോധിക്കുമ്പോൾ മോഡൽ മുന്നറിയിപ്പ് ശരിയാകാനാണ് സാധ്യത. തുടർന്ന് മഴ വടക്കൻ കേരളത്തിലേക്ക് എത്തും. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായതോ തീവ്രമായതോ ആയ മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിനൊപ്പം തീരദേശ കർണാടക, മാഹി എന്നിവിടങ്ങളിലും സമാന കാലാവസ്ഥ അനുഭവപ്പെടും.

ശ്രദ്ധിക്കുക- അപ്‌ഡേഷനുകൾ അറിയാൻ ഞങ്ങളുടെ Metbeat Weather, weatherman kerala എന്നീ ഫേസ്ബുക്ക് പേജുകളും യുട്യൂബ് ചാനലുകളും metbeat.com, metbeatnews.com എന്നീ വെബ്‌സൈറ്റുകളും LIKE ചെയ്തും Subscribe ചെയ്തും പിന്തുടരുക.

കാലവർഷം കണ്ണൂർ വരെയെത്തി, വിശദീകരണവുമായി ഐ.എം.ഡി

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഇന്ന് കണ്ണൂരിൽ വരെയെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെന്നും ഐ.എം.ഡി വാർത്താ കുറിപ്പിൽ പറഞ്ഞു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ഉൾപ്പെടെ കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇന്ന് കാലവർഷം എത്തി. തെക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ, മാന്നാർ കടലിലിടുക്ക് എന്നിവിടങ്ങളിലും കാലവർഷം വ്യാപിച്ചു. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം എത്തേണ്ടത്. ഇത്തവണ മൂന്നു ദിവസം മുൻപാണ് കാലവർഷം എത്തിയതെന്നും അടുത്ത ദിവസം കാസർകോട്ടേക്കു കൂടി കാലവർഷം വ്യാപിക്കുമെന്നും ഐ.എം.ഡി പറഞ്ഞു. തമിഴ്‌നാടിന്റെ കൂടുതൽ ഭാഗങ്ങൾ, കർണാടകയുടെ ചില പ്രദേശങ്ങൾ, മധ്യ അറബിക്കടലിന്റെ ചില മേഖലകൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ മേഖലകൾ, വടക്കു കിഴക്കൻ ബംഹഗാൾ ഉൾക്കടൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ അടുത്ത നാലു ദിവസത്തിനകം കാലവർഷം എത്തുമെന്നാണ് ഐ.എം.ഡിയുടെ പ്രവചനം.

കാരണം വിശദീകരിച്ച് ഐ.എം.ഡി

ഇന്ന് കേരളത്തിന്റെ പല മേഖലകളിലും വെയിലായിരുന്നെങ്കിലും മൺസൂൺ എത്തിയോ എന്ന സംശയം വേണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വാർത്താ കുറിപ്പിലെ വിശദീകരണം വ്യക്തമാക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4.5 കി.മി ഉയരത്തിൽ വരെ പടിഞ്ഞാറൻ കാറ്റ് സജീവമായി. തെക്കുകിഴക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന് വേഗത 25-35 കി.മി വേഗത രേഖപ്പെടുത്തി. തെക്കുകിഴക്കൻ അറബിക്കടലിലും കേരളത്തിലും ഭൂമിയിൽ നിന്ന് ബഹിർഗമിക്കുന്ന ഔട്ട്‌ഗോയിങ് ലോങ് വേവ് റേഡിയേഷൻ (OLR) ഇന്ന് രേഖപ്പെടുത്തിയത് 189.7 W/m2 ആണെന്നും കാലാവസ്ഥാ വകുപ്പ് വിശദീകരിക്കുന്നു. ഇത് 200 ൽ താഴെ എത്തിയാൽ കാലവർഷം എത്തിയതായി കണക്കാക്കാമെന്നാണ് മാനദണ്ഡം. കേരളം ഉൾപ്പെടെ 14 വെതർ സ്റ്റേഷനുകളിലെ 60 ശതമാനത്തിലധികം തുടർച്ചയായ രണ്ടു ദിവസം 2.5 എം.എം മഴ രേഖപ്പെടുത്തണമെന്ന മാനദണ്ഡവും പാലിച്ചെന്ന് വാർത്താ കുറിപ്പ് പറയുന്നു. 10 സ്റ്റേഷനുകളിൽ 2.5 എം.എം അതിൽ കൂടുതലോ മഴ രേഖപ്പെടുത്തി.

കാലവര്‍ഷം ശ്രീലങ്കയിലും കന്യാകുമാരി കടലിലും എത്തിയെന്ന് ഐ.എം.ഡി

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ് (കാലവര്‍ഷം) കേരളത്തോട് കൂടുതല്‍ അടുക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയുടെ തെക്കന്‍ മേഖല, കന്യാകുമാരി കടല്‍, തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) സ്ഥിരീകരിച്ചു. മ്യാന്‍മറിലും ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ പ്രദേശങ്ങളിലും കാലവര്‍ഷം എത്തി. അടുത്ത രണ്ടു ദിവസത്തിനകം തെക്കന്‍ അറബിക്കടല്‍, മാലദ്വീപ് പൂര്‍ണമായും, ലക്ഷദ്വീപിന്റെ തെക്കന്‍ മേഖല എന്നിവിടങ്ങളിലും കാലവര്‍ഷം എത്തും. കേരളത്തില്‍ നാളെ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചതെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരം ലഭ്യമായിട്ടില്ല. കേരളത്തിലേക്കുള്ള കാലവര്‍ഷത്തിന്റെ പ്രവേശനം നിരീക്ഷിക്കുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

കാലവർഷം രണ്ടു ദിവസത്തിനകം കേരളത്തിനടുത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കേരളത്തിന്റെ തീര മേഖലയിലേക്ക് പ്രവേശിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ടു ദിവസത്തിനകം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, കന്യാകുമാരി കടൽ, മലദ്വീപ്, ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്ക് മധ്യ മേഖല എന്നിവിടങ്ങളിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ അക്ഷാംശ രേഖ 5 – 6 ഡിഗ്രി വടക്കും രേഖാംശ രേഖ 67-72 ഡിഗ്രി കിഴക്കും കാലവർഷം എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്ഥാനം അക്ഷാംശ രേഖ എട്ട് മുതൽ 12 ഡിഗ്രി വടക്കാണ്. ഈ മാസം 27 ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഇത് സാധാരണയേക്കാൾ നേരത്തെയാണ്. ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിൽ എത്തേണ്ട സാധാരണ തിയതി. ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന മൺസൂണിന്റെ ഇന്ത്യയുടെ മെയിൻ ലാന്റിൽ ആദ്യം കാലവർഷം എത്തുന്നതും അവസാനം വിടവാങ്ങുന്നതും കേരളത്തിലാണ്. രാജസ്ഥാനിലാണ് അവസാനം കാലവർഷം എത്തി ആദ്യം വിടവാങ്ങുന്നത്. കേരളത്തിലും അറബിക്കടലിലും മെയ് 15 മുതൽ കാറ്റിന്റെ പാറ്റേൺ തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുകയും ഔട്ട് ഗോയിങ് ലോങ് വേവ് റേഡിയേഷൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പൂർത്തിയാകുകയും ചെയ്തിരുന്നെങ്കിലും കാലവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല.

കേരളത്തിൽ 10 ദിവസത്തിനിടെ ലഭിച്ചത് നാലിരട്ടി

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസത്തിൽ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലിരട്ടി മഴ. മെയ് പത്ത് മുതൽ ഇന്നലെ വരെ ലഭിച്ചത് 255.5 മില്ലിമീറ്റർ മഴയാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. സാങ്കേതികമായി ഇത് വേനൽ മഴയുടെ കണക്കിലാണ് വരിക. സംസ്ഥാനത്തുടനീളം ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തമായ മഴയുടേയും കാറ്റിന്റേയും പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് ഇന്നും നിയന്ത്രണം തുടരും. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ ലഭിച്ചേക്കും. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ തമിഴ്‌നാട്ടില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും അതിന്റെ ഭാഗമായുള്ള കാറ്റും മൂലമാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ, ചക്രവാത ചുഴി കർണാടകയ്ക്ക് മുകളിലേക്ക് മാറിയെന്നും മഴ തുടരുമെന്നും മെറ്റ്ബീറ്റ് വെതർ പറയുന്നു.
അതേസമയം,