കാലവർഷം കണ്ണൂർ വരെയെത്തി, വിശദീകരണവുമായി ഐ.എം.ഡി

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഇന്ന് കണ്ണൂരിൽ വരെയെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെന്നും ഐ.എം.ഡി വാർത്താ കുറിപ്പിൽ പറഞ്ഞു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ഉൾപ്പെടെ കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇന്ന് കാലവർഷം എത്തി. തെക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ, മാന്നാർ കടലിലിടുക്ക് എന്നിവിടങ്ങളിലും കാലവർഷം വ്യാപിച്ചു. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം എത്തേണ്ടത്. ഇത്തവണ മൂന്നു ദിവസം മുൻപാണ് കാലവർഷം എത്തിയതെന്നും അടുത്ത ദിവസം കാസർകോട്ടേക്കു കൂടി കാലവർഷം വ്യാപിക്കുമെന്നും ഐ.എം.ഡി പറഞ്ഞു. തമിഴ്‌നാടിന്റെ കൂടുതൽ ഭാഗങ്ങൾ, കർണാടകയുടെ ചില പ്രദേശങ്ങൾ, മധ്യ അറബിക്കടലിന്റെ ചില മേഖലകൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ മേഖലകൾ, വടക്കു കിഴക്കൻ ബംഹഗാൾ ഉൾക്കടൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ അടുത്ത നാലു ദിവസത്തിനകം കാലവർഷം എത്തുമെന്നാണ് ഐ.എം.ഡിയുടെ പ്രവചനം.

കാരണം വിശദീകരിച്ച് ഐ.എം.ഡി

ഇന്ന് കേരളത്തിന്റെ പല മേഖലകളിലും വെയിലായിരുന്നെങ്കിലും മൺസൂൺ എത്തിയോ എന്ന സംശയം വേണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വാർത്താ കുറിപ്പിലെ വിശദീകരണം വ്യക്തമാക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4.5 കി.മി ഉയരത്തിൽ വരെ പടിഞ്ഞാറൻ കാറ്റ് സജീവമായി. തെക്കുകിഴക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന് വേഗത 25-35 കി.മി വേഗത രേഖപ്പെടുത്തി. തെക്കുകിഴക്കൻ അറബിക്കടലിലും കേരളത്തിലും ഭൂമിയിൽ നിന്ന് ബഹിർഗമിക്കുന്ന ഔട്ട്‌ഗോയിങ് ലോങ് വേവ് റേഡിയേഷൻ (OLR) ഇന്ന് രേഖപ്പെടുത്തിയത് 189.7 W/m2 ആണെന്നും കാലാവസ്ഥാ വകുപ്പ് വിശദീകരിക്കുന്നു. ഇത് 200 ൽ താഴെ എത്തിയാൽ കാലവർഷം എത്തിയതായി കണക്കാക്കാമെന്നാണ് മാനദണ്ഡം. കേരളം ഉൾപ്പെടെ 14 വെതർ സ്റ്റേഷനുകളിലെ 60 ശതമാനത്തിലധികം തുടർച്ചയായ രണ്ടു ദിവസം 2.5 എം.എം മഴ രേഖപ്പെടുത്തണമെന്ന മാനദണ്ഡവും പാലിച്ചെന്ന് വാർത്താ കുറിപ്പ് പറയുന്നു. 10 സ്റ്റേഷനുകളിൽ 2.5 എം.എം അതിൽ കൂടുതലോ മഴ രേഖപ്പെടുത്തി.

Leave a Comment