ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻ.സി.ആർ) ഇടിയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഇന്ന് വൈകിട്ടാണ് മഴയുണ്ടായത്. തെക്ക്, മധ്യ ഡൽഹിയിലാണ് മഴ. താപനില പെട്ടെന്ന് താഴുകയും റോഡുകൾ വെള്ളത്തിലാകുകയും ചെയ്തു. മരങ്ങൾ വീണ് നിരവധി വാഹനങ്ങൾ തകർന്നു. പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. ജുമാ മസ്ജിദ് ഏരിയയിൽ 50 കാരൻ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീണ് മരിച്ചു. കനത്ത കാറ്റിൽ എ.സികളും മേൽക്കൂരകളും തകർന്നു. ഇവ പാർക്ക് ചെയ്ത കാറുകൾക്ക് മുകളിൽ വീണ് കാറുകൾ തകർന്നു. റോഡരികിൽ മരം കടപുഴകി ഓട്ടോകളും കാറും തകർന്നു.
സൗത്ത് എക്‌സറ്റൻഷൻ റിങ് റോഡിൽ കനത്ത ഗതാഗത തടസ്സം ഉണ്ടായി. ഹിമാചൽ ഭവന് സമീപം വൻ മരം കടപുഴകി. കസ്തൂർബാ ഗാന്ധി റോഡിലും വൻ മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. സി.ജി.ഒ കോംപ്ലക്‌സിനു സമീപത്തെ നിർമാണം നടക്കുന്ന കെട്ടിടം കാറ്റിലും മഴയിലും തകർന്നു. എട്ട് വിമാനങ്ങൾ ജയ്പൂർ, ലഖ്‌നൗ, ചണ്ഡിഗഢ്, അഹമ്മദാബാദ്, ഡെറാഡൂൺ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടുവെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് താപനില 27.8 ഡിഗ്രിയിലേക്ക് താഴ്ന്നു. മണിക്കൂറിൽ 50 കി.മി വേഗതയിലുള്ള കാറ്റാണ് നഗരത്തിൽ വീശിയത്.
Tags: Delhi heavy rain , Delhi weather , extreme weather event , metbeat , strong wind in delhi , Thunderstorm
LEAVE A COMMENT