ചക്രവാത ചുഴി: വടക്കൻ കേരളത്തിൽ മഴ സാധ്യത

ഒരാഴ്ച നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നു മുതൽ വടക്കൻ ജില്ലകളിലും വ്യാഴം മുതൽ മറ്റു ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യത. ഇടിയോടെ കൂടിയും അല്ലാതെയും മഴ ലഭിക്കാമെന്ന് മെറ്റ്ബീറ്റ് വെതർ പറയുന്നു. വടക്കൻ കേരള തീരത്തോട് ചേർന്ന് വിവിധ അന്തരീക്ഷ ഉയരങ്ങളിലായി രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴക്ക് കാരണം. ഇത് കാലവർഷക്കാറ്റിനെ വ്യാപിക്കുന്നത് തടയുന്നതിനാൽ 2-3 ദിവസം കഴിഞ്ഞേ കാസർകോട്ടും മറ്റും കാലവർഷം എത്തുകയുള്ളൂ. വടക്കൻ കേരളത്തിലും കർണാടകയിലും ലഭിക്കുന്ന മഴക്കൊപ്പം ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. മഴക്കൊപ്പം കാറ്റിനും സാധ്യത. ഈ മഴ കാലവർഷത്തിന്റെ ഭാഗമായി കാണാനാകില്ല. വടക്കൻ തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാത ചുഴിയോട് ചേർന്ന് കേരളത്തിനും തമിഴ്നാടിനും കുറുകെ ബംഗാൾ ഉൾക്കടലിലേക്ക് ന്യൂനമർദ പാത്തി (ട്രഫ്) നിലകൊള്ളുന്നു. ഇതും വടക്കൻ കേരളത്തിലും വടക്കൻ തമിഴ്നാട്ടിലും മഴക്ക് കാരണമാകും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ പെയ്യുന്ന മഴ കാലവർഷത്തിന്റെ ഭാഗമാണ്. അതിനാൽ അവിടെ ഇടക്കിടെ മഴ ശക്തമായി തുടരും. തെക്കു കിഴക്കൻ അറബിക്കടലിൽ കാലവർഷക്കാറ്റിന് ശക്തി കൂടിയിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നില്ല. ഈ സാഹചര്യത്തിന് അടുത്ത ദിവസങ്ങളിൽ മാറ്റം വരും. കടലിൽ കാലവർഷ പ്രതീതിയിൽ മഴ തുടരും. ധരാളം മേഘങ്ങൾ കടലിൽ രൂപപ്പെടുകയും അവ മഴയായി ചെയ്യുകയും ചെയ്യുന്നുണ്ട് . അതിനാൽ ലക്ഷദ്വീപ്, മാലദ്വീപ് എന്നിവിടങ്ങളിൽ മഴ തുടരും. ജൂൺ 3 മുതൽ 7 വരെ കേരളത്തിൽ എല്ലാ ജില്ലകളിലും സാധാരണ തോതിലോ അതിൽ കുറവോ മഴ പ്രതീക്ഷിക്കാം.

Leave a Comment