ഡൽഹിയിലെ വായു മലിനീകരണം കണ്ടു നിൽക്കാൻ വയ്യ, പ്രതിപക്ഷമിറങ്ങി, പ്രതീക്ഷയോടെ ജനങ്ങൾ
വായു മലിനീകരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ നടക്കുന്ന പ്രതിഷേധത്തിന് ചുക്കാൻ പിടിക്കുന്നത് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരാണ്. ഇവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഡൽഹിയുടെ ശ്വാസം മുട്ടലിൽ ജനങ്ങൾകൊപ്പം പ്രതിഷേധവുമായി പ്രതിപക്ഷം ഇറങ്ങുമ്പോൾ വലിയൊരു പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്.
മലിനീകരണം തടയാൻ സർക്കാർ നടപടിയെടുക്കണമെന്ന് രാഹുൽ ഗാന്ധി
ഡൽഹിയിലെ ഗുരുതരമായ വായുമലിനീകരണത്തെക്കുറിച്ച് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ പ്രത്യേക ചർച്ച വേണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഡൽഹിയിലെ ‘ആരോഗ്യ അടിയന്തരവാസ്ഥ’യെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെയും രാഹുൽ ഗാന്ധി ചോദ്യം ചെയ്തും ശ്രദ്ധേയമായ്. മലിനീകരണം തടയാനുള്ള കർമപരിപാടി സർക്കാർ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വൈറലായി രാഹുൽ ഗാന്ധിയുടെ വീഡിയോ
ഒരുകൂട്ടം അമ്മമാരുമായി, വായുമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന വിഡിയോയും രാഹുൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. മക്കൾ വിഷലിപ്തമായ വായു ശ്വസിച്ചാണ് വളരുന്നതെന്നാണ് ഓരോ അമ്മയും തന്നോടു പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഡൽഹിയിലെ വായു മലിനീകരണതോത് അപകടകരമായ നിലയിൽ തുടരുകയാണ്.
പ്രതിഷേധം ശക്തമാകുന്നു
വായു മലിനീകരണം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. കഴിഞ്ഞദിവസം അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയിരുന്നു. ‘കാലാവസ്ഥ ആസ്വദിക്കൂ’ എന്ന പരിഹാസരൂപേണയുള്ള ബാനർ ഉയർത്തിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്.
വായുമലിനീകരണം ദിനം പ്രതി ഗുരുതര പ്രശ്‌നമാകുന്നു
ഡൽഹിയിലെ കാലാവസ്ഥയും വായു ഗുണ നിലവാരവും അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. 399 എക്യുഐയാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ ഡൽഹിയുടെ ശരാശരി വായു ഗുണനിലവാര സൂചിക. കഠിനമായ പുകമഞ്ഞിന്റെ സാന്നിധ്യമാണ് ഡൽഹിയിലുള്ളത്. "വളരെ മോശം" വിഭാഗത്തിലാണ് നിലവിലെ വായു ഗുണനിലവാര സൂചിക. ബുധനാഴ്ച 392 എക്യുഐ ആണ് രേഖപ്പെടുത്തിയത്.
English Summary: Join Rahul as he discusses the alarming effects of air pollution with a group of mothers, highlighting the dangers their children face in Delhi's toxic air