വേനൽച്ചൂടിന് പ്രകൃതിദത്ത ആശ്വാസം, വഴിയോരങ്ങളിൽ കാണുന്ന നൊങ്കിന് ഏറെ ഗുണങ്ങളും ഉപയോഗങ്ങളും 

വേനൽച്ചൂടിൽ ശരീരത്തെ തണുപ്പിക്കുകയും ജലാംശം പകരുകയും ചെയ്യുന്ന പ്രകൃതിദത്ത ആരോഗ്യപാനീയങ്ങളിലൊന്നാണ് നൊങ്ക്. രുചിയിലും ആരോഗ്യഗുണങ്ങളിലും സമ്പന്നമായ ഈ പഴം വേനൽക്കാല ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്.

Maneesha Prasoon
2 mins mins read

വേനൽച്ചൂടിന് പ്രകൃതിദത്ത ആശ്വാസം, വഴിയോരങ്ങളിൽ കാണുന്ന നൊങ്കിന് ഏറെ ഗുണങ്ങളും ഉപയോഗങ്ങളും 

വേനൽക്കാലത്ത് കടുത്ത ചൂടിനെ തരണം ചെയ്യാൻ തണ്ണിമത്തൻ, കരിക്ക്, കക്കരി തുടങ്ങിയ ജലസാന്ദ്രമായ പഴങ്ങൾ കൂടുതലായി ആളുകൾ തിരഞ്ഞെടുക്കാറുണ്ട്. അതുപോലെ തന്നെ മാങ്ങയും ചക്കയും സുലഭമാകുന്ന ഈ കാലത്ത് പലരും പ്രത്യേകിച്ച് തേടി എത്തുന്ന മറ്റൊരു പഴമാണ് നൊങ്ക്. എല്ലാ പ്രദേശങ്ങളിലും എളുപ്പത്തിൽ ലഭിക്കാത്തതിനാൽ ചിലപ്പോൾ വഴിയോരക്കച്ചവടങ്ങളിലും ചെറിയ കടകളിലും മാത്രമാണ് ഇത് കാണാൻ സാധിക്കുന്നത്. രുചിയും ആരോഗ്യഗുണങ്ങളും കൊണ്ട് വേനൽക്കാലത്ത് ഏറെ പ്രാധാന്യമുള്ള പഴങ്ങളിലൊന്നാണ് നൊങ്ക്. 

വേനൽച്ചൂടിൽ ശരീരത്തെ തണുപ്പിക്കുകയും ജലാംശം പകരുകയും ചെയ്യുന്ന പ്രകൃതിദത്ത ആരോഗ്യപാനീയങ്ങളിലൊന്നാണ് നൊങ്ക്. രുചിയിലും ആരോഗ്യഗുണങ്ങളിലും സമ്പന്നമായ ഈ പഴം വേനൽക്കാല ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്.

എന്താണ് നൊങ്ക്?

പനമരത്തിൽ ഉണ്ടാകുന്ന ഒരു പ്രത്യേക പഴമാണ് നൊങ്ക്. കടുത്ത ചൂടിനെയും വരൾച്ചയെയും എളുപ്പത്തിൽ അതിജീവിക്കാൻ കഴിയുന്ന ഈ പഴം കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുമുണ്ട്.

നാളികേരത്തെ പോലെ കട്ടിയുള്ള ഇരുണ്ട പുറന്തോടുള്ളതാണ് ഈ പഴം. അതിനകത്ത് വിത്തുകളുടെ അറകളോട് സാമ്യമുള്ള ഭാഗവും അതിനകത്ത് ജെല്ലി പോലെയുള്ള മാംസളമായ ഭാഗവുമാണ് കാണപ്പെടുന്നത്. വെളുത്തതോ അല്പം മഞ്ഞനിറമുള്ളതോ ആയ ഈ മൃദുവായ ഭാഗമാണ് നൊങ്ക് ആയി കഴിക്കുന്നത്. ഇളനീർക്കാമ്പിന്റെ രുചിയെ ഓർമ്മിപ്പിക്കുന്നതുകൊണ്ടാണ് ഇതിനെ ഇംഗ്ലീഷിൽ “ഐസ് ആപ്പിൾ” എന്നും വിളിക്കുന്നത്. ദാഹവും വിശപ്പും ഒരുപോലെ ശമിപ്പിക്കുന്നതും ശരീരത്തിന് ജലാംശം നൽകുന്നതുമാണ് നൊങ്കിന്റെ പ്രധാന സവിശേഷത.

ധാരാളം ജലാംശം

നൊങ്കിന്റെ ഏറ്റവും വലിയ ഗുണം അതിലെ ഉയർന്ന ജലാംശമാണ്. ശരീരത്തിലെ ജലാംശക്കുറവ് ഒഴിവാക്കാനും വേനൽച്ചൂടിൽ ശരീരത്തെ ശീതളമാക്കാനും ഇത് സഹായിക്കുന്നു. അതിന്റെ മൃദുവായ സ്വാദും തണുപ്പുള്ള സ്വഭാവവും കാരണം കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പഴമായി ഇത് മാറുന്നു. 

1772976378W.webp  

പോഷകസമൃദ്ധം

നൊങ്കിൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ A, C, E, K എന്നിവയ്ക്കൊപ്പം ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയുള്ളതായിട്ടും ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ ഇത് നൽകുന്നു.

ശരീരത്തിന് തണുപ്പ് നൽകുന്നു

ആയുർവേദപരമായി നോക്കുമ്പോൾ നൊങ്ക് ശരീരത്തിന് തണുപ്പ് നൽകുന്ന ഒരു പഴമായി കണക്കാക്കപ്പെടുന്നു. ശരീരത്തിലെ ചൂടും പിത്തവും കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നൊങ്കിലെ ഉയർന്ന ജലാംശവും സ്വാഭാവിക ഇലക്ട്രോലൈറ്റുകളും ശരീരത്തെ ശീതളമാക്കാൻ സഹായിക്കുന്നു. അസിഡിറ്റി, ചൂടുകുരു, വേനൽക്കാലത്ത് ഉണ്ടാകുന്ന നിർജലീകരണം എന്നിവ തടയാനും നൊങ്ക് കഴിക്കുന്നത് ഗുണകരമാണ്.

കുറഞ്ഞ കലോറി

സ്വാഭാവികമായി കലോറി കുറവുള്ള ഒരു പഴമാണ് നൊങ്ക്. ഇടവേളകളിൽ ലഘുഭക്ഷണമായി കഴിക്കാൻ ഇത് ഏറ്റവും അനുയോജ്യമാണ്. വയറിന് ഭാരം തോന്നിക്കാതെ വിശപ്പകറ്റാൻ ഇത് സഹായിക്കും.

എങ്ങനെ കഴിക്കാം?

നൊങ്ക് പുറന്തോട് നീക്കി നേരിട്ട് കഴിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. തണുപ്പിച്ചോ അല്ലാതെയോ ഇത് കഴിക്കാം. ചിലർ പാൽ ചേർത്തും മധുരമുള്ള സിറപ്പ് ചേർത്തും നൊങ്ക് ഉപയോഗിച്ച് പലതരം പാനീയങ്ങളും വിഭവങ്ങളും തയ്യാറാക്കാറുണ്ട്.

നൊങ്ക് ഉപയോഗിച്ചുള്ള ചില വിഭവങ്ങൾ

. നൊങ്ക് സർബത്ത്
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തണുപ്പൻ പാനീയമാണ് നൊങ്ക് സർബത്ത്. തൊലി കളഞ്ഞ നൊങ്ക്, തണുത്ത വെള്ളം അല്ലെങ്കിൽ തേങ്ങാവെള്ളം, പഞ്ചസാര അല്ലെങ്കിൽ തേൻ, അല്പം ബ്ലാക്ക് സോൾട്ട്, പുതിനയില എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്ത് ഐസിനൊപ്പം കഴിക്കാം.

. നൊങ്ക് പായസം
പാൽ, പഞ്ചസാര, ബദാം, ഏലയ്ക്ക എന്നിവ ചേർത്ത് തയ്യാറാക്കുന്ന പായസത്തിൽ ചെറുതായി അരിഞ്ഞ നൊങ്ക് കഷണങ്ങൾ ചേർത്താൽ രുചികരമായ ഒരു മധുരവിഭവം തയ്യാറാക്കാം. തണുപ്പിച്ചാണ് ഇത് സാധാരണയായി വിളമ്പുന്നത്.

English Summary : As temperatures soar, Ice Apple, locally known as Nongu, emerges as nature’s perfect antidote to the summer heat. Harvested from the Palmyra palm, this translucent, jelly-like fruit is more than just a roadside delicacy; it is a powerhouse of hydration and essential nutrients.