വേനല്‍ മഴ വടക്കന്‍ ജില്ലകളിലും ; മരം ഓട്ടോയ്ക്കു മുകളില്‍ വീണ് സ്ത്രീ മരിച്ചു

വടക്കന്‍ കേരളത്തിലും വേനല്‍ മഴ ലഭിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിലും മിന്നലിലും നാശനഷ്ടമുണ്ടായി.  അട്ടപ്പാടിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യുവതി മരിച്ചു. കല്‍ക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്.

Weather Desk
1 min mins read

വേനല്‍ മഴ വടക്കന്‍ ജില്ലകളിലും ; മരം ഓട്ടോയ്ക്കു മുകളില്‍ വീണ് സ്ത്രീ മരിച്ചു

കേരളത്തില്‍ ഇന്ന് വേനല്‍ മഴ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. വടക്കന്‍ കേരളത്തിലും വേനല്‍ മഴ ലഭിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിലും മിന്നലിലും നാശനഷ്ടമുണ്ടായി.  അട്ടപ്പാടിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യുവതി മരിച്ചു. കല്‍ക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്.

അട്ടപ്പാടി ചെമ്മണ്ണൂരില്‍ വെച്ചായിരുന്നു ദാരുണമായ അപകടം. ശക്തമായ കാറ്റിലും മഴയിലും സമീപത്തെ മരം ഓട്ടോയ്ക്കു മുകളിലേക്ക് ഒടിഞ്ഞു വീഴുകകയായിരുന്നു. ഇന്നലെയാണ് വടക്കന്‍ കേരളത്തില്‍ വേനല്‍ മഴ ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം പെയ്തത്. 

പാലക്കാടിന് പുറമെ ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴയും കാറ്റും വന്‍ നാശനഷ്ടങ്ങളാണ് വിതച്ചത്. പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. വണ്ടിപ്പെരിയാര്‍ പാറമടക്കു സമീപം മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇടുക്കി  തൊടുപുഴയില്‍ ശക്തമായ കാറ്റില്‍ ഗോഡൗണിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ചുങ്കം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഷീറ്റുകളാണ് കാറ്റില്‍ പറന്നുപോയത്. 

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലും മഴ ശക്തമായിരുന്നു. മുക്കം, തിരുവമ്പാടി, കൊടിയത്തൂര്‍, കാരശ്ശേരി, ഓമശ്ശേരി, കൂടരഞ്ഞി തുടങ്ങിയ ഇടങ്ങളില്‍ കനത്ത കാറ്റും മഴയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം താറുമാറായി. വരും മണിക്കൂറുകളിലും മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് നഗരം, മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ, വളാഞ്ചേരി, കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖല, പാലക്കാട് നഗരം, മണ്ണാര്‍ക്കാട്, മുണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മേഖലയിലും മഴ ലഭിച്ചു.

English Summary: Summer rain hits northern districts; woman dies as tree falls on auto-rickshaw