കേരളത്തിൽ മഴ വിട്ടുനിന്ന കഠിന വേനലിന്റെ ദിനങ്ങൾക്ക് വിടനൽകി വീണ്ടും വേനൽ മഴ എത്തുന്നു. നാളെ മുതൽ (വ്യാഴം) സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ഇന്നു മുതൽ കേരളത്തിൽ വേനൽ മഴക്ക് അനുകൂല അന്തരീക്ഷ സാഹചര്യം ഉരുത്തിരിഞ്ഞതായി മെറ്റ്ബീറ്റ് വെതറിലെ കാലാവസ്ഥാ വിദഗ്ധർ പറയുന്നു. നേരത്തെ ഈ മാസം 20 ന് ശേഷം കേരളത്തിൽ വേനൽ മഴ തിരികെ എത്തുമെന്നും കൂടുതൽ പ്രദേശങ്ങളിലേക്ക് 24 ഓടെ വ്യാപിക്കുമെന്നുമായിരുന്നു മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. എന്നാൽ മഴക്ക് കൂടുതൽ അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.
തെക്കൻ, മധ്യ ജില്ലകളിൽ മഴ
ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴ ലഭിച്ചു. തൽസമയ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം തെക്കൻ ജില്ലകളിൽ ഇന്ന് രാത്രി ഇനിയും മഴക്ക് സാധ്യതയുണ്ട്.
നാളെ (വ്യാഴം)
എറണാകുളം, ആലപ്പുഴ ജില്ലയുടെ കിഴക്ക്, തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലും കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളുടെ കിഴക്കുമാണ് മഴക്ക് സാധ്യതയുള്ളത്. വടക്കൻ കേരളത്തിലെ തീരദേശത്തും ഇടനാട്ടിലും അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നില്ല.
വെള്ളി
വെള്ളിയാഴ്ച കേരളത്തിന്റെ കിഴക്കൻ ജില്ലകളിലെല്ലാം മഴക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മിക്ക ജില്ലകളിലും മഴ ലഭിക്കും. വടക്കൻ കേരളത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ കിഴക്കൻ മേഖലയിൽ മഴക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലും മഴക്ക് സാധ്യത
ശനി
ശനിയാഴ്ച വെള്ളിയാഴ്ച മഴ സാധ്യത പറഞ്ഞ കിഴക്കൻ അതിർത്തി മേഖലകളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത. വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലയിൽ മലയോരത്തും വനമേഖലയിലും മഴ ശക്തിപ്പെട്ടേക്കും. അവധി ദിനത്തിൽ വിനോദത്തിനു പോകുന്നവർ ഉച്ചയ്ക്ക് ശേഷം അരുവികളിലും പുഴകളിലും ഇറങ്ങുന്നത് സുരക്ഷിതമല്ല. മലവെള്ളപ്പാച്ചിലിനു സാധ്യത ഉള്ളതിനാലാണിത്.
ഈമാസം 23 മുതൽ 25 വരെയുള്ള ദിവസങ്ങളിലും കേരളത്തിന്റെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്. 27 മുതൽ 28 വരെ മഴ വീണ്ടും കുറയാനും 28 ന് ശേഷം കേരളത്തിന്റെ പടിഞ്ഞാറൻ തീരങ്ങളിലും ഇടനാട്ടിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. സർക്കാർ ഏജൻസികളും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കാം.