കേരളത്തിൽ പ്രതിദിന വൈദ്യുത ഉപഭോഗം വീണ്ടും റെക്കോർഡ് തകർത്തു ; പത്തുകോടി 2,95,000 യൂണിറ്റ് പിന്നിട്ടു

കടുത്ത ചൂടിനെ തുടർന്ന് കേരളത്തിൽ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ. ഇന്നലെ രാവിലെ 7 മണി മുതൽ ഇന്ന് രാവിലെ 7 മണിക്ക് അവസാനിച്ച കെഎസ്ഇബിയുടെ 24 മണിക്കൂറിലെ ജനറേഷൻ കണക്ക് പ്രകാരം പ്രതിദിന വൈദ്യുത ഉപഭോഗം 10 കോടി 2,95000 യൂണിറ്റാണ്. 5024 മെഗാ വാട്ട് ആണ് പീക്ക് ലോഡ്. രണ്ടും സർവ്വകാല റെക്കോർഡ് ആണ്. അതായത് മൂന്നുലക്ഷം യൂണിറ്റ് വർദ്ധനവ് ഒറ്റ ദിവസം ഉണ്ടായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ കനത്ത ചൂടായിരുന്നു.

പല ജില്ലകളിലും ചൂട് 40 ഡിഗ്രിക്ക് മുകളിലായിരുന്നു. താപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയതോടെ വൈദ്യുത ഉപഭോഗവും കൂടി. വേനൽ മഴയിൽ ഉണ്ടായ കുറവും വൈദ്യുത ഉപഭോഗത്തെ ബാധിച്ചു. വേനൽ മഴ സാധാരണയായി ഇടുക്കി ജില്ലയിൽ ലഭിക്കേണ്ടത് 138.2 എം എം ആയിരുന്നു. ഏപ്രിൽ 19 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ഇടുക്കി ജില്ലയിൽ 41.1 mm മാത്രമാണ് മഴ ലഭിച്ചത്. അതായത് മൈനസ് 24 ശതമാനം മഴക്കുറവ് ഇടുക്കി ജില്ലയിൽ മാത്രം ഉണ്ടായി.

1714 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവിൽ എല്ലാ സംഭരണികളിലുമായി അവശേഷിക്കുന്നത്. അതായത് 41% മാത്രം. നിലവിൽ ഇടുക്കിയിലെ ജലനിരപ്പ് 37 അടിയിലേക്ക് താഴ്ന്നു.

മുൻവർഷത്തേക്കാൾ 12 അടിയുടെ കുറവ്. കെഎസ്‌ഇബിയുടെ കീഴിലുള്ള അണക്കെട്ടിൽ ആകെ സംഭരണശേഷിയുടെ 40.87 ശതമാനം ജലമാണുള്ളത്‌. 1691.985 ദശലക്ഷം യൂണിറ്റ്‌ ഉൽപാദിപ്പിക്കാൻ കഴിയും. മുൻ വർഷം ഇതേ സമയത്ത്‌ 1822.871 ദശലക്ഷം യൂണിറ്റ്‌ ഉൽപാദിപ്പിക്കാൻ കഴിയുന്നത്രയും ജലമുണ്ടായിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ തന്നെ ഈ സാഹചര്യം മറികടക്കാൻ കഴിയും.

2023ലെ കാലവർഷം ഇന്ത്യയിൽ കുറയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കാലവർഷ സീസണിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും

Share this post

Leave a Comment