കേരളത്തിൽ (തെക്കുപടിഞ്ഞാറൻ മൺസൂൺ) കാലവർഷത്തിന്റെ ഓദ്യോഗിക കണക്കെടുപ്പ് വെള്ളിയാഴ്ച പൂർത്തായാകും. ഇതുവരെ സംസ്ഥാനത്ത് 13 ശതമാനം മഴക്കുറവാണ് റിപ്പോർട്ട് ചെയ്തത്. സാങ്കേതികമായി ഇത് സാധാരണ മഴയാണ്. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള മഴയാണ് കാലവർഷത്തിന്റെ കണക്കിൽ പെടുത്തുക. ഇന്നുവരെ കേരളത്തിൽ 2001.1 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇതുവരെ 1735.7 മില്ലി മീറ്റർ മഴ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ (-29), കൊല്ലം (-20), തിരുവനന്തപുരം (-29) ശതമാനം മഴക്കുറവുണ്ട്. മറ്റു ജില്ലകളിലെല്ലാം സാധാരണ മഴയാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കണ്ണൂർ (-10), എറണാകുളം (-17), ഇടുക്കി (-15), കാസർകോട് (-2), കോട്ടയം (-15), കോഴിക്കോട് (-12), മലപ്പുറം (-16), പാലക്കാട് (-5), പത്തനംതിട്ട (-15), തൃശൂർ (-17), വയനാട് (-8) ശതമാനം മഴ ലഭിച്ചു. 19 ശതമാനം മഴ കൂടുതലോ കുറവോ ലഭിച്ചാൽ സാധാരണ മഴയായാണ് കണക്കാക്കുക.
കാലവർഷം പിൻമാറ്റം കേരളത്തിലെത്തിയില്ല
മൺസൂൺ മഴയുടെ കണക്കെടുപ്പ് രണ്ടു ദിവസം കൊണ്ട് അവസാനിക്കുമെങ്കിലും കേരളത്തിൽ മൺസൂൺ വിടവാങ്ങാൻ ഇനിയും 15 ദിവസമെങ്കിലും എടുക്കും. ഒരാഴ്ചയോളമായി മൺസൂൺ വിടവാങ്ങൽ രാജസ്ഥാനിൽ തന്നെ തുടരുകയാണ്. മധ്യ ഇന്ത്യയിൽ ഇപ്പോഴും മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഖജുവാല, ബീകാനീർ, ജോധ്പൂർ, നാലിയ എന്നിവിടങ്ങളിലാണ് ഇപ്പോൾ കാലവർഷം പിൻവാങ്ങിയത്. 2-3 ദിവസത്തിനു ശേഷം മധ്യ ഇന്ത്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് കാലവർഷം വിടവാങ്ങൽ പുരോഗമിക്കും. ബംഗാൾ ഉൾക്കടലിന്റെ മധ്യപടിഞ്ഞാറൻ മേഖലയിൽ ആന്ധ്രാപ്രദേശ് തീരത്തായി അന്തരീക്ഷത്തിന്റെ താഴ്ന്ന നിലയിൽ ചക്രവാതച്ചുഴി തുടരുന്നതിനാൽ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കർണാടകയിലും മഴ അടുത്ത ദിവസങ്ങളിലുമുണ്ടാകും. കേരളത്തിൽ ഒന്നോ രണ്ടോ പ്രദേശങ്ങളിൽ മഴ ലഭിക്കാം. ഒക്ടോബർ ആദ്യവാരം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്.