കാലവർഷക്കെടുതി: രാജ്യത്ത് മരിച്ചത് 2000 പേർ, വിശദാംശങ്ങൾ വായിക്കാം

ഈ വർഷത്തെ കാലവർഷക്കെടുതികളിൽ രാജ്യത്ത് മരിച്ചത് 2000 ത്തോളം പേർ. തീവ്രമഴ, പ്രളയം, ഉരുൾപൊട്ടൽ, ഇടിമിന്നൽ, മണ്ണിടിച്ചിൽ എന്നിങ്ങനെ ജൂൺ 1 മുതൽ മരിച്ചവരുടെ കണക്കാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡിവിഷനിലെ കണക്കു പ്രകാരം 396 ജില്ലകളെ ഈ വർഷം കാലവർഷക്കെടുതി ബാധിച്ചു.

ഏറ്റവും കുടുതൽ മരണം വടക്കൻ സംസ്ഥാനങ്ങളിൽ

ഏറ്റവും കൂടുതൽ പേർ മരിച്ചത് ഹിമാചൽ പ്രദേശിലാണ്- 320. ഇവിടെ മേഘവിസ്‌ഫോടനവും പ്രളയവും ഉരുൾപൊട്ടലും ഈ വർഷം ഉണ്ടായിരുന്നു. ധ്യപ്രദേശിൽ 280 പേരും മരിച്ചു. 159 പേരും മരിച്ചത് മിന്നലേറ്റാണ്. ഏറ്റവും കൂടുതൽ പേർ രാജ്യത്ത് മിന്നലേറ്റ് മരിച്ചതും മധ്യപ്രദേശിലാണ്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ പേർ മിന്നലേറ്റ് മരിച്ച രണ്ടാമത്തെ സംസ്ഥാനം. 69 പേരാണ് ഇവിടെ മരിച്ചത്.
മൺസൂൺ കാലത്ത് രാജ്യത്തുടനീളം 536 പേർ മിന്നലേറ്റു മരിച്ചു. അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും മഴയിലും പ്രളയത്തിലും വ്യാപക നാശനഷ്ടമുണ്ടായ വർഷമാണ് 2022. ബംഗ്ലാദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയമുണ്ടായി. പാകിസ്താനിൽ ഏറ്റവും വലിയ പ്രളയത്തിൽ 1500 ലേറെ പേർ മരിച്ചു.

വ്യാപക കൃഷി നാശം

ഇന്ത്യയിൽ 15 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 70,000 കന്നുകാലികൾ ചത്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ 48 ശതമാനം മഴക്കുറവുണ്ടായി. മിസോറമിൽ 20 ശതമാനവും ത്രിപുരയിൽ 23 ശതമാനവും മഴ കുറഞ്ഞു. ഡൽഹിയിൽ 37 ശതമാനം മഴ കുറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ മഴക്കുറവുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഡൽഹി. ഉത്തർ പ്രദേശിൽ മഴക്കുറവ് 35 ശതമാനമാണ്. ബിഹാർ, പഞ്ചാബ് സംസ്ഥാനങ്ങളിലും മഴ കുറഞ്ഞു. കൃഷിയെ പ്രധാനമായി ആശ്രയിക്കുന്ന ഉത്തരേന്ത്യയിലെ ഏഴിൽ ആറു സംസ്ഥാനങ്ങളിലും മൺസൂൺ വിടവാങ്ങുന്നതിനു പിന്നാലെ വരൾച്ചാ ഭീഷണിയിലാണ്. അതേസമയം രാജ്യവ്യാപക കണക്കെടുക്കുമ്പോൾ സെപ്റ്റംബർ 21 വരെ രാജ്യത്ത് 7 ശതമാനം മഴ കൂടുതലുണ്ട്.

Leave a Comment