⁠Weather News>UAE Malayali>rain-has-started-in-dubai-people-should-be-careful-go-out-only-for-essentials

ദുബായിൽ മഴ തുടങ്ങി,  ജനങ്ങൾ ജാഗ്രതരായിരിക്കുക, അത്യാവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക

വടക്കൻ എമിറേറ്റുകളിൽ പലയിടത്തും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വീഴ്ചയും റിപ്പോർട്ട് ചെയ്തിരുന്നു. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അബുദാബി, ദുബായ് പൊലീസും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം നൽകി.

Maneesha M.K
2 mins read
Published : 18 Dec 2025 05:56 PM
ദുബായിൽ മഴ തുടങ്ങി,  ജനങ്ങൾ ജാഗ്രതരായിരിക്കുക, അത്യാവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക
Add as a preferred
source on Google
Dec 18, 2025 5:52 PM
സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു
കനത്ത മഴയും കാറ്റും ബാധിച്ച പ്രദേശങ്ങളിലെ സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സൗകര്യം നൽകണമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശിച്ചു. നിലവിലെ അസാധാരണമായ കാലാവസ്ഥയിൽ ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് ഈ തീരുമാനം.
Dec 18, 2025 5:42 PM
വെള്ളിയാഴ്ച ഉച്ചവരെ മഴ തുടരും
ദുബൈയില്‍ അടുത്ത 12 മണിക്കൂര്‍ കനത്ത മഴ തുടരും. അത്യാവശ്യമല്ലാത്ത യാത്ര നടത്തരുതെന്ന് ദുബൈ പൊലിസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചവരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്‌. അതേസമയം അബൂദബിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു 2 വരെ നേരിയതോ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. അല്‍ ഐനില്‍ വെള്ളിയാഴ്ച വൈകിട്ട് 3 മണി വരെ ഇടത്തരം മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും ഉണ്ടാകും. അല്‍ദഫ്‌റയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.
Dec 18, 2025 3:25 PM
ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ്
യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ, ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. ഡിസംബർ 18, 19 തീയതികളിൽ യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിലെത്താൻ ശ്രമിക്കണം. റോഡുകളിൽ വെള്ളക്കെട്ടും കുറഞ്ഞ കാഴ്ച‌പരിധിയും കാരണം ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. അതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് കൂടുതൽ സമയം കണക്കാക്കുക. സാധിക്കുമെങ്കിൽ ദുബൈ മെട്രോ ഉപയോഗിക്കുക. ഈ ദിവസങ്ങളിൽ എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കായി കമ്പനി ഏർപ്പെടുത്തിയിട്ടുള്ള കാർ ~ (Chauffeur Drive) ഉപയോഗിക്കുന്നവരെ നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ ഒരു മണിക്കൂർ മുൻപ് ഡ്രൈവർമാർ വീട്ടിലെത്തി പിക്ക് ചെയ്യുന്നതായിരിക്കും. എമിറേറ്റ്സിനെ കൂടാതെ ഇൻഡിഗോയും സമാനമായ മുന്നറിയിപ്പ് യാത്രക്കാർക്ക് നൽകിയിട്ടുണ്ട്.
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.