കുസാറ്റിൽ ഓഷ്യൻ ടെക്നോളജി രാജ്യാന്തര സിമ്പോസിയം സിംപോൾ 2025 തുടക്കമായി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇലക്ട്രോണിക്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓഷ്യൻ ടെക്നോളജി രാജ്യാന്തര സിമ്പോസിയത്തിന് (സിംപോൾ 2025) ഇലക്ട്രോണിക്സ് വകുപ്പ് ഓഡിറ്റോറിയത്തിൽ തുടക്കമായി. സമുദ്രസാങ്കേതികവിദ്യ രംഗത്തെ ആഗോള ഗവേഷകർക്കും സാങ്കേതിക വിദഗ്ധർക്കും വ്യവസായ പ്രമുഖർക്കും വേണ്ടിയുള്ള കുസാറ്റിലെ പ്രധാനപ്പെട്ട ദ്വിവത്സര പരിപാടികളിലൊന്നാണ് ഈ സിമ്പോസിയം.
സിംപോളിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയുടെ (NPOL) ഡയറക്ടർ ദുവ്വുരി ശേഷഗിരി ഉദ്ഘാടനം ചെയ്തു. ദേശീയസുരക്ഷ, കാലാവസ്ഥാപഠനം, അണ്ടർവാട്ടർ സെൻസിംഗ്, ഓട്ടോണമസ് മറൈൻ സിസ്റ്റംസ് എന്നിവയിൽ ഓഷ്യൻ ടെക്നോളജിയുടെ നിർണായക പങ്ക് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്നതിനുള്ള അന്താരാഷ്ട്ര വേദി എന്നനിലയിൽ സിംപോൾ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയുടെ (NPOL) ഡയറക്ടർ ദുവ്വുരി ശേഷഗിരി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു.
കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പ് മേധാവി ഡോ. ദീപ്തി ദാസ് കൃഷ്ണ, സിംപോൾ 2025 ചെയർപേഴ്സൺ ഡോ. സുപ്രിയ എം.എച്ച്, സിംപോൾ 2025 കോർഡിനേറ്റർ അരുൺ എ. ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സിംപോൾ 2025 ന്റെ പ്രൊസീഡിങ്സ് യു എസ്സിലെ യൂണിവേഴ്സിറ്റി ഓഫ് ഐഓവായിലെ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് വകുപ്പ് പ്രൊഫസർ ഡോ. അനന്യ സെൻ ഗുപ്ത പ്രകാശനം ചെയ്തു.
വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു
ഐ.ഇ.ഇ.ഇ (IEEE) ഓഷ്യാനിക് എൻജിനീയറിങ് സൊസൈറ്റിയുടെ സഹകരണത്തോടെ കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പ് സംഘടിപ്പിക്കുന്ന സിംപോൾ 2025-ൽ മുഖ്യപ്രഭാഷണങ്ങൾ, ടെക്നിക്കൽ പേപ്പർ അവതരണങ്ങൾ, ഇൻഡസ്ട്രി സെഷനുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. സമുദ്ര ഇലക്ട്രോണിക്സ്, മറൈൻ ടെക്നോളജി ഗവേഷണ രംഗത്തെ വകുപ്പിന്റെ മികവിനെ അടയാളപ്പെടുത്തുന്നതാണ് ഈ സിമ്പോസിയം.
English Summary : Join us as Dr. Deepti Das Krishna, Dr. Supriya M.H., and Arun A. Balakrishnan discuss the Simple 2025 initiative, featuring insights from Professor Ananya Sen Gupta.