Kerala Weather Today 10/11/23 : ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
കേരളത്തിൽ ഇന്നും 10-11-23 ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തുലാ മഴ തുടരും. നാളെ മുതൽ പലയിടങ്ങളിലും മഴ കുറഞ്ഞു തുടങ്ങും. വടക്കു കിഴക്കൻ കാറ്റ് (Strong North East Wind) ശക്തമാണെങ്കിലും ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട് മേഖലകളിലും ആന്ധ്രപ്രദേശിലും വരണ്ട കാറ്റിന്റെ (Dry Wind) സാന്നിധ്യം ദൃശ്യം ആയിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട കാറ്റ് ഈ പ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ ചെന്നൈ ഉൾപ്പെടെ കൊങ്കു ജില്ലകളിൽ മഴ വിട്ടു നിൽക്കും.
എന്നാൽ വരണ്ട കാറ്റും ഈർപ്പമുള്ള കാറ്റും സംഗമിക്കുന്നതിനാൽ വേദരായണ്യം, പുതുച്ചേരി ഉൾപ്പെടെയുള്ള മേഖലയിൽ ഇടിയോടുകൂടെ ശക്തമായ മഴക്കും ഇന്ന് സാധ്യതയുണ്ട്. അതേ സമയം, കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും . ഉച്ചക്കുശേഷം കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയാകും മഴ.
അന്തരീക്ഷ സ്ഥിതി
കഴിഞ്ഞദിവസം കന്യാകുമാരി കടലിനു സമീപം ഒരു ചക്രവാത ചുഴി രൂപപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ ഇത് ദുർബലമായ തായാണ് നിരീക്ഷണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ചക്രവാത ചുഴിയുടെ സ്വാധീനത്താൽ തെക്കൻ ജില്ലകളിൽ അറബിക്കടലിൽ നിന്നുള്ള ഈർപ്പം കര കയറിയിരുന്നു. ഇവ ഇപ്പോഴും തെക്കൻ കേരളത്തിന്റെ ആകാശത്ത് തുടരുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റിന്റെ സ്വാധീനം കൂടിയാകുമ്പോൾ ഇവ ഇന്നും കേരളത്തിൽ മഴ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഇന്നും ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. പരക്കേയുള്ള മഴക്ക് സാധ്യത കുറവാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഇന്ന് രാവിലെ മേഘാവൃതം ആയിരിക്കും. തമിഴ്നാട്ടിലെ നാഗർകോവിൽ, കന്യാകുമാരി, രാജപാളയം തുടങ്ങിയ മേഖലകളിലും രാവിലെ ചാറ്റൽ മഴക്കോ, ആകാശം മേഘാവൃതമാകാനോ സാധ്യതയുണ്ട്.
വടക്കൻ കേരളത്തിലും മധ്യകേരത്തിലും ഇന്ന് പൊതുവേ തെളിഞ്ഞ അന്തരീക്ഷമാണ്. വയനാട് ജില്ലയിലെ വടുവച്ചാല് മലപ്പുറം ജില്ലയിലെ വളാഞ്ചേരി കോഴിക്കോട് ജില്ലയിലെ ചൂരൽമല, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ആയൂര്, പുനലൂർ, പത്തനാപുരം, കണ്ണൂർ ജില്ലയുടെ വെള്ളാട് നടുവിൽ പയ്യാവൂർ തുടങ്ങിയ പ്രദേശങ്ങളിലും കർണാടകയിലെ സുള്ളിയ ഉൾപ്പെടെയുള്ള മേഖലയിലും ഇടിയോടുകൂടെ മഴ ഇന്ന് രാത്രി ഉണ്ടാകും.
ഉയർന്ന തിരമാല ജാഗ്രത
കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. 1 മുതൽ 1.3 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകും. എന്നാൽ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല.