Menu

heavy rain

മലമ്പുഴ ഡാം ഷട്ടറുകൾ 5 സെ. മീ. വീതം ഉയർത്തി

കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു. നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ഡാമുകളിൽ നീരൊഴുക്ക് കൂടി. വൃഷ്ടിപ്രദേശത്ത്‌ മഴ തുടരുന്നതിനാൽ ഇന്ന് (ഒക്ടോബർ 21) വൈകിട്ട് 4.45ന് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പാലക്കാട്, തൃശൂർ ജില്ലകളിലും മഴ തുടരുന്നുണ്ട്.

കാലവർഷം വിടവാങ്ങിയിട്ടും ഉത്തരേന്ത്യയിൽ കനത്ത മഴ: യു.പിയിൽ 4 മരണം

ന്യൂഡല്‍ഹി: കാലവർഷം വിടവാങ്ങിയ ഡൽഹി, യു.പി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഡൽഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ്‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ നാല് പേർ മരിച്ചു.ഡൽഹിയിൽ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. ആനന്ദ് വിഹാർ, വസീറാബാദ്, ഐ.എൻ.എ മാർക്കറ്റ്, എയിംസ് എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഡൽഹിയിൽ താപനില 10 ഡിഗ്രിയായി താഴ്ന്നു.
ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരി, ഇറ്റാ, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഗ്രാമങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു. പലയിടങ്ങളിലും രൂക്ഷമായ ഗതാഗത തടസം നേരിട്ടു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുംബൈയിലും ശക്തമായ മഴ ലഭിച്ചു. റോഡുകൾ വെള്ളത്തിനടിയിലായി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടർച്ചയായി മഴ പെയ്തതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു.
കാലവർഷം വിടവാങ്ങിയതിനു പിന്നാലെ എത്തിയ പശ്ചിമ വാതം (western disturbance) ആണ് മഴക്ക് കാരണമെന്നും രണ്ടു ദിവസം മഴ തുടരുമെന്നും മെറ്റ്ബീറ്റ് വെതർ പറഞ്ഞു.

മലവെള്ള പാച്ചിൽ : തുഷാരഗിരിയിൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്∙ തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ. ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ പുഴയിലുണ്ടായിരുന്നു. പലരും വെള്ളച്ചാട്ടത്തിലുള്ള തടാകത്തിൽ കുളിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് തുഷാരഗിരിയിൽ മഴയേ ഇല്ലായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിക്കാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ആളുകള്‍ പരക്കംപാഞ്ഞ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നു.

സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം ഗൈഡുകൾ പെട്ടെന്നു തന്നെ പുഴയിലുണ്ടായിരുന്നവരെ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതു കൊണ്ട് വൻ അപകടം ഒഴിവാക്കാനായി. തുഷാരഗിരി വന മേഖലയിൽ ഉൾവനത്തിൽ ശക്തമായ മഴ പെയ്തതാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ ഇടയാക്കിയത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം കൂടുതലായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തുന്നതും കിഴക്കൻ മേഖലകളിൽ സംവഹനമ മേഘങ്ങൾ രൂപപ്പെടാൻ കാരണമാകുന്നുണ്ട്. ഇത് ഉച്ചക്ക് ശേഷമുള്ള പെട്ടെന്നുള്ള മഴക്കും മഴവെള്ളപ്പാച്ചിലിനും കാരണമാകുമെന്ന് Metbeat Weather കഴിഞ്ഞ ഒരാഴ്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്. തുലാവർഷം മഴ തുടങ്ങാനിരിക്കെ ഈ സാഹചര്യം കൂടുതൽ രൂക്ഷമാക്കാനാണ് സാധ്യത. അതിനാൽ കിഴക്കൻ മേഖലയിൽ അവധി ആഘോഷിക്കാൻ പോകുന്നവർ ജാഗ്രത പുലർത്തണമെന്ന് ഞങ്ങളുടെ മീറ്റിയോറളജിസ്റ്റ് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥ അപ്ഡേഷനുകൾ അറിഞ്ഞതിനുശേഷം മാത്രം സുരക്ഷിതമായി വിനോദസഞ്ചാരം നടത്തുക.

ബംഗളൂരു പ്രളയം: പെയ്തത് 42 വർഷത്തെ ഏറ്റവും കൂടുതൽ മഴ

ബംഗളൂരുവിൽ കഴിഞ്ഞ 48 മണിക്കൂറിൽ പെയ്തത് 42 വർഷത്തെ ഏറ്റവും ശക്തമായ മഴ. ഈമാസം 1 നും 5 നും ഇടയിൽ 150 ശതമാനം അധികമഴയാണ് പെയ്തത്. ചില മേഖലകളിൽ മഴയുടെ തോത് 310 ശതമാനം വരെ കൂടുതലായി. ബംഗളൂരുവിൽ കനത്ത മഴ ഇന്നും തുടർന്നു. 164 തടാകങ്ങൾ കവിഞ്ഞ് ഒഴുകുകയാണ്. നിരവധി വിമാന സർവിസുകളും വൈകി.
ശതകോടീശ്വരൻമാർ താമസിക്കുന്ന റെസിഡൻഷ്യൽ ഏരിയയിൽ വെള്ളം കയറിയതോടെ നിരവധി ആഡംബര വാഹനങ്ങൾ വെള്ളത്തിലായി. ബംഗളൂരുവിലെ ഏറ്റവും എക്‌സ്‌ക്ലൂസീവ് ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് വെള്ളം കയറിയിരിക്കുന്നത്.
വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി, ബ്രിട്ടാനിയ സി.ഇ.ഒ വരുൺ ബെറി, ബിഗ് ബാസ്‌ക്കറ്റ് സഹസ്ഥാപകൻ അഭിനയ് ചൗധരി, പേജ് ഇൻഡസ്ട്രീസ് (ജോക്കി) എം.ഡി അശോക് ജെനോമൽ, ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്നിവരടക്കമുള്ളവരുടെ വീടുകളാണ് ഇവിടെ ഉള്ളത്. കാർ പോർച്ചിലെ ഇവരുടെ കോടിക്കണക്കിന് രൂപ വില വരുന്ന വാഹനങ്ങൾ വെള്ളം കയറിയ നിലയിലാണ്.

താമസക്കാരെ കഴിഞ്ഞ ദിവസം ബോട്ടിലെത്തിയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പെയ്ത തോരാത്ത മഴയിൽ നഗരത്തിലെയും രാജ്യത്തെയും സമ്പന്നരുടെ കോടിക്കണക്കിന് രൂപ വില വരുന്ന വീടുകൾ വൈദ്യുതി പോലും വിച്ഛേദിക്കപ്പെട്ട് വെള്ളത്തിനടിയിലായി. എപ്‌സിലോണും സമീപത്തെ ഗേറ്റഡ് കമ്മ്യൂണിറ്റികളും യുദ്ധക്കളം പോലെയാണ്.

എപ്‌സിലോണിലെ ഒരു വില്ലയ്ക്ക് ശരാശരി 10 കോടി രൂപയാണ് വില. പ്ലോട്ടിന്റെ വലുപ്പമനുസരിച്ച്, വില 2030 കോടി രൂപ വരെ കൂടും. ഒരു ഏക്കർ പ്ലോട്ടിന് പ്രത്യക്ഷത്തിൽ 80 കോടി രൂപ വരും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, വെള്ളം മൂടി കിടക്കുന്ന അത്യാഡംബര ജർമൻ, ഇറ്റാലിയൻ കാറുകൾ കാണാം.
ബി.എം.ഡബ്ലു, ലക്‌സസ്, ബെന്റ്‌ലി കാറുകളാണ് ദൃശ്യങ്ങളിലുള്ളത്. ചില ആഡംബര വീടുകളുടെ മുറിക്കുള്ളിലെ കട്ടിലിന്റെ പകുതിയോളം വരെ വെള്ളം കയറിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വെള്ളം കയറിയ കാറുകളെല്ലാം 65 ലക്ഷം മുതൽ രണ്ടര കോടിവരെ വിലയുള്ളതാണ്. വാഹനങ്ങളുടെ നഷ്ടം കണക്കാക്കണമെങ്കിൽ വിശദമായ പരിശോധന വേണ്ടിവരും.
എഞ്ചിൻ ബേ ഏരിയയിൽ വെള്ളം കയറിയാൽ വാഹനത്തെ ഗുരുതരമായി ബാധിക്കും. ഇത് തുരുമ്പെടുക്കുന്ന പ്രശ്‌നങ്ങൾക്കും കാരണമാകും. കഴിഞ്ഞ ദിവസമാണ് അൺഅക്കാഡമി സി.ഇ.ഒ ഗൗരവ് മുഞ്ജലിനെയും കുടുംബത്തെയും ട്രാക്ടറിൽ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കുടുംബത്തെയും എന്റെ വളർത്തുമൃഗങ്ങളെയും ഒരു ട്രാക്ടറിൽ ഒഴിപ്പിച്ചു. കാര്യങ്ങൾ മോശമാണ്. ദയവായി ശ്രദ്ധിക്കുക, എന്ന് ഗൗരവ് മുഞ്ജൽ ട്വീറ്റ് ചെയ്തിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ തന്നെ അറിയിക്കണം എന്നും അദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടു. സഹായിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെ ന്യൂനമർദ സാധ്യത : കേരളത്തിലെ മഴ ഇങ്ങനെ

കേരളത്തിൽ തിരുവോണ ദിവസവും മഴക്ക് സാധ്യത. നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതോടൊപ്പം ഉൾനാടൻ തെക്കൻ കർണാടകക്ക് മുകളിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ചക്രവാത ചുഴി പ്രതീക്ഷിച്ചതു പോലെ ഇന്ന് ദുർബലമായില്ല. അതിനാൽ വടക്കൻ കേരളത്തിൽ മഴ ഇന്നു രാത്രിയും നാളെയും തുടരും. നാളെ ന്യൂനമർദം രൂപപെടുന്നതോടെ വടക്കൻ കർണാടകയിലെ ചക്രവാത ചുഴി ദുർബലമാകും. പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്തിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഹിമാലയൻ മേഖലയിൽ ആയിരുന്ന മൺസൂൺ പാത്തി തെക്കോട്ട് നോർമൽ പൊസിഷനിലേക്ക് മാറി. ഇതും കേരളത്തിൽ മഴ തുടരാൻ അനുകൂല സാഹചര്യമാണ് എന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

തിരുവോണ ദിവസം കേരളത്തിൽ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ മേഖലയിൽ വൈകിട്ടും രാത്രിയും മഴ ശക്തിപെടും . ഓണത്തോട് അനുബന്ധിച് കിഴക്കൻ മേഖലകളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ സുരക്ഷിതമല്ല. ഓണത്തിനു ശേഷവും കേരളത്തിൽ മഴ തുടരാനാണ് സാധ്യത.

ഹിന്നാംനോർ: ദക്ഷിണ കൊറിയയിൽ കാർ പാർക്കിങ്ങിൽ വെള്ളം കയറി 7 മരണം

പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ഹിന്നാംനോര്‍ ചുഴലിക്കാറ്റ് ദക്ഷിണ കൊറിയയില്‍ കനത്ത മഴക്കും പ്രളയത്തിനും കാരണമായി. ഏഴു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂഗര്‍ഭ കാര്‍ പാര്‍ക്കിങ്ങില്‍ കുടുങ്ങിപോയവരാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് മരിച്ചത്. കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ ഇവര്‍ പൊടുന്നനെയുണ്ടായ മഴയില്‍ വെള്ളം കയറി അകപ്പെടുകയായിരുന്നു.
കെട്ടിടത്തിന്റെ താഴെ നില പൂര്‍ണമായും മുങ്ങി. അപ്പാര്‍ട്‌മെന്റിലെ കാറുകള്‍ സുരക്ഷിത മേഖലയിലേക്ക് മാറ്റാന്‍ അധികൃതരോട് പറഞ്ഞിരുന്നുവെന്ന് താമസക്കാര്‍ പറഞ്ഞതായി യൊന്‍ഹാപ് വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 30 വയസുള്ള പുരുഷനെയും 50 വയസുള്ള സ്ത്രീയെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് റിസോര്‍ട്ടുകള്‍ തകര്‍ന്നു. ഹിന്നാംനോര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയുടെ തെക്കന്‍, കിഴക്കന്‍ തീരങ്ങളിലായി 10 പേര്‍ മരിച്ചിട്ടുണ്ട്. ബുസാനിലും ഉള്‍സാനിലും നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകള്‍ മുങ്ങുകയും കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ ഈയിടെ കനത്ത മഴയും കടുത്ത ചൂടും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് മഴയും പ്രളയവുമുണ്ടായത്. തലസ്ഥാനമായ സിയോളിലും പ്രളയമുണ്ടാകുകയും എട്ടു പേര്‍ മരിക്കുകയും ചെയ്തു.

കേരളത്തിനു മുകളിൽ ചക്രവാതചുഴി; കിഴക്കൻ മേഖലയിൽ മഴ ശക്തമാകും , ജാഗ്രത വേണം

കേരളത്തിൽ അടുത്ത ദിവസങ്ങളിലും കിഴക്കൻ മേഖലയിൽ കനത്ത മഴക്ക് സാധ്യത. മലയോര മേഖലയിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം ഉണ്ടാകും. കണ്ണൂർ മുതൽ ഇടുക്കി വരെയുള്ള ഭാഗത്ത് കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിക്കും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ ഇടിമിന്നൽ , ഉരുൾപൊട്ടൽ , മലവെള്ള പാച്ചിൽ ജാഗ്രത വേണ്ടി വരും. മലയോര മേഖലയിലെ അനാവശ്യ യാത്രയും വിനോദ, സാഹസിക യാത്രകളും ഒഴിവാക്കുന്നതാണ് സുരക്ഷിതം.

കേരളത്തിനു മുകളിലും പരിസരത്തും ചക്രവാത ചുഴി രൂപപ്പെട്ടു. സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ ഉയരത്തിലാണ് ചക്രവാത ചുഴിയുള്ളത്. ബംഗാൾ ഉൾക്കടലിലും മറ്റൊരു ചക്രവാത ചുഴി നിലനിൽക്കുന്നു. ആൻഡമാൻ കടലിൽ നിന്ന് തമിഴ്നാട്ടിലേക്ക് തെക്കൻ ബംഗാൾ ഉൾക്കടലിനു കുറുകെ മിഡ് ട്രോപോസ്ഫിയർ ലെവലിൽ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. ഭൂമധ്യരേഖാ പ്രദേശത്തെ ശക്തമായ ചക്രവാത ചുഴി കേരളത്തിലേക്കുള്ള കാലവർഷ കാറ്റിനെ തടയുന്നുണ്ട്. ഇതാണ് ഇടിയോടെ കിഴക്ക് മഴ കൂട്ടാൻ ഇടയാക്കുന്നത്. പകൽ സമയത്ത് ചൂടു കൂടുന്നതും ഈർപ്പത്തിന്റെ തോത് അന്തരീക്ഷത്തിൽ കൂടുതലായതും ഇടിയോടെ മഴയുണ്ടാക്കും. ഓഗസ്റ്റ് 31 ഓടെ കാലവർഷത്തിന്റെ ഭാഗമായ മഴ എല്ലാ ജില്ലകളിലും തിരികെ എത്താനും സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു.

പ്രളയം:പാകിസ്താനിൽ 937 മരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മൺസൂൺ ശക്തിപ്പെട്ടതിനു പിന്നാലെ പാകിസ്താനിൽ പ്രളയത്തിൽ 937 പേർ മരിച്ചു. മൂന്നര കോടി ജനങ്ങളെ പ്രളയം ബാധിച്ച പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കൻ പാകിസ്താനിലാണ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി മഴ ശക്തിപ്പെട്ടത്. 343 കുട്ടികൾ ഉൾപ്പെടെ 937 പേർ മരിച്ചെന്നാണ് ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 306 പരാണ് ജൂൺ 14 മുതൽ ഇന്നലെ വരെ ഇവിടെ പ്രളയത്തിൽ മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ബലൂചിസ്ഥാനിൽ 234 പേരും ഖൈബർ പക്തുൻഖ്വയിലും പഞ്ചാബിലും യഥാക്രമം 185 ഉം 165 ഉം പേർ മരിക്കുകയും ചെയ്തു. പാക്ക് അധീന കാശ്മിരിലും 37 മരണം റിപ്പോർട്ട് ചെയ്തു. തെക്കൻ പാകിസ്താനിൽ പ്രളയം പ്രധാനമായും ബാധിച്ചത്. 23 ജില്ലകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചതായി കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെറി റഹ്്മാൻ പറഞ്ഞു. പക്തുൻഖ്വയിൽ ഓഗസ്റ്റ് 30 വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. ഇവിടെ അടിയന്തരാവസ്ഥ തുടരും. സ്‌കൂളുകളും പാലങ്ങളും പ്രളയത്തിൽ ഒഴുകിപ്പോയി. സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഇനിയൊരു അറിയപ്പുവരെ അവധി പ്രഖ്യാപിച്ചു. യൂറോപ്യൻ യൂനിയൻ 1.8 ദശലക്ഷം യൂറോയുടെ സഹായം പാകിസ്താന് അനുവദിച്ചു.

കാലാവസ്ഥ വ്യതിയാനം: സുദാനിൽ പ്രളയം; മരണം 80 കവിഞ്ഞു

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഭൂമിയില്‍ പലതരത്തിലാണ് അനുഭവപ്പെടുന്നത്. യൂറോപ്പിന്‍റെ തെക്ക് ഭാഗത്തും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളിലും അതിരൂക്ഷമായ വളര്‍ച്ചയും ഉഷ്ണതരംഗവും അനുഭവപ്പെടുമ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ സുദാനില്‍ കനത്ത മഴ പെയ്യുകയാണ്. ഇതേതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 83 ആയി ഉയര്‍ന്നു. മഴക്കാലത്തിന്‍റെ തുടക്കം മുതല്‍ രാജ്യത്ത് രേഖപ്പെടുത്തിയ മരണ സംഖ്യയാണിതെന്ന് അധിക‍ൃതര്‍ അറിയിച്ചു.
സാധാരണയായി ജൂണിലാണ് സുദാനിലെ മഴക്കാലം ആരംഭിക്കുന്നത്. ഇത് സെപ്തംബര്‍ അവസാനം വരെ നീണ്ട് നില്‍ക്കും. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ രാജ്യത്ത് വെള്ളപ്പൊക്കവും സാധാരണമാണ്. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ 80 ല്‍ അധികം ആളുകള്‍ മരിച്ചിരുന്നു.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുദാനിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ മെയ് മുതല്‍ കുറഞ്ഞത് 36 പേര്‍ക്ക് പരിക്കേറ്റതായി ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുള്‍ ജലീല്‍ അബ്ദുള്‍ റഹീം പറഞ്ഞു. രാജ്യത്തുടനീളം 18,200 ഓളം വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു.
ഏറ്റവും കുറഞ്ഞത് 25,600 വീടുകളെങ്കിലും ഭാഗീകമായി തകര്‍ന്നതായും ജനറല്‍ അബ്ദുള്‍ ജലീല്‍ അബ്ദുള്‍ റഹീം അറിയിച്ചു. രാജ്യത്തെ 1,46,200-ലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ ഗ്രാമപ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് കാണാം.
രാജ്യത്തെ 18 പ്രവിശ്യകളിൽ ആറെണ്ണത്തില്‍ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ഡാർഫർ മേഖലയും നൈൽ നദി, വൈറ്റ് നൈൽ, വെസ്റ്റ് കോർഡോഫാൻ, സൗത്ത് കോർഡോഫാൻ എന്നീ പ്രവിശ്യകളും വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടവയാണെന്ന് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് അഥവാ ഒസിഎച്ച്എ പറയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദിരുതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന യുഎന്‍ ഏജന്‍സികള്‍ ഫണ്ടിങ്ങിന്‍റെ അപര്യാപ്തത നേരിടുകയാണ്. ഈ വര്‍ഷം ഇതുവരെയായി 608 മില്യണ്‍ ഡോളര്‍ സുദാന് നല്‍കിയതായി ഒ.സി.എച്ച്എ പറഞ്ഞു. എന്നാല്‍ ഈ തുക ഒരു വര്‍ഷം ആവശ്യമായതിന്‍റെ മൂന്നിലൊന്ന് മാത്രമാണ്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്രമാകും; കേരളത്തിൽ ചിലയിടത്ത് മഴ സാധ്യത

ബംഗാൾ ഉൾക്കടലിന്റെ വടക്ക് കിഴക്കൻ മേഖലയിൽ ഇന്ന് രാവിലെ രൂപപ്പെട്ട ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി (Depression) മാറും. മ്യാൻമർ, ബംഗ്ലാദേശ് തീരത്തോട് ചേർന്ന് ഇന്ന് രാവിലെയാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. വൈകിട്ടോടെ ഇത് ശക്തിപ്പെട്ടു വെൽ മാർക്ക്ഡ്
ലോ പ്രഷർ (WML)ആയി മാറി. നാളെ രാവിലെ ഇത് തീവ്ര ന്യൂനമർദ്ദം ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ ഒഡീഷ തീരത്തേക്ക് എത്തിച്ചേക്കും. ഈ സിസ്റ്റം കേരളത്തെ പ്രതികൂലമായി ബാധിക്കാൻ ഇടയില്ല എന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. വടക്കൻ ഒഡീഷയിലും ബംഗാൾ മേഖലയിലും ന്യൂനമർദ്ദം കനത്ത മഴ നൽകും . തെക്ക്, മധ്യ കേരളത്തിൽ നാളെ മുതൽ വൈകിട്ട് കിഴക്കൻ മേഖലകളിൽ ഇടിയോടെ മഴക്ക് സാധ്യത.