മഴ തുടരും, ആശങ്ക വേണ്ട, കാലവർഷം നാളെ ആൻഡമാനിൽ

അൻഡമാൻ നിക്കോബാർ ദ്വീപിൽ നാളയേ കാലവർഷം എത്തൂ എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഭൂമധ്യരേഖ കടന്നെത്തുന്ന കാറ്റ് അന്തരീക്ഷത്തിന്റെ ട്രോപോസ്ഫിയറിൽ ദൃശ്യമാണെങ്കിലും കാലവർഷം എത്തിയതിന്റെ ഔദ്യോഗിക സ്ഥിരീകരണം കാലാവസ്ഥാ വകുപ്പ് നാളെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ മഴ തുടരും, ആശങ്ക വേണ്ട
കേരളത്തിൽ കഴിഞ്ഞ റിപ്പോർട്ടുകളിൽ അറിയിച്ചതുപോലെ അസ്ഥിരത തുടരുന്നത് മഴയുടെ ട്രെന്റിലും വ്യത്യാസം വരുത്തി. കനത്ത മഴ പെയ്ത ഇന്നലെ രാത്രിയെ അപേക്ഷിച്ച് ഇന്ന് ഏറെക്കുറെ ശാന്തമായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയേ പ്രതീക്ഷിക്കുന്നുള്ളൂ. പലയിടത്തും രാത്രി ശാന്തമായ മഴ ലഭിക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പെയ്യുന്ന മഴ രാത്രി 12 ഓടെ ശമനമുണ്ടാകും. തുടർന്നുള്ള മഴ ഭൂരിഭാഗവും നേരത്തെ മെറ്റ്ബീറ്റ് വെതർ നിരീക്ഷിച്ചതുപോലെ കടലിൽ പെയ്യും. അതിനാൽ ഇന്നു രാത്രി ആശങ്കയ്ക്കു പകരം ആശ്വാസമാകും.

നാളത്തെ മഴ
മഴ നാളെയും ശക്തമായി ചിലയിടങ്ങളിൽ പെയ്യുമെങ്കിലും പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാൻ സാധ്യതയില്ല. മധ്യ കേരളത്തിൽ നിന്ന് മഴയുടെ പാറ്റേൺ വടക്കൻ ജില്ലകളിലേക്ക് മാറുന്നുണ്ട്. തെക്കൻ ഉൾനാടൻ കർണാടകയോട് ചേർന്നുള്ള ചക്രവാതച്ചുഴി അറബിക്കടലിലെ മേഘക്കൂട്ടത്തെ അവിടേക്ക് ആകർഷിക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2.1 കി.മി ഉയരത്തിൽ താഴ്ന്ന നിലയിലും 5.8 കി.മി ഉയരത്തിൽ മിഡ് ലെവലിലുമായി രണ്ട് ചക്രവാതച്ചുഴികളാണുള്ളത്. ചൊവ്വാഴ്ചക്ക് ശേഷം വടക്കൻ കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത
കേരള, കർണാടക, ലക്ഷദ്വീപ് മേഖലകളിൽ അടുത്ത 5 ദിവസം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലക്കേർപ്പെടുത്തി. കടൽ പ്രക്ഷുബ്ധമാകാനും കടലിൽ മണിക്കൂറിൽ 50 കി.മി വരെയുള്ള കാറ്റിനും സാധ്യതയുള്ളതിനാലാണിത്.

Leave a Comment