കാലവർഷം ആൻഡമാനിൽ ; കേരളത്തിൽ മഴ തുടരും

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ആൻഡമാൻ നിക്കോബാർ ദ്വീപിൽ എത്തി. അടുത്ത ദിവസങ്ങളിൽ ശ്രീലങ്കയിലേക്കും കാലവർഷം പുരോഗമിക്കാൻ അനുകൂല സാഹചര്യമാണുള്ളത്. തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും കാലവർഷം ഇന്ന് എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. വരുന്ന രണ്ടു ദിവസത്തിനുള്ളിൽ കാലവർഷം ബംഗാൾ ഉൾകടലിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യത.

കേരളത്തിൽ മഴ തുടരും

അറബിക്കടലിലും കാലവർഷക്കാറ്റ് എത്തിയിട്ടുണ്ടെങ്കിലും കാലവർഷം കേരളത്തിൽ എത്തി എന്നു സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡങ്ങൾ പൂർത്തിയായിട്ടില്ല. തെക്കുകിഴക്കൻ അറബിക്കടലിൽ തെക്കുപടിഞ്ഞാറൻ കാറ്റ് ഇന്നും ദൃശ്യമാണ്. പക്ഷേ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3 കി.മി ഉയരത്തിൽ വരെ മാത്രമേ കാറ്റിന്റെ സാന്നിധ്യമുള്ളൂ. താഴ്ന്ന ഉയരങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റുള്ളതിനാൽ കാലവർഷ പ്രതീതി ജനിപ്പിക്കും. ഒപ്പം മൺസൂൺ കാലത്തിനു സമാനമായ മഴ ലഭിക്കുകയും ചെയ്യും. ഇന്നും അറബിക്കടലിൽ കേരള തിരത്തു നിന്ന് 1500 കി.മി അകലെ വരെ മേഘസാന്നിധ്യം ഉപഗ്രഹ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവ ഭൂരിഭാഗവും കഴിഞ്ഞ ദിവസങ്ങളിലെ നിരീക്ഷണത്തിൽ അറിയിച്ചതു പോലെ കടലിൽ പെയ്തുപോകും. വൈകിട്ടും രാത്രിയും എല്ലാ ജില്ലയിലും മഴ ലഭിക്കും. അതിശക്തമോ തീവ്രമോ ആയ മഴക്ക് സാധ്യത ഇപ്പോൾ കാണുന്നില്ല. നാളെ മുതൽ മഴ വടക്കൻ കേരളത്തിൽ കേന്ദ്രീകരിക്കാനും കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. ഔദ്യോഗിക കാലാവസ്ഥാ അലർട്ടുകൾ പാലിക്കുകയും പൊതുജനങ്ങൾ ഔദ്യോഗിക ഏജൻസികൾ, സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ, നിരീക്ഷകർ നൽകുന്ന കാലാവസ്ഥാ അപ്‌ഡേറ്റുകൾ ശ്രദ്ധിക്കുകയും അതനുസരിച്ച് ദൈനംദിന പ്രവൃത്തികൾ ക്രമീകരിക്കുകയും ചെയ്യുക. മലയോര മേഖലയിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഇത്തരം പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരം രണ്ടു ദിവസത്തേക്ക് കൂടി മാറ്റി വയ്ക്കുന്നതാണ് ഉചിതം. പുഴയിലും തോട്ടിലും ഇറങ്ങുന്നതും കുളിക്കുന്നതും അലക്കുന്നതും ഒഴിവാക്കണം. കടലിനോട് ചേർന്നുള്ള വിനോദ പ്രവൃത്തികളും ഒഴിവാക്കണം. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നത് അടുത്ത ഏതാനും ദിവസം വിലക്കുണ്ട്. കാലാവസ്ഥാ വകുപ്പ്, ഇൻകോയ്‌സ് എന്നിവർ നൽകുന്ന നിർദേശങ്ങൾ പാലിച്ചേ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാവൂ.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020