കേരളത്തിൽ ചൊവ്വാഴ്ചവരെ അതിശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ കാലവർഷത്തിനു സമാനമായ അന്തരീക്ഷ സാഹചര്യം ഉടലെടുക്കുകയും തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത. അസാനി ചുഴലിക്കാറ്റ് ദുർബലമായതിനു പിന്നാലെ കേരളത്തിൽ മഴ ശക്തിപ്പെടുമെന്ന് രണ്ടു ദിവസം മുൻപ് മെറ്റ്ബീറ്റ് വെതർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മാറ്റമില്ലെന്നും സംസ്ഥാനത്ത് ഞായർ മുതൽ ചൊവ്വ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ചില ജില്ലകളിൽ അതിശക്തമോ തീവ്രമോ ആയ മഴക്ക് സാധ്യതയുണ്ടെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ പാനൽ പറയുന്നു. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് മഴ ശക്തിപ്പെടുക.

ആൻഡമാനിൽ കാലവർഷം നാളെ
തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപിൽ നാളെ എത്തിയേക്കും. തുടർന്ന് ശ്രീലങ്കയിലും മെയ് 26 ഓടെ കേരളത്തിലും എത്തുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. നിലവിൽ കേരളത്തിൽ കാലവർഷത്തിന് സമാനമായ അന്തരീക്ഷസ്ഥിതി ഉരുത്തിരിഞ്ഞെങ്കിലും കാലവർഷം എത്തിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള മാനദണ്ഡങ്ങൾ പൂർത്തിയായിട്ടില്ല. ഇതു പൂർത്തിയാകുന്ന മുറക്ക് ഔദ്യോഗിക ഏജൻസിയായ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരണം നടത്തും. ഇപ്പോൾ പെയ്യുന്ന മഴ പ്രീ മൺസൂണിന്റെ അഥവാ മൺസൂൺ പൂർവകാല മഴയുടെ കണക്കിലാണ് പെടുന്നത്.

ജാഗ്രത വേണം, മഴ ശക്തമാകും

പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടതിനാൽ അറബിക്കടലിൽ അടുത്ത നാലു ദിവസം മേഘരൂപീകരണത്തിന് സാധ്യതയുണ്ട്. ഇവ കാറ്റിന്റെ ശക്തിക്കും ദിശയ്ക്കും അനുസരിച്ച് കേരളത്തിലെത്താനുള്ള സാധ്യതയാണ് നിരീക്ഷിക്കുന്നത്. ലക്ഷദ്വീപിനും കേരളത്തിനും ഇടയിലുള്ള കടൽ ഭാഗത്ത് കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധം കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത ദിവസങ്ങളിൽ സുരക്ഷിതമാകില്ല. കാലാവസ്ഥാ വകുപ്പ് നൽകുന്ന നിർദേശം അനുസരിച്ചേ കടലിൽ പോകാവൂ. കേരളത്തിലെ എല്ലാ ജില്ലകളിലും ഞായർ മുതൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശവും പാലിക്കണം. തീരദേശത്തും കിഴക്കൻ മേഖലയിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, കടലിൽ രൂപം കൊള്ളുന്ന മേഘങ്ങളിൽ കൂടുതലും കടലിൽ തന്നെ പെയ്തു തീരുന്ന സാഹചര്യം നിലവിലുണ്ട്. അതിനാൽ കരയിൽ എത്രത്തോളം ശക്തമായ മഴ ലഭിക്കുമെന്ന് അടുത്ത ദിവസങ്ങളിലേ വ്യക്തമാകൂ. കാറ്റിന്റെ അസ്ഥിരതയും മഴയെ കടലിൽ പെയ്യിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ കാലാവസ്ഥാ പ്രവചന മാതൃകകളിൽ കാണിക്കുന്ന മഴ അത്രയും കരയിൽ പെയ്യില്ലെന്നു വേണം കരുതാൻ.

മഴ ഏതെല്ലാം ജില്ലകളിൽ

ഞായറാഴ്ച തൃശൂർ മുതൽ കൊല്ലം വരെയുള്ള ജില്ലകളിൽ അതിശക്തമായ മഴ സാധ്യത. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമോ അതിശക്തമോ ആയ മഴക്ക് സാധ്യത. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും തിരുവനന്തപുരം ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടത്തരം മഴയും പ്രതീക്ഷിക്കാം.

തിങ്കൾ കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശത്തും ഇടനാട്ടിലും ശക്തമായ മഴ, എറണാകുളം, തൃശൂർ, മലപ്പുറം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട അതി ശക്തമായ മഴക്ക് സാധ്യത

ചൊവ്വാഴ്ച മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട തീവ്രമഴയോ അതിശക്തമായ മഴയോ പ്രതീക്ഷിക്കാം. മറ്റു ജില്ലകളിലെല്ലാം അതിശക്തമായ മഴയോ ശക്തമായ മഴയോ പ്രതീക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് Metbeat Weather, Weatherman Kerala ഫേസ്ബുക്ക് പേജുകൾ പിന്തുടരുക. metbeat.com, metbeatnews.com വെബ്‌സൈറ്റുകളിലും ഞങ്ങളുടെ അപ്‌ഡേഷൻ ലഭ്യമാകും.
Photo Courtesy- Mathrubhumi


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment