ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും

കാലവർഷം നേരത്തെയെത്താനാണ് സാധ്യതയെന്ന് കഴിഞ്ഞ മാസം മെറ്റ്ബീറ്റ് വെതർ സൂചിപ്പിച്ചിരുന്നല്ലോ. ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി വിശകലനം ചെയ്യുമ്പോൾ കാലവർഷം ജൂൺ 1 നു മുൻപ് കേരളത്തിൽ എത്തിയേക്കും. അസാനി ചുഴലിക്കാറ്റിനു പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ പാറ്റേണിൽ ഗണ്യമായ മാറ്റമുണ്ട്. ഇതിനു കാരണം അസാനിക്കൊപ്പം തെക്കുകിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കരീം ചുഴലിക്കാറ്റാണ്. കരീം ചുഴലിക്കാറ്റ് ദുർബലമായതോടെ മൺസൂൺ കാറ്റ് ദക്ഷിണാർധ ഗോളത്തിൽ നിന്ന് ഉത്തരാർധ ഗോളത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. കാലവർഷക്കാറ്റ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തെക്കൻ ആൻഡമാൻ കടലിൽ മെയ് 15 ഓടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. സാധാരണ തെക്കുപടിഞ്ഞാറൻ മൺസൂൺ ആൻഡമാൻ നിക്കോബാർ ദ്വീപിൽ എത്തുന്നത് മെയ് 19-20 തിയതികളിലാണ്. ഇതനുസരിച്ച് കാലവർഷക്കാറ്റ് നേരത്തെയാണ് ആൻഡമാനിലെത്തുന്നത്. തുടർന്ന് ശ്രീലങ്കയിലും പിന്നീട് കേരളത്തിലും എത്തുന്നതാണ് പതിവ് രീതി. കേരളത്തിലെ കാലവർഷം എപ്പോഴെത്തും എന്നതിനെ കുറിച്ച് അടുത്ത ദിവസങ്ങളിൽ ഞങ്ങളുടെ അവലോകനം പ്രതീക്ഷിക്കുക. മെറ്റ്ബീറ്റ് വെതർ, വെതർമാൻ കേരള യുട്യൂബ് ചാനലിലും ഇതിന്റെ വിശദീകരണം ഉണ്ടാകും.

Leave a Comment