കടുത്ത ചൂടിൽ തെരഞ്ഞെടുപ്പ് പ്രചാരണം, ഏപ്രിൽ മാസത്തോടെ ചൂട് 40 ഡിഗ്രി വരെ ഉയരും, ഈ ജില്ലക്കാർ ശ്രദ്ധിക്കുക 

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നതനുസരിച്ച് നിലവിൽ ശരാശരി താപനില 36 ഡിഗ്രിയിലേക്ക് ഉയർന്നിരിക്കുകയാണ്. ഏപ്രിൽ മാസത്തോടെ ചൂട് 40 ഡിഗ്രി വരെ എത്താമെന്നാണ് പ്രവചനം.

sanjuna
2 mins mins read

കടുത്ത ചൂടിൽ തെരഞ്ഞെടുപ്പ് പ്രചാരണം, ഏപ്രിൽ മാസത്തോടെ ചൂട് 40 ഡിഗ്രി വരെ ഉയരും, ഈ ജില്ലക്കാർ ശ്രദ്ധിക്കുക 

കേരളത്തിൽ കടുത്ത വേനൽ ചൂടിനിടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തമാകുമ്പോൾ സ്ഥാനാർഥികൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ കൂടി വർധിക്കുകയാണ്. രാവിലെ പത്ത് മണിയോടെ തന്നെ പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർഥിക്കാൻ സ്ഥാനാർഥികൾ ശ്രമിക്കുന്നു. അതിന് ശേഷം സൂര്യന്റെ കടുത്ത ചൂട് പ്രചാരണത്തെ ഏറെ ദുഷ്കരമാക്കുന്നു. 

മധ്യാഹ്നത്തോടെ ‘കടുത്തവെയിൽ’ ശക്തമാകുമ്പോൾ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന ചൂടിൽ വിയർത്ത് കുളിച്ചാണ് സ്ഥാനാർഥികൾ വീടുകളിലും വഴികളിലും കയറി ഇറങ്ങുന്നത്. കൈയിൽ തോർത്ത് പിടിച്ച് വിയർപ്പ് തുടച്ചും അതുകൊണ്ട് തന്നെ വീശിയും അവർ പ്രചാരണ രംഗത്ത് സജീവരാകുന്നു.

ചൂട് മാത്രമല്ല, പ്രചാരണത്തിനിടെ സ്ഥാനാർഥികൾക്ക് കാലാവസ്ഥയുടെ ചൂടിനൊപ്പം ജനങ്ങളുടെ വാക്കുകളിൽ നേരിടേണ്ടി വരുന്ന ചൂടും സ്ഥാനാർത്ഥികൾക്ക് നേരിടേണ്ടി വരുന്നു. “റോഡിന് എം.എൽ.എ ഫണ്ട് അനുവദിച്ചില്ല”, “പൈപ്പ് ലൈൻ ഉണ്ടെങ്കിലും വെള്ളമില്ല” തുടങ്ങിയ പരാതികൾ പല ഭാഗങ്ങളിലും ഉയരുന്നു. കൂടാതെ സമീപ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി താരതമ്യങ്ങളും വോട്ടർമാർ ഉന്നയിക്കുന്നു.

മധ്യാഹ്ന ഇടവേള നിർബന്ധം

രാവിലെ 11 മണിയോടെ റോഡ് ഷോകൾ ഉൾപ്പെടെ പ്രധാന പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടവേള നൽകേണ്ടി വരുന്നു. തുടർന്ന് വൈകിട്ട് 3 മണിക്ക് ശേഷമാണ് പ്രചാരണം വീണ്ടും സജീവമാകുന്നത്. ഈ ഇടവേള വേനൽ ചൂടിന്റെ തീവ്രത വ്യക്തമാക്കുന്നു.

വെള്ളവും പഴങ്ങളും 

ജീവകാരുണ്യമായി
പ്രചാരണത്തിനിടെ സ്ഥാനാർഥികൾ ഇടയ്ക്കിടെ വെള്ളം കുടിച്ച് ദേഹദാഹം നിയന്ത്രിക്കുകയാണ്. ചിലർ വാഹനങ്ങളിൽ തന്നെ കുടിവെള്ളവും തണ്ണിമത്തൻ പോലുള്ള പഴങ്ങളും കരുതിയാണ് യാത്ര തുടരുന്നത്. പഴയകാലത്തെ പോലെ ചായക്കടകളിൽ നിൽക്കുന്നതും കുറഞ്ഞിട്ടുണ്ട്. ചൂട് മാത്രമല്ല, പല സ്ഥലങ്ങളിലും എൽ.പി.ജി സിലിണ്ടർ ലഭ്യത കുറവായതിനാൽ ചായക്കടകൾ അടഞ്ഞുകിടക്കുന്നതും ഒരു കാരണമാണ്.

ഏപ്രിലിൽ ചൂട് ഇനിയും ഉയരും

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നതനുസരിച്ച് നിലവിൽ ശരാശരി താപനില 36 ഡിഗ്രിയിലേക്ക് ഉയർന്നിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെയും, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്. ഏപ്രിൽ മാസത്തോടെ ചൂട് 40 ഡിഗ്രി വരെ എത്താമെന്നാണ് പ്രവചനം.

വേനൽ ചൂട് കനക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാർഥികൾക്ക് ശരീരപരമായും മാനസികമായും വലിയ പരീക്ഷയായി മാറുകയാണ്. കാലാവസ്ഥയും ജനങ്ങളുടെ പ്രതീക്ഷകളും ഒരുപോലെ നേരിടേണ്ടി വരുന്ന ഈ പ്രചാരണ കാലം കൂടുതൽ വെല്ലുവിളികളോടെയാണ് മുന്നേറുന്നത്.

English summary : As Kerala gears up for the 2026 elections, candidates are facing a dual challenge: the rising political temperature and a record-breaking physical heatwave. With temperatures already hitting 36°C–37°C across districts like Palakkad and Kollam, the India Meteorological Department (IMD) has warned that mercury levels could soar to 40°C by April.