കനത്തമഴയെ തുടർന്ന് അസമിൽ ഉരുൾപൊട്ടി നാലു മരണം. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ മഴയിൽ ഗുവാഹത്തി നഗരം വെള്ളത്തിലായി. ഈ വർഷം അസമിൽ പ്രകൃതി ദുരന്തത്തെ തുടർന്ന് ഇതുവരെ 42 പേരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതലാണ് അസമിൽ കനത്തമഴയുണ്ടായത്. റോഡുകളിൽ പലയിടത്തും വെള്ളംകയറി. ചിലയിടത്ത് അരയ്‌ക്കൊപ്പം വെള്ളം കയറി. ഗുവാഹത്തി റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡുകളും വെള്ളത്തിൽ മുങ്ങി. രാജസ്ഥാനിൽ ഉൾപ്പെടെ അടുത്ത ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. ജോധ്പൂർ, കോട, അജ്മീർ, ജയ്പൂർ, ബാർമർ മേഖലകളിൽ കഴിഞ്ഞ ദിവസം 13 സെ.മി മഴയാണ് 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. മാർക്കറ്റുകളിൽ വെള്ളം കയറി ഭക്ഷ്യ വസ്തുക്കൾ നശിച്ചു. നാളെ മുതൽ ഈ മേഖലയിൽ മഴ കുറഞ്ഞു തുടങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. കിഴക്കൻ യു.പി മുതൽ മണിപ്പൂർ വരെയുള്ള കിഴക്ക് പടിഞ്ഞാറ് ന്യൂനമർദപാത്തിയാണ് അസം മേഖലയിൽ പേമാരിക്കും പ്രളയത്തിനും കാരണമായത്.
ഡൽഹിയിൽ താപനില കുറഞ്ഞു
പശ്ചിമവാതത്തിന്റെ സ്വാധീനത്താൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മേഖലയിലും അടുത്ത ദിവസങ്ങളിൽ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഡൽഹിയിൽ ചൊവ്വാഴ്ച താപനിലയിൽ കുറവുണ്ടായി. 31.2 ഡിഗ്രിവരെ താപനിലയെത്തി. എന്നാൽ പലയിടത്തും വായുനിലവാരം മോശമായി തുടരുകയാണ്. 13 ദിവസത്തിനു ശേഷമാണ് ഡൽഹിയിൽ ചൂട് 40 ഡിഗ്രിക്ക് താഴെയെത്തുന്നത്. സഫ്ദർജങ് ഒബ്‌സർവേറ്ററിയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 43.7 ഡിഗ്രി രേഖപ്പെടുത്തിയ ഇവിടെ ഇന്ന് 39.6 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.
ബംഗാളിൽ മഴ തുടരും
അടുത്ത അഞ്ചു ദിവസം കൂടി ബംഗാളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. ഈ മേഖലയിൽ പ്രാദേശിക പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ബിഹാറിനൊപ്പം ജാർഖണ്ഡ്, ഒഡിഷ മേഖലകളിലും മഴ ശക്തമായി തുടരും. ഇടിമിന്നൽ ശക്തമാകാനും സാധ്യതയുണ്ട്.