Menu

assam flood

ഏഴാം നാളും പ്രളയത്തിൽ അസം: മരണം 118 ആയി

പ്രളയം തുടരുന്ന അസമിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഏഴു ദിവസമായി തുടരുന്ന പ്രളയത്തിൽ മരണസംഖ്യ 118 ആയി.
ആറു ജില്ലകളിൽ നിന്നാണ് കഴിഞ്ഞ ദിവസം 10 മരണം റിപ്പോർട്ട് ചെയ്തത്. 312 വീടുകളും കഴിഞ്ഞ 24 മണിക്കൂറിൽ തകർന്നു.
കാചർ ജില്ലയിലെ സിൽചാർ ടൗൺ തുടർച്ചയായ ആറാം ദിവസവും വെള്ളത്തിനടിയിലാണ്. 28 ജില്ലകളിലെ 33.03 ലക്ഷം പേരെ പ്രളയം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ദിവസം 30 ജില്ലകളിലെ 45.34 ലക്ഷം പേരെ പ്രളയം ബാധിച്ചെന്നായിരുന്നു പുറത്തുവന്ന കണക്ക്. എന്നാൽ ഇന്നലെ അസം സ്റ്റേറ്റ് മാനേജ്‌മെന്റ് ഡിസാസ്റ്റർ അതോറിറ്റിയുടെ ബുള്ളറ്റിനിലാണ് പുതിയ വിവരമുള്ളത്. ധുബിയിൽ ബ്രഹ്മപുത്ര കരകവിഞ്ഞ് ഒഴുകുന്നുണ്ട്. നാഗോണിൽ കോപിലി നദിയും നിറഞ്ഞു. സിൽചാറിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രോഗമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ഡെപ്യൂട്ടി കമ്മിഷണർ കീർത്തി ജല്ലി പറഞ്ഞു.
പായ്ക്ക് ചെയ്ത ഭക്ഷണവും കുടിവെള്ള ബോട്ടിലും മറ്റ് അവശ്യ വസ്തുക്കളുടെ വ്യോമസേന ഹെലികോപ്ടറുകൾ വഴി വിതരണം ചെയ്യുന്നുണ്ട്. സ്ഥിതി മെച്ചുപ്പെടുന്നതു വരെ ദുരിതാശ്വാസ പ്രവർത്തനം തുടരാനാണ് തീരുമാനം. സിൽചാറിൽ രണ്ടു ഡ്രോണുകൾ ഉപയോഗിച്ചും ഭക്ഷണ വിതരണം നടത്തുന്നുണ്ട്. 207 അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘവും 120 അംഗ സൈനിക സംഘത്തോടൊപ്പം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സിൽചാറിൽ നിന്നുള്ളവരെ ദിംപൂരിൽ നിന്ന് എത്തിയ എട്ടു ബോട്ടുകളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്നു ലക്ഷം പേർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 717 ദുരിതാശ്വാസ കാംപുകളിലായി 2,65,788 പേർ കഴിയുന്നുണ്ട്. 93 റവന്യൂ സർക്കിളുകളിലെ 3,510 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്.

കാലവർഷം കനത്തു, പ്രളയം ; അസമിൽ മരണം 44 ആയി, 2.31 ലക്ഷം പേർ കാംപിൽ

കാലവർഷം ഒരാഴ്ചയായി കനത്തു പെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി ഒഴിയുന്നില്ല. അസമിലും മേഘാലയയിലുമാണ് കൂടുതൽ സ്ഥിതി സങ്കീർണം. അസമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേർ പ്രളയത്തിൽ മരിച്ചു. 47 ലക്ഷം പേരെ മാറ്റി പാർപ്പിച്ചു. 35 ൽ 32 ജില്ലകളിലും കഴിഞ്ഞ ഒരാഴ്ചയായി പ്രളയം തുടരുകയാണ്. 44 പേരാണ് ഇതുവരെ അസമിൽ മാത്രം പ്രളയത്തിൽ മരിച്ചത്. 615 ദുരിതാശ്വാസ കാംപുകളിലായി 2.31 ലക്ഷം പേർ കഴിയുന്നു.
അസമിൽ രക്ഷാപ്രവർത്തനത്തിനിടെ പ്രളയത്തിൽ രണ്ടു പൊലിസുകാർ കൊല്ലപ്പെട്ടു. മധ്യ അസമിലെ നാഗൗൺ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കാംപൂർ പൊലിസ് സ്റ്റേഷനിലെ എസ്.ഐ സമുജ്ജൽ കാകോട്ടി, കോൺസ്റ്റബിൾ രാജീവ് ബോർഡോലോയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. 33 ജില്ലകളിലെ 127 റവന്യൂ സർക്കിളുകളിൽ 5,137 ഗ്രാമങ്ങളെ പ്രളയം ബാധിച്ചുവെന്ന് അസം സ്റ്റേറ്റ് ദുരന്ത നിവാരണ സേന പറഞ്ഞു. പ്രളയമേഖലയിൽ വ്യോമമാർഗം ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശർമ പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ സൈന്യത്തെ ഏർപ്പെടുത്തും. അസം കൂടാതെ അരുണാചൽ പ്രദേശ്, ത്രിപുര, മേഘാലയ, എന്നിവിടങ്ങളിൽ ആളുകൾ വലയുകയും മണ്ണിടിച്ചിലും അനുഭവപ്പെട്ടതോടെ നിരവധി നാശനഷ്ടങ്ങളുണ്ടായി. അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടി 16കാരൻ മരിച്ചു. രാഗെ ഹില്ലി എന്ന കുട്ടിയാണ് പാർ ജില്ലയിലെ പാപുമിലെ യുപിയയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചത്. ബൈക്കിൽ വരുകയായിരുന്ന കുട്ടി ഉരുൾപൊട്ടലിൽ അകപ്പെടുകയായിരുന്നു. അരുണാചലിൽ രണ്ടുദിവസത്തിനിടെ ഒരാൾ മരിക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു. കേന്ദ്ര ജലകമ്മിഷന്റെ റിപ്പോർട്ട് പ്രകാരം കോപിലി നദി കരകവിഞ്ഞ് ഒഴുകുകയാണ്. ധുബ്രി, ഗോൾപാറ, കാംരൂപ്, ഗുവാഹത്തി, തേസ്പുർ, നിമാട്ടിഘട്ട് എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി കരകവിഞ്ഞു.

അസമിൽ കനത്ത മഴ ഉരുൾപൊട്ടൽ, നാലു മരണം

കനത്തമഴയെ തുടർന്ന് അസമിൽ ഉരുൾപൊട്ടി നാലു മരണം. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ മഴയിൽ ഗുവാഹത്തി നഗരം വെള്ളത്തിലായി. ഈ വർഷം അസമിൽ പ്രകൃതി ദുരന്തത്തെ തുടർന്ന് ഇതുവരെ 42 പേരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതലാണ് അസമിൽ കനത്തമഴയുണ്ടായത്. റോഡുകളിൽ പലയിടത്തും വെള്ളംകയറി. ചിലയിടത്ത് അരയ്‌ക്കൊപ്പം വെള്ളം കയറി. ഗുവാഹത്തി റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡുകളും വെള്ളത്തിൽ മുങ്ങി. രാജസ്ഥാനിൽ ഉൾപ്പെടെ അടുത്ത ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. ജോധ്പൂർ, കോട, അജ്മീർ, ജയ്പൂർ, ബാർമർ മേഖലകളിൽ കഴിഞ്ഞ ദിവസം 13 സെ.മി മഴയാണ് 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. മാർക്കറ്റുകളിൽ വെള്ളം കയറി ഭക്ഷ്യ വസ്തുക്കൾ നശിച്ചു. നാളെ മുതൽ ഈ മേഖലയിൽ മഴ കുറഞ്ഞു തുടങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. കിഴക്കൻ യു.പി മുതൽ മണിപ്പൂർ വരെയുള്ള കിഴക്ക് പടിഞ്ഞാറ് ന്യൂനമർദപാത്തിയാണ് അസം മേഖലയിൽ പേമാരിക്കും പ്രളയത്തിനും കാരണമായത്.

ഡൽഹിയിൽ താപനില കുറഞ്ഞു

പശ്ചിമവാതത്തിന്റെ സ്വാധീനത്താൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മേഖലയിലും അടുത്ത ദിവസങ്ങളിൽ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഡൽഹിയിൽ ചൊവ്വാഴ്ച താപനിലയിൽ കുറവുണ്ടായി. 31.2 ഡിഗ്രിവരെ താപനിലയെത്തി. എന്നാൽ പലയിടത്തും വായുനിലവാരം മോശമായി തുടരുകയാണ്. 13 ദിവസത്തിനു ശേഷമാണ് ഡൽഹിയിൽ ചൂട് 40 ഡിഗ്രിക്ക് താഴെയെത്തുന്നത്. സഫ്ദർജങ് ഒബ്‌സർവേറ്ററിയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 43.7 ഡിഗ്രി രേഖപ്പെടുത്തിയ ഇവിടെ ഇന്ന് 39.6 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.

ബംഗാളിൽ മഴ തുടരും
അടുത്ത അഞ്ചു ദിവസം കൂടി ബംഗാളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. ഈ മേഖലയിൽ പ്രാദേശിക പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ബിഹാറിനൊപ്പം ജാർഖണ്ഡ്, ഒഡിഷ മേഖലകളിലും മഴ ശക്തമായി തുടരും. ഇടിമിന്നൽ ശക്തമാകാനും സാധ്യതയുണ്ട്.