വേനൽ ചൂടിന് ആശ്വാസമായി UAE യിൽ മഴ

കടുത്ത വേനല്‍ച്ചൂടില്‍ ആശ്വാസമായി യു.എ.ഇയുടെ പലഭാഗത്തും മഴ ലഭിച്ചു. അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഇന്നലെ ഭേദപ്പെട്ട മഴ ലഭിച്ചെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഐനിലെ നിവാസികള്‍ വേനല്‍ച്ചൂടിനിടെ ലഭിച്ച കനത്ത മഴ ആഘോഷമാക്കി. സോഷ്യല്‍ മീഡിയയാകെ യു.എ.ഇയിലെ മഴച്ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ്. 45 ഡിഗ്രി സെല്‍ഷ്യസ് ശരാശരി താപനിലയില്‍ നില്‍ക്കവേയാണ് ഭൂമിയെ തണുപ്പിച്ചുകൊണ്ട് മഴയെത്തിയത്.
അല്‍ ഐനില്‍ മണിക്കൂറുകളോളം ആകാശം മേഘാവൃതമായി നില്‍ക്കുകയും പിന്നീട് ശക്തമായ മഴ തന്നെ ലഭിക്കുകയുമായിരുന്നു. യു.എ.ഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നു.
അല്‍ ഐനില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഹ്യുമിഡിറ്റിയും ഉയര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെയും രാത്രി സമയത്തുമാണ് ഹ്യുമിഡിറ്റി ഉയരുന്നത്. ഇതുമൂലം ചില പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ദുബൈ, ഷാര്‍ജ, അജ്മാന്‍, അബൂദബി എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ശക്തമായ കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പൊടി നിറഞ്ഞ അവസ്ഥയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Comment