റഷ്യയിലെ അതിശൈത്യത്തിൽ ആകാശത്ത് കണ്ടത് 4 ചന്ദ്രൻന്മാരെ, പാരാസെലീൻ പ്രതിഭാസമെന്ന് കാലാവസ്ഥാ നിരീക്ഷകർ
റഷ്യയിൽ ഒരേ സമയം 4 ചന്ദ്രന്മാർ പ്രത്യക്ഷപ്പെട്ട സംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യ. കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആകാശത്തിലെ ഈ അത്ഭുത കാഴ്ച ലോകം മുഴുവൻ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. സെൻ്റ് പീറ്റേഴ്സ്ബർഗിൽ കണ്ട ഈ അപൂർവ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏതായാലും പേടിക്കേണ്ട കാര്യമില്ല എന്നാണ് ഗവേഷകർ പറയുന്നത്. പാരാസെലീൻ' (paraselene)എന്ന പ്രകൃതി പ്രതിഭാസമാണ് ആകാശത്തിലെ അത്ഭുത കാഴ്ചയ്ക്ക് കാരണം.
Four moons appear over Russia’s St. Petersburg
— RT (@RT_com) February 1, 2026
The spectacle, known as a paraselene, was created by moonlight bending through ice crystals in the frosty atmosphere pic.twitter.com/J5C5h4uDx8
എന്താണ് പാരാസെലീൻ പ്രതിഭാസം
ഒരൊറ്റ ചന്ദ്രൻ നാല് ചന്ദ്രന്മാരായി കാണപ്പെടുന്ന അവസ്ഥയാണിത്. ഇതിന് സഹായിക്കുന്നത് അവിടുത്തെ കാലാവസ്ഥയാണ് എന്നാണ് നിരീക്ഷകർ പറയുന്നത്. സാധാരണയായി ശൈത്യകാലത്ത് സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് പാരാസെലീൻ. റഷ്യയിൽ ഇപ്പോൾ കടുത്ത തണുപ്പാണ്. അതിനാൽ തന്നെ അന്തരീക്ഷത്തിലെ ജലാംശം തണുത്തുറഞ്ഞ് ഐസ് ക്രിസ്റ്റലുകളായി മാറിയിരിക്കുന്നു. ഇവ വളരെ നേർത്ത പാളിയായതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയില്ല. ഇങ്ങനെയുള്ള കാലാവസ്ഥയിൽ ചന്ദ്രരശ്മികൾ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
അന്തരീക്ഷത്തിലെ ഷഡ്ഭുജാകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകളിലൂടെ പ്രകാശം കടന്നുപോകുമ്പോൾ, അതിൻ്റെ കോണുകൾക്കനുസരിച്ച് പ്രകാശത്തെ വളയ്ക്കുന്നു. ഇത് ചന്ദ്രന് സമീപം, അതേ ഉയരത്തിൽ ചന്ദ്രനെപ്പോലെ തിളങ്ങുന്ന ഒരു ബിന്ദു സൃഷ്ടിക്കുന്നു. ഇതിൻ്റെ ഫലമായി, യഥാർത്ഥ ചന്ദ്രനോടൊപ്പം മറ്റ് ചന്ദ്രന്മാരെയും കാണാൻ സാധിക്കുന്നു.
ഇത്തരം അപൂർവ പ്രതിഭാസങ്ങളിൽ സാധാരണയായി 2 ചന്ദ്രന്മാരെയാണ് കാണാറുള്ളത്. ചിലപ്പോൾ ഒന്നിൽ കൂടുതൽ ചന്ദ്രന്മാരും ഉണ്ടാകാം. റഷ്യയിൽ ഇപ്പോൾ സംഭവിച്ചതും ഇതുതന്നെയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇതേ കാരണത്താൽ റഷ്യക്കാർക്ക് രാവിലെ 2 സൂര്യന്മാരെയും കാണാൻ കഴിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ട്.
റഷ്യയിൽ അതിശൈത്യം
2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, റഷ്യയിൽ അതിശക്തമായ ശൈത്യമാണ് അനുഭവപ്പെടുന്നത്. സൈബീരിയയിൽ താപനില -56°C(യാകുറ്റ്‌സ്ക്) വരെ താഴുകയും, മോസ്കോയിൽ 200 വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയും രേഖപ്പെടുത്തി. കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും മൂലം യൂട്ടിലിറ്റി തകരാറുകളും പവർ കട്ടുകളും ഇരട്ടിയായി. യാകുറ്റ്‌സ്കിൽ താപനില -64°C മുതൽ -71°C വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
English Summary : This is a situation where a single moon appears as four moons. Observers say that the local weather contributes to this.