യുകെയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥ, കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് പ്രവചനം

ലോകം ചൂടാകുമ്പോൾ, യുകെയിൽ കൂടുതൽ ഈർപ്പമുള്ളതും ചൂടുള്ളതുമായ ശൈത്യകാലവും ചൂടുള്ളതും വരണ്ടതുമായ വേനൽക്കാലവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ

Metbeat News
2 mins mins read

യുകെയിൽ വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് പ്രവചനം. ബുധനാഴ്ച അറ്റ്ലാൻ്റിക് സമുദ്രത്തിൽ നിന്ന് കാറ്റും മഴയും വീശാൻ സാധ്യതയുണ്ട്.  ഇത് താപനിലയിൽ കുറവുണ്ടാക്കുകയും ഇടിമിന്നലിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

 വാരാന്ത്യം വരെ കാലാവസ്ഥ അസ്ഥിരമായി തുടരും.  വരും ദിവസങ്ങളിൽ വടക്കൻ അറ്റ്ലാൻ്റിക്കിൽ കൂടുതൽ ആഴത്തിലുള്ള ന്യൂനമർദ്ദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

  ന്യൂനമർദ്ദം രൂപപ്പെട്ടാൽ അത് കൊടുങ്കാറ്റ് ആവാൻ സാധ്യതയുണ്ടെന്നും കൊടുങ്കാറ്റായി കഴിഞ്ഞാൽ അത് ഈ സീസണിലെ ആദ്യത്തെ കൊടുങ്കാറ്റ് ആയിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധർ പറയുന്നു. ന്യൂനമർദ്ദം കൊടുങ്കാറ്റായി മാറിയാൽ അതിനെ  'സ്റ്റോം ആമി' എന്ന് വിളിക്കും.

 ന്യൂനമർദ്ദത്തിന്റെ ഭാഗമായി മഴയും കാറ്റും കൂടുതൽ അനുഭവപ്പെടുക കിഴക്കൻ മേഖലകളിൽ ആയിരിക്കും.

 വേനൽക്കാലത്ത് നിന്ന് ശരത്കാലത്തിലേക്ക് മാറുമ്പോൾ, കാലാവസ്ഥയിൽ കൂടുതൽ പടിഞ്ഞാറൻ സ്വാധീനം കാണുന്നതായി കാലാവസ്ഥ വിദഗ്ധർ.  

ശരത്കാല മാസങ്ങളിലേക്ക് കടക്കുമ്പോൾ,  സെപ്റ്റംബർ മുതൽ നവംബർ വരെ യുകെയിൽ 'ശരാശരിയേക്കാൾ കൂടുതൽ ഈർപ്പം' ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് സൂചിപ്പിക്കുന്നു. 

ബെഡ്‌ഫോർഡ്‌ഷെയർ, ബക്കിംഗ്ഹാംഷെയർ, വിൽറ്റ്‌ഷെയർ എന്നിവയുൾപ്പെടെ 10 ഇംഗ്ലീഷ് കൗണ്ടികൾക്ക്  സെപ്റ്റംബറിൽ പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടിയിലധികം മഴ  ലഭിച്ചു. ഇത് വ്യാപകമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചു.

വരൾച്ച ഒഴിവാക്കാൻ മഴ സഹായിക്കുമോ?

ഈ വർഷം ഇതുവരെ, യുകെയിൽ ഏറ്റവും വെയിൽ കൂടുതലുള്ള വസന്തകാലവും റെക്കോർഡ് ചൂടുള്ള വേനൽക്കാലവും അനുഭവപ്പെട്ടു. ഈ രണ്ട് സീസണുകളും  വരണ്ടതായിരുന്നു. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില പ്രദേശങ്ങളിൽ,  വരൾച്ച ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ കാണിക്കുന്നത് യുകെയിൽ മൊത്തത്തിൽ പ്രതീക്ഷിച്ച വാർഷിക മഴയുടെ 44% മാത്രമേ ലഭിച്ചിട്ടുള്ളൂ  (വർഷത്തിലെ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്ന ശരാശരി 67% നെ അപേക്ഷിച്ച്).

 ഈയാഴ്ച ലഭിക്കുന്ന മഴ നദികളിൽ ജലനിരപ്പ് ഉയരുന്നതിനും, ജലസംഭരണികൾ നിറയുന്നതിനും സഹായകമാകും എന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്നു സൂചന. 

 ലോകം ചൂടാകുമ്പോൾ, യുകെയിൽ കൂടുതൽ ഈർപ്പമുള്ളതും ചൂടുള്ളതുമായ ശൈത്യകാലവും ചൂടുള്ളതും വരണ്ടതുമായ വേനൽക്കാലവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.  യുകെയിലെ മഴയുടെ വിതരണവും തീവ്രതയും മാറിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും, ജലശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങൾ കാരണം കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്.

Metbeat news