അറബിക്കടൽ വഴി ന്യൂനമർദപാത്തി; കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ ശക്തം

കേരളത്തിൽ മെയ് 3 ബുധനാഴ്ച വരെ മഴ ശക്തിപ്പെട്ടേക്കും. വേനൽ മഴ എല്ലാ ജില്ലകളിലേക്കും ഈ സമയം എത്താനാണ് സാധ്യത. ഇതുവരെ മഴ ലഭിക്കാത്ത പ്രദേശങ്ങൾക്കും മഴ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് കൂടുതലും മഴ സാധ്യതയുള്ളത്. കണ്ണൂർ ജില്ലയിലും ഇടത്തരം മഴയും ഒറ്റപ്പെട്ട ശക്തമായ മഴയും അടുത്ത 3 ദിവസങ്ങളിൽ ലഭിക്കും.
കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയോ ചാറ്റൽ മഴയോ പ്രതീക്ഷിച്ചാൽ മതിയാകും.

മഴക്ക് കാരണം എന്ത്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ വേനൽ മഴ സജീവമാണ്. തെക്കൻ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മേഖലയിലുമാണ് മഴ ലഭിക്കുന്നത്. മധ്യകേരളത്തിലും സാമാന്യം മഴ ലഭിച്ചു. മഴയിൽ താരതമ്യേന കുറവ് കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന എം.ജെ.ഒയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ സജീവമാകാൻ കാരണം. എം.ജെ.ഒ ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ട്. ഇതിന്റെ സ്വാധീനഫലമായി ധാരാളം മേഘങ്ങൾ രൂപീകരിക്കപ്പെടുകയും മഴ നൽകുകയും ചെയ്യുന്നു. മേഘരൂപീകരണത്തിന് മറ്റു പ്രാദേശിക ഘടകങ്ങളും സഹായിക്കുന്നുണ്ട്. ന്യൂനമർദപാത്തിയും അതേതുടർന്നുള്ള കാറ്റിന്റെ ഗതിമുറിവും താപസംവഹനവും എല്ലാം മഴ ശക്തിപ്പെടുത്തുന്നു. മെയ് ആദ്യവാരവും കേരളത്തിൽ മഴ തുടരുമെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.
എം.ജെ.ഒ മെയ് 7 വരെയെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിൽ തുടരുമെന്നാണ് പ്രതീക്ഷ തുടർന്ന് പസഫിക് സമുദ്രത്തിലേക്ക് പോകും. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള നേരിയ സാധ്യതയുണ്ട്. അല്ലെങ്കിൽ പസഫിക് സമുദ്രത്തിലെത്തുന്ന എം.ജെ.ഒ അവിടെ ന്യൂനമർദത്തിന് തിരികൊളുത്തുമെന്നാണ് പ്രാഥമിക സൂചനകൾ.

ഇപ്പോഴത്തെ അന്തീക്ഷസ്ഥിതി
മാലദ്വീപിനു സമീപത്തു നിന്ന് കേരള തീരത്തിലൂടെ അറബിക്കടലിനു മുകളിൽ മധ്യ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ പാത്തിയുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മി ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. കർണാടകയിൽ കരയ്ക്കു മുകളിലൂടെയാണ് ഇതു കടന്നു പോകുന്നത്. ഈ സിസ്റ്റത്തിന്റെ സ്വാധീനം മൂലം അറബിക്കടലിൽ ഇന്ന് മേഘരൂപീകരണം ശക്തമാണ്. ഇവ തീരദേശങ്ങളിലും മഴ സാധ്യത വർധിപ്പിക്കും. വടക്കൻ ജില്ലകളിലും അടുത്ത ദിവസങ്ങളിലെ മഴക്കും പകൽ ഭാഗികമായ മേഘാവൃത സാഹചര്യത്തിനും ഇത് കാരണമാകും. ഇതോടൊപ്പം മാലദ്വീപിനു സമീപത്തും ശ്രീലങ്കക്കു സമീപത്തുമുള്ള കാറ്റിന്റെ കറക്കങ്ങളും ഇന്നു രാത്രിയിൽ തെക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ മഴക്ക് കാരണമാകും.

ഇന്ന് മഴ ലഭിച്ചത്
കാലാവസ്ഥാ വകുപ്പിന്റെ സ്വയം നിയന്ത്രിത മഴമാപിനികളിൽ കഴിഞ്ഞ ആറു മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലെ കുന്നത്താനത്താണ്. 44 എം.എം മഴയാണ് ഇവിടെ ലഭിച്ചത്. മണ്ണാർക്കാട്ട് 29 എം.എം മഴയും കോട്ടയത്തെ പൂഞ്ഞാറിൽ 18.5 എം.എം മഴയും എറണാകുളം ചൂണ്ടിയിൽ 29.5 എം.എം മഴയും പത്തനംതിട്ട വാഴക്കുന്നത് 17.5 എം.എം മഴയും കൽപറ്റയിൽ 16 എം.എം മഴയും ലഭിച്ചു. വടക്കൻ കേരളത്തിൽ വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലും മധ്യ കേരളത്തിൽ തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലും, തെക്കൻ കേരളത്തിൽ പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഇന്ന് മഴ ലഭിച്ചു. ഈ ജില്ലകളിലെ മഴ സാധ്യത മെറ്റ്ബീറ്റ് വെതർ ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച രാവിലത്തെ ഫോർകാസ്റ്റിൽ പറഞ്ഞിരുന്നു.

തൃശൂരിൽ മഴ പൊടിഞ്ഞു
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നടന്ന ഇന്ന് തൃശൂരിൽ മഴ സാധ്യതയുണ്ടെന്നായിരുന്നു ഞങ്ങളുടെ പ്രവചനം. ഇന്ന് മഴ ചെറുതായി പൊടിഞ്ഞു പോയി. മാപിനികളിൽ രേഖപ്പെടുത്താൻ മാത്രം ഇവിടെ ലഭിച്ചില്ല. മഴ വെടിക്കെട്ടിന് തടസമായില്ല. അടുത്ത മൂന്നു ദിവസവും തൃശൂരിൽ മഴക്ക് സാധ്യതയുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment