തക്കാളി തൊട്ടാൽ പൊള്ളും, വില കുതിച്ചുയരുന്നു, മഴ ചതിച്ചു
പ്രതീക്ഷിക്കാതെ പെയ്യുന്നമഴ കാർഷിക മേഖലക്ക് എന്നും ഭീഷണിയാണ്. ഇത്തവണ ഇന്ത്യയിലുടനീളം ഒക്ടോബർ മാസത്തിൽ കനത്ത മഴയുണ്ടായിരുന്നു. ഇത് കർഷകർക്കുണ്ടാക്കുന്നത് വലിയ നഷ്‌ടമാണ്. ഇപ്പോൾ തക്കാളി കൃഷിയാണ് കർഷകരുടെ അദ്ധ്വാനത്തെ താളം തെറ്റിച്ചിരിക്കുന്നത്. ഉൽപ്പാദനത്തിൽ നഷ്ടം സംഭവിക്കുമ്പോൾ വിപണി വില ഉയരും.
തക്കാളിവിലയിൽ ഒരു മാസത്തിനിടെ 25% മുതൽ 100% വരെ വർദ്ധനവ്
ഒക്ടോബറിലെ മഴയുടെ ആഘാതം മൂലം തക്കാളി വിതരണം നഷ്ടപ്പെടുകയും, കഴിഞ്ഞ 10-15 ദിവസത്തിനുള്ളിൽ തക്കാളി വില ഏകദേശം 50 ശതമാനത്തോളം ഉയരുകയും ചെയ്തു.വിവിധ സംസ്ഥാനങ്ങളിൽ ചില്ലറ വിൽപ്പനയിൽ ഒരു മാസത്തിനിടെ തക്കാളി വില 25% മുതൽ 100% വരെ ഉയർന്നിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകളിൽ വ്യക്തമാക്കുന്നത്. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വിതരണ കേന്ദ്രമായ ഡൽഹിയിൽ തക്കാളി വില 26% വർദ്ധിച്ചു. എന്നാൽ മഹാരാഷ്ട്രയിൽ 45% വർദധനവാണ് രേഖപ്പെടുത്തിയത്.
വിലക്കയറ്റം കൂടുതൽ നേരിട്ടത് ചണ്ഡീഗഡിൽ
ഉപഭോക്തൃ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, ഒക്ടോബർ 19 നും നവംബർ 19 നുമിടയിൽ ഇന്ത്യയിലുടനീളമുള്ള തക്കാളിയുടെ ചില്ലറ വിൽപ്പന വില 27% വർദ്ധിച്ചിട്ടുണ്ട്. അതായത് കിലോഗ്രാമിന് 36 രൂപയിൽ നിന്ന് 46 രൂപ വരെ ഉയർന്നു. 112% വിലക്കയറ്റം നേരിട്ടത് ചണ്ഡീഗഡിലാണ്. ഇതാണ് ഏറ്റവും ഉയർന്ന വിലക്കയറ്റം നേരിട്ട സംസ്ഥാനം.
വിലക്കയറ്റം സാധാരണക്കാർക്ക് തിരിച്ചടിയായി
ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും 40 ശതമാനത്തിലധികം വിലക്കയറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം സാധാരണക്കാർക്ക് വലിയ തിരിച്ചടിയുമായി. കർഷകർക്ക് ഉൽപ്പാദനക്കുറവ് മൂലം നഷ്ടം നേരിടുന്നതു പോലെ ഉപഭോക്താക്കൾക്ക് വിലക്കയറ്റം മൂലം നഷ്ടം നേരിടേണ്ടി വരുന്നു.പല സ്ഥലങ്ങളിലും ഗുണമേന്മ കൂടിയ തക്കാളിയുടെ വില കിലോ 80 രൂപ എന്ന നിരക്കിലാണ്. കേരളത്തിൻ്റെ വിപണിയിലും തക്കാളി വിലയിൽ കയറ്റിറക്കങ്ങളുണ്ട്.
തക്കാളി കേരളത്തിലെത്തുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന്
നിലവിൽ കേരളത്തിലെ ചില മാർക്കറ്റിൽ തക്കാളി കിലോഗ്രാമിന് 30 രൂപ നിരക്കിൽ വിൽക്കുന്നുണ്ട്. എന്നാൽ കൊച്ചി പോലുള്ള പ്രമുഖ മാർക്കറ്റുകളിലെല്ലാം 50 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. കേരളത്തിൽ പ്രധാനമായും തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് തക്കാളി എത്തുന്നത്.
ഇനി വരാൻ പോകുന്നത് കൊടും വേനൽ
ഏതായാലും കേരളത്തിൻ്റെ വിപണിയെ ഈ കനത്ത മഴ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്നത് കൊടും വേനലാണ്. ഈ സമയത്തും വിപണിയിൽ ആശങ്ക ഉയരും. കാരണം ശക്തമായ വെയിൽ പല കൃഷിമേഖലയെയും തകർക്കും. ഇത് ഇന്ത്യയിലുടനീളമുള്ള മാർക്കറ്റിൽ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയം വേണ്ട.
English Summary: Explore the impact of over 40% inflation in states like Andhra Pradesh, Himachal Pradesh, and Karnataka, affecting farmers and consumers alike.