കേരളത്തിൽ ഇന്ന് ഈ വർഷത്തെ ഏറ്റവും തണുപ്പ് കൂടിയ ദിവസം, മൂന്നാറിൽ അതിശൈത്യം
ഈ വർഷത്തെ (ജനുവരിയിലെ) ഏറ്റവും തണുപ്പ് കൂടിയ ദിവസങ്ങളിലൊന്നായിരുന്നു ഇന്ന് അതി രാവിലെയെന്ന് പ്രശസ്ത കാലാവസ്ഥാ പ്രവാചകൻ രാജീവ് എരിക്കുളം. മഴ പിൻവാങ്ങിയപ്പോൾ കേരളത്തിൽ തണുപ്പ് വീണ്ടും സജീവമായിരിക്കുകയാണ്. ഈ തണുപ്പ് ശനിയാഴ്ച വരെ തുടരാനാണ് സാധ്യത. മലയോര മേഖലയിൽ മാത്രമല്ല വടക്കൻ കേരളത്തിലും മധ്യകേരളത്തിലും താപനില ഗണ്യമായി കുറഞ്ഞു.
മൂന്നാറിൽ അതിശൈത്യം
ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെൽഷ്യസ് ചെണ്ടുവരയിൽ വ്യാഴാഴ്ച പുലർച്ചെ രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
വരും ദിവസങ്ങളിൽ താപനില ഇനിയും കുറയും
താപനില താഴ്ന്നതോടെ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുപാളികൾ രൂപപ്പെട്ടു. സീസണിലെ ഏറ്റവുംകുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് ചെണ്ടുവരയിൽ ഡിസംബർ 13-ന് രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷം താപനില ക്രമേണ വർധിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെയാണ് ഒരു ഡിഗ്രിയിലേക്ക് താഴ്ന്നത്. വരുംദിവസങ്ങളിൽ താപനില വീണ്ടും കുറയുമെന്നാണ് സൂചന.
English Summary : As temperatures dropped, widespread snow cover formed on the grasslands of the area. The season's lowest temperature of minus one degree Celsius was recorded in Chenduvara on December 13.