തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് . കിള്ളിപ്പാലം റോഡിന്റെ രണ്ട് ഇടറോഡുകളിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ പ്രദേശവാസികൾ ആശങ്കയിലായി. കുന്നത്തുകാൽ അരുവിയോട് ആറിന്റെ പാലത്തിനു സമീപം ബണ്ട് തകർന്നിട്ടുണ്ട്. ജനങ്ങൾ ആശങ്കയിലാണ്.
രണ്ടുദിവസമായി തുടരുന്ന മഴയെ തുടർന്നാണ് തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായത്. പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഓടയിലെ മലിനജലം സ്ഥലത്തെ വീടുകളിലേക്കും കയറുന്ന സാഹചര്യമാണ്. കടകൾ തുറക്കാൻ പറ്റാതെ വ്യാപാരികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ചാല മാർക്കറ്റിൽ വെള്ളം കയറിയതിനാൽ കട തുറക്കാൻ കഴിയാതെ വ്യാപാരികൾ ബുദ്ധിമുട്ടി. ഉള്ളൂർ - ആക്കുളം റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സം നേരിട്ടു. കെട്ടി വലിച്ചാണ് വെള്ളത്തിൽ കുടുങ്ങിയ നിരവധി വാഹനങ്ങൾ മാറ്റിയത്.
കനത്ത മഴ വേളി പൊഴി മുറിച്ചു . എന്നാൽ പൊഴി മുറിക്കാൻ കാലതാമസമുണ്ടായതായും ആക്ഷേപം ഉണ്ട്. പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം താൽക്കാലികമായി അടച്ചു. മഴ കനത്തതോടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും മിന്നലിനും സാധ്യത. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.