വേനൽ കാലത്ത് ശരീരം ക്ഷീണിക്കുമ്പോൾ രക്ഷയാകുന്നതെന്ത്, ഇളനീരും മോരും ഏതാണ് മികച്ചത് ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
സംസ്ഥാനത്ത് വേനൽച്ചൂട് ദിവസേന ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങളും കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന താപനില കാരണം സൂര്യാഘാതം, നിർജ്ജലീകരണം, ക്ഷീണം, തലചുറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ കൂടുതൽ ആളുകളെ ബാധിക്കാം. അതിനാൽ ഈ കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും ശരിയായ പാനീയങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്.
പാചക വാതക ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ പാചകം കുറയുകയും പകരം ഫ്രഷ് ജ്യൂസ്, തണുത്ത പാനീയങ്ങൾ എന്നിവയ്ക്ക് ആവശ്യകത ഉയരുകയും ചെയ്യുകയാണ്. എന്നാൽ എല്ലാ തണുത്ത പാനീയങ്ങളും ആരോഗ്യകരമല്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രത്യേകിച്ച് കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം, അമിതമായ ചായയും കോഫിയും ഈ കാലാവസ്ഥയിൽ ഒഴിവാക്കേണ്ടതാണെന്ന് അവർ പറയുന്നു. ഇവയുടെ അമിത ഉപയോഗം ശരീരത്തിലെ ജലാംശം കുറയ്ക്കുകയും നിർജ്ജലീകരണം കൂടുതൽ ഗുരുതരമാക്കുകയും ചെയ്യാം.
കൂളിങ് പാനീയങ്ങളിൽ മുന്നിൽ: മോരും ഇളനീരും
കേരളത്തിൽ ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന പ്രകൃതിദത്ത കൂളിങ് പാനീയങ്ങളാണ് മോരും ഇളനീരും. വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ജലാംശം പുനഃസ്ഥാപിക്കാൻ ഈ രണ്ട് പാനീയങ്ങളും ഏറെ സഹായകരമാണ്. എന്നാൽ ആരോഗ്യഗുണങ്ങളിൽ ചില വ്യത്യാസങ്ങൾ ഇവയ്ക്കിടയിൽ കാണാം.
മോറിൽ ധാരാളം ജലാംശത്തോടൊപ്പം പൊട്ടാസ്യം പോലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന മികച്ച കൂളിങ് ഡ്രിങ്ക് ആണ്. കൂടാതെ മോരിൽ പ്രോബയോട്ടിക്കുകൾ അടങ്ങിയിരിക്കുന്നതിനാൽ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനപ്രക്രിയയെ സുഗമമാക്കുകയും ചെയ്യുന്നു.
പ്രകൃതിദത്ത ഇലക്ട്രോലൈറ്റ്: ഇളനീർ
പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ധാരാളം അടങ്ങിയ ഇളനീർ ശരീരത്തിന് മികച്ച പ്രകൃതിദത്ത ഇലക്ട്രോലൈറ്റ് പാനീയമായി കണക്കാക്കപ്പെടുന്നു. വെയിലത്ത് ദീർഘസമയം ജോലി ചെയ്യുകയോ നടക്കുകയോ ചെയ്യുന്നവർക്ക് ശരീരം വേഗത്തിൽ ഹൈഡ്രേറ്റ് ചെയ്യാൻ ഇളനീർ സഹായകരമാണ്.
വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ധാതുക്കൾ പുനഃസ്ഥാപിക്കാനും ക്ഷീണം കുറയ്ക്കാനും പേശിവലിവ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഇളനീർ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
എപ്പോൾ മോരും, എപ്പോൾ ഇളനീരും?
ഭക്ഷണത്തിന് ശേഷം ദഹനം സുഗമമാക്കാൻ മോരാണ് കൂടുതൽ അനുയോജ്യമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. എന്നാൽ ശക്തമായ വെയിലത്ത് ഏറെ നേരം കഴിഞ്ഞ് ക്ഷീണത്തോടെ എത്തുന്നവർക്ക് ശരീരത്തിന് പെട്ടെന്ന് ഊർജം നൽകാനും ജലാംശം പുനഃസ്ഥാപിക്കാനും ഇളനീർ കൂടുതൽ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ.
വേനൽക്കാലത്ത് ആരോഗ്യസംരക്ഷണത്തിന് ശരിയായ പാനീയങ്ങൾ തിരഞ്ഞെടുക്കുന്നതും മതിയായ വെള്ളം കുടിക്കുന്നതും അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
English Summary : As temperatures rise, health experts warn against dehydration and heatstroke, urging the public to choose natural drinks over carbonated sodas, alcohol, or excessive caffeine. The report highlights Buttermilk and Tender Coconut Water as the top natural remedies for summer fatigue.