മന്ദൂസ് ചുഴലിക്കാറ്റ് നാളെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടും. തമിഴ്‌നാടിന്റെ വടക്കൻ തീരത്തും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തെക്കൻ തീരത്തും മന്ദൂസ് കനത്ത മഴയും കാറ്റും നൽകും. വെള്ളിയാഴ്ചയോടെ മന്ദൂസ് ദുർബലമായി തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയോടെ ഇപ്പോൾ വെൽമാർക്ഡ് ലോ പ്രഷറായ ന്യൂനമർദം തീവ്രന്യൂനമർദമാകും. തുടർന്ന് അതിവേഗം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമാകും. പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിലാണ് ന്യൂനമർദം നീങ്ങുന്നത്. വെള്ളിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് കരകയറാനാണ് സാധ്യത.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തീവ്രമഴ സാധ്യത
തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരങ്ങളിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം. 80 കി.മി വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നത്. കരകയറുമ്പോൾ 90 കി.മി കാറ്റിന് വേഗമുണ്ടാകും. കര കയറിയ ശേഷവും കാറ്റും മഴയും തുടരും.
മന്ദൂസ് മന്ദഗതിയിലാകും, തീരം തൊടുംമുൻപ് ദുർബലം
ചുഴലിക്കാറ്റായ ശേഷം മന്ദൂസ് മന്ദഗതിയിൽ നീങ്ങുമെന്നാണ് യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ്ങും ഗ്ലോബൽ ഫോർകാസ്റ്റിങ് സിസ്റ്റവും പ്രവചിക്കുന്നത്. അതിനിനാൽ തമിഴ്‌നാട് തീരത്ത് പ്രത്യേക ജാഗ്രത വേണ്ടിവരും. തായ്‌ലന്റ് ഭാഗത്തെ അതിമർദമാണ് തെക്കൻ ആൻഡമാൻ കടലിലെ അതിമർദവുമാണ് ഇതിനു കാരണമാകുക. ജി.എസ്.എഫും ഇ.സി.എം.ഡബ്ല്യു.എഫും പ്രവചിക്കുന്നത് പ്രകാരം മന്ദൂസ് കരകയറും മുൻപ് ദുർബലമാകും. എന്നാൽ മന്ദഗതിയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ദുർബലമാകാനോ ശക്തിപ്പെടാനോ ഉള്ള സാധ്യത നിലനിൽക്കാറുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പും മന്ദൂസ് കരകയറും മുൻപ് ദുർബലമാകുമെന്നാണ് പ്രവചിക്കുന്നത്. തീരത്തോട് ചേർന്ന സമുദ്രോപരിതാപനില കുറയുന്നതാണ് ഐ.എം.ഡിയെ ഈ നിഗമനത്തിലെത്തിക്കുന്നതെന്നാണ് സൂചന. വെള്ളിയാഴ്ചയും അതിതീവ്ര മഴ പുതുച്ചേരി, തമിഴ്‌നാട് തീരം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്.