കേരളത്തിൽ ഇന്നലെയും ഇന്നുമായി ലഭിച്ച മഴ നാളെ മുതൽ കുറഞ്ഞു തുടങ്ങും. വ്യാഴാഴ്ചയോടെ വീണ്ടും മഴ രഹിതമായ കാലാവസ്ഥ തിരികെയെത്താനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറഞ്ഞു.
ചൊവ്വാഴ്ച മുതൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ ഒരാഴ്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാവിലെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴയുണ്ടായി. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ റിപ്പോർട്ട് ചെയ്തത്. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും ഉച്ചയ്ക്ക് ശേഷം പലയിടത്തായി മഴ ലഭിച്ചു. കിഴക്കൻ മേഖലയിൽ ശക്തമായ മഴയും തീരദേശത്ത് ഇടത്തരം മഴയുമാണ് റിപ്പോർട്ട് ചെയ്തത്.
നാളെയും മഴ സാധ്യത
മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ നിലകൊള്ളുന്നതും മഡഗാസ്‌കറിനു സമീപത്തെ ചുഴലിക്കാറ്റുമാണ് കേരളത്തിൽ മഴക്ക് കാരണം. തമിഴ്‌നാടിനും കേരളത്തിനും കുറുകെ സഞ്ചരിക്കുന്ന ഈർപ്പമുള്ള കാറ്റ് മേഘരൂപീകരണത്തിന് ഇടയാക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മഴ നൽകുകയും ചെയ്തു. ഈ സാഹചര്യം നാളെയും തുടരുമെന്നും കേരളത്തിൽ നാളെ (ബുധൻ) യും മഴ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. തുടർന്ന് മഴ പടിഞ്ഞാറേക്ക് അറബിക്കടലിലേക്ക് മാറും. കേരളത്തിൽ വരണ്ട കാലാവസ്ഥയിലേക്കും മാറ്റം വരും.
അടുത്തയാഴ്ച മഴ വീണ്ടും തിരികെയെത്തും
നാളത്തോടെ ദുർബലമാകുന്ന മഴ അടുത്തയാഴ്ചയോടെ വീണ്ടും തിരികെയെത്തുമെന്നാണ് മെറ്റ്ബീറ്റ് നിരീക്ഷിക്കുന്നത്. എം.ജെ.ഒ സാന്നിധ്യം തുടരുന്നതിനാൽ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപംകൊള്ളാനും ഇത് തെക്കൻ തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും മഴ നൽകാനും സാധ്യതയുണ്ടെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. ഈ മാസം 29 നും 31 നും ഇടിലാണ് മഴ സാധ്യത. ശ്രീലങ്കയോട് ചേർന്നാണ് ചക്രവാതച്ചുഴി രൂപം കൊള്ളാൻ സാധ്യതയുള്ളത്. തമിഴ്‌നാട്ടിലും തീരദേശ ആന്ധ്രയിലും ഈ സിസ്റ്റം മഴ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.