യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ: പലയിടങ്ങളിലും മഴ മുന്നറിയിപ്പ്

അഷറഫ് ചേരാപുരം
ദുബൈ: മഴ, കാറ്റ് തുടങ്ങിയവ ഇടക്കിടെ അനുഭവപ്പെട്ട് യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ തുടരുന്നു. ഇന്നു മുതല്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പെത്തി.കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശമല്ലാത്ത മഴ ലഭിച്ചിരുന്നു. ശൈത്യ കാലാവസ്ഥ തുടരുന്നതോടൊപ്പം കാറ്റു വീശുന്നുണ്ട്. അസ്ഥിര കാലാവസ്ഥയില്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം വാഹനങ്ങള്‍ പുറത്തിറക്കിയാല്‍ മതിയെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

അടിയന്തര സാഹചര്യത്തെ നേരിടാന്‍ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സജ്ജരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നും നാളെയും ചില പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷം നിലനില്‍ക്കുമെന്നും മറ്റിടങ്ങളില്‍ വിവിധ തീവ്രതകളില്‍ മഴയും ഇടയ്ക്കിടെ ഇടിയും മിന്നലും ഉണ്ടാകുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറഞ്ഞു.

Leave a Comment