കേരളത്തിൽ മഴ എത്തി, പുതുവത്സര തലേന്ന് മലപ്പുറത്ത് മഴ പെയ്തു, നാളെയും മഴയ്ക്ക് സാധ്യത
കേരളത്തിൽ മഴ എത്തി. മലപ്പുറത്ത് പുതുവത്സര തലേന്ന് കരുവാരകുണ്ട് പുൽവെട്ടയിൽ വൈകീട്ട് അൽപ്പ സമയം മഴ പെയ്തു. വിവിധ ജില്ലകളിൽ മൂടിയ കാലാവസ്ഥയാണ് കുറച്ചു ദിവസങ്ങളായി കാണപ്പെടുന്നത്. ഒപ്പം തണുപ്പും അനുഭവപ്പെടുന്നുണ്ട്.
നേരത്തെ കേരളത്തിൽ പുതുവർഷാഘോഷങ്ങൾക്കിടയിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യത കാണുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്ന പ്രവചനമുണ്ട്.
തെക്കൻ-മധ്യ ജില്ലകളിൽ പൂർണ്ണമായും മഴ ലഭിച്ചേക്കും.
ജനുവരി ഒന്നിന് കേരളത്തിലെ ഒമ്പത് ജില്ലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് നാളെ മഴയ്ക്ക് സാധ്യത.
ഇതോടെ സംസ്ഥാനത്തെ തെക്കൻ-മധ്യ ജില്ലകളിൽ പൂർണ്ണമായും മഴ ലഭിച്ചേക്കും.
ആലോഷങ്ങൾക്ക് തടസ്സമുണ്ടാകില്ല
തുടർന്നുള്ള ദിവസങ്ങളിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രം നേരിയ മഴ തുടരാൻ സാധ്യതയുണ്ട്. ജനുവരി 3ന് എറണാകുളം, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴ പെയ്തേക്കാം. മഴയുടെ തീവ്രത കുറഞ്ഞത് ആയതിനാൽ വലിയ തോതിലുള്ള തടസ്സങ്ങൾ ആഘോഷങ്ങൾക്ക് ഉണ്ടായേക്കില്ല. എങ്കിലും പുതുവർഷാഘോഷങ്ങൾക്കായി പുറത്തിറങ്ങുന്നവർ കുടയോ റെയിൻകോട്ടോ കരുതുന്നത് ഉചിതമായിരിക്കും. ഉത്തര കേരളത്തിലെ ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല.
English summary : Nine districts in Kerala are likely to receive light rain on January 1. Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Idukki, Thrissur and Palakkad districts are likely to receive rain tomorrow.
With this, the southern and central districts of the state are likely to receive full rain.