കൊച്ചി: കുറഞ്ഞ ഊർജത്തിൽ പ്രകാശം വിതറുന്ന എൽ.ഇ.ഡി. ലൈറ്റുകൾ, സൗരോർജ്ജം വൈദ്യുതിയാക്കുന്ന സോളാർ പാനലുകൾ, ടെലിവിഷൻ, കമ്പ്യൂട്ടർ, ലേസർ, എം.ആർ.ഐ., പി.ഇ.ടി. സ്കാനറുകൾ, ജി.പി.എസ്., ഇലക്ട്രോൺ മൈക്രോസ്കോപ്പ്, നാനോടെക്നോളജി, പ്രപഞ്ചഗവേഷണ ഉപകരണങ്ങൾ തുടങ്ങി മനുഷ്യജീവിതത്തെ വിപ്ലവകരമായി മാറ്റിമറിച്ച അനവധി സാങ്കേതിക മുന്നേറ്റങ്ങൾക്ക് പിന്നിലെ ശാസ്ത്രശാഖയായ ക്വാണ്ടം സയൻസ് ഇപ്പോൾ പൊതുജനങ്ങളിലേക്ക് എത്തുന്നു.
ക്വാണ്ടം ശാസ്ത്രത്തെ കുറിച്ചുള്ള പൊതുധാരണകളെ മറികടന്ന്, പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ഗവേഷകരെയും ഉൾപ്പെടുത്തി ഈ ശാസ്ത്രവിഭാഗത്തെ അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് ഈ പ്രദർശനം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റിയും (C-SiS), ശാസ്ത്ര സാഹിത്യ പരിഷത്തും (KSSP) ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വിവിധ സർവകലാശാലകളും, കോളേജുകളും, പ്ലാനറ്റോറിയങ്ങളും, ലൂക്കാ സയൻസ് പോർട്ടലും, ബഹുജനസംഘടനകളും സഹകരിക്കുന്നുണ്ട്.
പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, മത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരുക്കുന്ന ക്യൂറേറ്റഡ് പ്രദർശനത്തിൽ സൂപ്പർ കണ്ടക്റ്റിവിറ്റി, ഫോട്ടോണിക്സ്, നാനോ സയൻസ് തുടങ്ങിയ ക്വാണ്ടം മേഖലകളിലെ പ്രധാന പരീക്ഷണങ്ങളും ഉൾപ്പെടും. ഡോ. സി.വി. രാമൻ നൊബേൽ സമ്മാനം നേടിയ രാമൻ ഇഫക്റ്റ് പരീക്ഷണവും, ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സംഭാവനകളെ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും ഉണ്ടായിരിക്കും. പീരിയോഡിക് ടേബിളിലെ മൂലകങ്ങളെ നേരിട്ട് കാണാനും അനുഭവിക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.
ഹോളോഗ്രാം, സിമുലേഷൻ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്ഷൻ എന്നീ സാങ്കേതികവിദ്യകളിലൂടെ ക്വാണ്ടം പ്രതിഭാസങ്ങളെ ആവിഷ്കരിക്കുന്നതായിരിക്കും പ്രദർശനത്തിന്റെ ഹൈലൈറ്റ്. അക്കാദമിക് ചർച്ചകളിൽ നിന്ന് ജനങ്ങളിലേക്ക് ശാസ്ത്രത്തെ എത്തിക്കുന്നതിൽ പ്രദർശനം മുഖ്യപങ്ക് വഹിക്കും. കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും Exhibition Explainers ആയി പ്രദർശനത്തിന്റെ ഭാഗമാകാനുള്ള അവസരവുമുണ്ടാകും.
പത്ത് ദിവസം നീളുന്ന ആദ്യ പ്രദർശനം നവംബർ 7 മുതൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ (C-SiS) ആരംഭിക്കും. തുടർന്ന് പ്രദർശനം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പ്രദർശനത്തിന്റെ മുന്നോടിയായ കർട്ടൻ റൈസർ പരിപാടി വ്യവസായ വകുപ്പ് മന്ത്രി ബഹു. പി. രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. സർവകലാശാല വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി അദ്ധ്യക്ഷത വഹിച്ചു.