തലബാത്ത് സേവനങ്ങൾക്ക് ഒരാഴ്ചത്തെ വിലക്ക ഏർപ്പെടുത്തി ഖത്തർ

വിപണി മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനും സേവന ദാതാക്കള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് മന്ത്രാലയം

Metbeat News
1 min mins read

ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം (Qatar’s Ministry of Commerce and Industry) ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ തലാബത്ത് സേവനങ്ങള്‍ രാജ്യത്ത് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന രീതികളും ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

 നിരവധി തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2008 ലെ നിയമ നമ്പര്‍ (8) ലെ (7), (11) വകുപ്പുകള്‍ കമ്പനി ലംഘിച്ചതായും  മന്ത്രാലയം അറിയിച്ചു. ആവര്‍ത്തിച്ചുള്ള നിയമ ലംഘനങ്ങളും കമ്പനിക്കെതിരെ ഒന്നിലധികം സാധുതയുള്ള പരാതികളും ലഭിച്ചിട്ടുള്ളതായും വാണിജ്യ മന്ത്രാലയം  അധികൃതർ.

കമ്പനി ഉപഭോക്താക്കളെ വഞ്ചിക്കുകയും നിയമവിരുദ്ധമായി പണം നേടുകയും ചെയ്യുന്നതിന് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ അടങ്ങിയ സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ ഉറപ്പ് നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടതും  ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിപണി മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനും സേവന ദാതാക്കള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഉപഭോക്തൃ അവകാശങ്ങളെ ദോഷകരമായി ബാധിക്കുന്നതോ രാജ്യത്തെ ബിസിനസ്സ് അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രാലയം അവരുടെ പ്രസ്താവനയിൽ പറയുന്നു.

പിന്നാലെ പ്രശ്‌നം പരിഹരിക്കുന്നതിനും സേവനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമായി  അധികാരികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തലബത് ഹോള്‍ഡിംഗ് പിഎല്‍സി അറിയിച്ചു. 

 തലബാത് 2004 ല്‍ കുവൈത്തില്‍ ആണ്  തുടങ്ങിയത്. പിന്നീട് യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ ഭക്ഷണ, പലചരക്ക് വിതരണ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി ഇത് വളരുകയായിരുന്നു.

Metbeat news