പ്രളയം: പഞ്ചാബിലും ഹിമാചലിലും സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി
വടക്കേ ഇന്ത്യയിലുടനീളം നാശം വിതച്ച കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ദുരന്ത നിവാരണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
ഉച്ചയ്ക്ക് 1:30 ഓടെ പ്രധാനമന്ത്രി ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ എത്തി. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ അദ്ദേഹം വ്യോമ നിരീക്ഷണം നട്ത്തി.
ധര്‍മ്മശാലയില്‍ ഉന്നതതല അവലോകന യോഗത്തില്‍ പങ്കെടുത്തു. അവിടെ സംസ്ഥാന ഭരണകൂടത്തിലെയും ദേശീയ ദുരന്ത നിവാരണ സേനയിലെയും (NDRF), സംസ്ഥാന ദുരന്ത നിവാരണ സേനയിലെയും (SDRF), പ്രാദേശിക ആപ്ദ മിത്ര വളണ്ടിയര്‍മാരുള്‍പ്പെടെയുള്ള മറ്റ് രക്ഷാദുരിതാശ്വാസ ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷം, വൈകുന്നേരം 4:15 ഓടെ പ്രധാനമന്ത്രി പഞ്ചാബിലെ ഗുരുദാസ്പൂരിലെത്തി.
'ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക', ഇരു സംസ്ഥാനങ്ങളിലെയും വെള്ളപ്പൊക്കബാധിതരായ ജനങ്ങള്‍ക്ക് 'ആവശ്യമായ എല്ലാ കേന്ദ്ര പിന്തുണയും ഉറപ്പാക്കുക' എന്നിവയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ബി.ജെ.പി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി, പഞ്ചാബ് കാബിനറ്റ് മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) സംസ്ഥാന പ്രസിഡന്റുമായ അമന്‍ അറോറ, കുറഞ്ഞത് 20,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ജി.എസ്.ടി നഷ്ടപരിഹാരമായി 50,000 കോടി രൂപയും ഗ്രാമ, വിപണി വികസന ഫണ്ടുകളില്‍ 8,000 കോടി രൂപയും ഉള്‍പ്പെടെ 60,000 കോടി രൂപ കുടിശ്ശിക ഫണ്ടുകള്‍ ഉടന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിസന്ധി പരിഹരിക്കുന്നതിനും വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഇതിനകം തന്നെ നിരവധി തവണ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് അറോറ പറഞ്ഞു.