യുഎഇയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ

സായാഹ്ന സവാരിക്ക് ഇറങ്ങിയ മലപ്പുറം സ്വദേശിയെയും ഭാര്യയെയും റോഡിനു കുറുകെ കടക്കവെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു

Metbeat News
2 mins mins read

അനുമതിയില്ലാത്ത സ്ഥലത്ത് റോഡിനു കുറുകെ കടന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. 400 ദിർഹമാണ് പിഴ ചുമത്തിയിട്ടുള്ളത്. മുസഫ ഷാബിയയിലെ താമസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കാണ് റോഡ് മുറിച്ചുകടക്കവെ കഴിഞ്ഞ ദിവസങ്ങളിൽ പിഴ നൽകേണ്ടി വന്നത്.  പ്രധാന റോഡുകളിലും ഉൾപ്രദേശത്തെ റോഡുകളിലെല്ലാം പരിശോധന ഊർജിതമാക്കിയ സിഐഡി ഉദ്യോഗസ്ഥർ വ്യക്തികളുടെ എമിറേറ്റ്സ് ഐഡി വാങ്ങി നിയമലംഘനം രേഖപ്പെടുത്തി. ഒരു മാസത്തിനകം പിഴ അടയ്ക്കാത്തവർക്ക് വൈകുന്ന ഓരോ മാസത്തിനും 10 ദിർഹം വീതം അധികം നൽകേണ്ടിവരും.

വീടിനു തൊട്ടുമുന്നിലുള്ള കടയിൽനിന്ന് സാധനം വാങ്ങാനായി ഉൾപ്രദേശത്തെ റോഡിനു കുറുകെ കടന്നവരെയും പിടികൂടി പിഴ ചുമത്തിയിട്ടുണ്ട്. ഷാബിയ 10ലെ ഒരു കെട്ടിടത്തിലെ വാച്ച്മാന് 6 മാസത്തിനകം 6 തവണ പിഴ ലഭിച്ചിട്ടുണ്ട്. സ്കൂൾ ബസിലെത്തിയ കുട്ടിയെ കൂട്ടാനായി  റോഡ് മുറിച്ചുകടന്നപ്പോഴാണ് ഏറ്റവും ഒടുവിൽ പിഴ ഈടാക്കിയത്. കുട്ടിക്ക് എമിറേറ്റ്സ് ഐഡി ഇല്ലായിരുന്നു. അതിനാൽ വാച്ച്മാന്റെ എമിറേറ്റ്സ് ഐഡിയിൽ 2 പിഴ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തുള്ള മറ്റൊരു മലയാളിക്ക് 3 വർഷത്തിനിടെ 3 തവണ പിഴ ലഭിച്ചിട്ടുണ്ട്.

 സായാഹ്ന സവാരിക്ക് ഇറങ്ങിയ മലപ്പുറം സ്വദേശിയെയും ഭാര്യയെയും റോഡിനു കുറുകെ കടക്കവെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ആവശ്യപ്പെട്ടതനുസരിച്ച് എമിറേറ്റ്സ് ഐഡി കാണിച്ചു. എന്നാൽ പിഴയെക്കുറിച്ച് സന്ദേശമൊന്നും വരാത്തതിനാൽ മുന്നറിയിപ്പ് നൽകിയതാകാമെന്നാണ് ഇവർ കരുതിയിരുന്നത്. ഒന്നര വർഷത്തിനുശേഷം എമിറേറ്റ്സ് ഐഡി പുതുക്കാനായി അപേക്ഷിച്ചപ്പോഴാണ് 2 പേരുടെ 800 ദിർഹം (400 ദിർഹം വീതം) പിഴയും 320 ദിർഹം ഫൈനും ചേർത്ത് 1120 ദിർഹം അടയ്ക്കേണ്ടിവന്നതെന്ന് അവർ പറഞ്ഞു. പിഴ ലഭിച്ചാൽ ഉടൻ അടയ്ക്കുന്നതാണ് ഉചിതമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ യുവാവ് പറയുന്നു.

തൊട്ടുമുന്നിലുള്ള കടയിൽ പോകാൻ കിലോമീറ്റർ അകലെയുള്ള സീബ്രാ ക്രോസിലൂടെ വന്നാലും പ്രസ്തുത കെട്ടിടത്തിനു ചുറ്റും സീബ്രാ ക്രോസ് ഇല്ലെന്നിരിക്കെ എങ്ങനെ പോകുമെന്ന് പിഴ ലഭിച്ചവർ ചോദിക്കുന്നുണ്ട്. രാജ്യത്തിന്റെ നിയമം പാലിക്കാൻ തയാറാണ്, സ്വതന്ത്ര സഞ്ചാരത്തിന് മതിയായ സീബ്രാ ക്രോസ് ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാത്ത വാഹന ഡ്രൈവർമാർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നു. ഇത്തരക്കാരെ പിടികൂടാൻ സീബ്രാ ക്രോസിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ ആണ് നിയമലംഘനം രേഖപ്പെടുത്തുക. കാൽനട യാത്രക്കാർക്കിടയിൽ അപകടം വർധിച്ച പശ്ചാത്തലത്തിലാണ് അധികൃതർ നിയമം കർശനമാക്കി തുടങ്ങിയത്.

Metbeat news